കാനഡ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ഡൽഹിയിലെ കനേഡിയൻ മിഷനിലെ ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയും ഇന്ത്യ വെളിപ്പെടുത്തി.
കാനഡ തീവ്രവാദികൾ, സംഘടിത കുറ്റകൃത്യക്കാർ എന്നിവരുടെ സുരക്ഷിത താവളമെന്ന നിലയിൽ വളർന്നുവരുന്നതിനാൽ ആ രാജ്യമാണ് സത്പേരിന്മേലുള്ള നാശത്തെ കുറിച്ച് ആശങ്കപ്പെടേണ്ടത്”– എംഇഎ വക്താവ് അരിന്ദം ബാഗ്ചി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു . വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ടാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
‘‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണിത്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു
കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരോടും കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്ന് കാനഡ അതിനെതിരെ പ്രതികരിച്ചിരുന്നു. കാനഡ ഏറ്റവും സുരക്ഷിതമാണെന്നും ഇന്ത്യയുടെ നിര്‍ദ്ദേശം ശരിയല്ലെന്നുമായിരുന്നു കാനഡയുടെ പ്രതികരണം. തുടര്‍ന്നാണ് കൂടുതല്‍ രൂക്ഷമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.