പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സമര്‍ഥനായ സ്ഥാനാര്‍ഥിയെ തേടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇന്നലെ പ്രചരിച്ച ഒരു പേര് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസുകാരനും ജില്ലാ പഞ്ചായത്ത് അംഗവും പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ നിബു ജോണിന്റെതായിരുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ ഇടതുമുന്നണി പക്ഷേ കോണ്‍ഗ്രസില്‍ നിന്നും ആളെ തേടിയത് വലിയ പരിഹാസത്തിനാണ് പുതുപ്പള്ളിയില്‍ ഇടയാക്കിയിരിക്കുന്നത്.

നിബു ജോണ്‍ ഇടതു സ്ഥനാര്‍ഥിയായാല്‍ ചാണ്ടി ഉമ്മന് വോട്ട് കുറച്ചു കൂടി കൂടുമെന്ന പരിഹാസമാണ് പുതുപ്പള്ളിയിലെ പല ഇടത് അനുഭാവികളും ഉയര്‍ത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ വീക്ഷണമില്ലായ്മയും വികലസങ്കല്‍പങ്ങളുമാണ് നേതൃത്വത്തെ ഇത്തരം ഒരു ആലോചനയുണ്ടെങ്കിലതിന് പ്രേരിപ്പിച്ചതെന്നും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയുടെ പൈതൃകമുള്ളകോണ്‍ഗ്രസുകാരെ തന്നെ തള്ളിക്കളയാനുള്ള രാഷ്ട്രീയ പോരാട്ടം നടത്തുമെന്ന് പറയുന്ന ഇടതുപക്ഷം ഉമ്മന്‍ചാണ്ടിയുടെ കൂട്ടുനടത്തക്കാരനെ തന്നെ സ്ഥാനാര്‍ഥിയാക്കി എന്തു രാഷ്ട്രീയമാണ് പറയാന്‍ പോകുന്നതെന്ന് പലരും ചോദിച്ചു.
കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ഥി വന്നതില്‍ നീരസമുള്ള കോണ്‍ഗ്രസുകാരെ തേടിയപ്പോഴാണ് ഇടതുമുന്നണിക്ക് ചാണ്ടി ഉമ്മനോട് പരസ്യമായി ചേര്‍ന്നു നില്‍ക്കുന്നില്ലെന്നു തോന്നിപ്പിച്ച നിബുവന്റെ പേര് കിട്ടിയതെന്നു പറയുന്നു. എന്നാല്‍ നിബു എതിര്‍ സ്ഥാനാര്‍ഥിയായാല്‍ അത് കോണ്‍ഗ്രസിനെ കൂടുതല്‍ വൈകാരികമായി ഒരുമിപ്പിക്കുകയാണ് ചെയ്യുകയെന്നും മണ്ഡലത്തിലെ ഇടതു വോട്ടുകള്‍ പോലും നിബുവിന് പോകാതെ എതിര്‍പ്പു വോട്ടുകളായി ചാണ്ടി ഉമ്മന് പോകാനാണിടയെന്നും പല ഇടതനുഭാവികളും പറയുന്നു. ആദര്‍ശവും ശേഷിയുമുള്ള ഇടതു രാഷ്ട്രീയക്കാരനെ പരീക്ഷിച്ച് ശരിയായ രാഷ്ട്രീയ പോരാട്ടത്തിനാണ് പുതുപ്പള്ളിയില്‍ തയ്യാറാവേണ്ടതെന്നും അവര്‍ പറയുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം കുറഞ്ഞതിനു കാരണം സഭാതര്‍ക്കത്തില്‍ അദ്ദേഹം ഓര്‍ത്തഡോക്‌സ് പക്ഷത്തിനായി വാദിക്കാതിരുന്നതിന്റെ നീരസത്താല്‍ എതിര്‍ വോട്ടുകള്‍ വന്നതാണെന്നും മണര്‍കാട് പോലുള്ളിടത്ത് യാക്കോബായ വിഭാഗത്തിന്റെ വോട്ട് സ്വാഭാവികമായും ഇടതുപക്ഷത്തിന് കിട്ടിയതു കൊണ്ടാണെന്നും അഭിപ്രായമുണ്ട്. ഇത്തവണ ചാണ്ടി ഉമ്മന് അനുകൂലമായി തീര്‍ത്തും വൈകാരികമായ മേല്‍ക്കൈ ഉണ്ട്. അത് തടയാന്‍ സാധിക്കുക കൃത്യമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഇടതുപക്ഷത്തിന്റെ ഒരു താരത്തെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം തന്നെയായിരിക്കും എന്ന വിലയിരുത്തലാണ് പൊതുവെ മണ്ഡലത്തിലെ പല ഇടതു വോട്ടര്‍മാര്‍ക്കും ഉള്ളത്. തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കാത്തതും കയ്‌പേറിയ പരാജയം രുചിച്ചതുമായ സമവാക്യം എന്തിനാണ് വീണ്ടും പുതുപ്പള്ളിയില്‍ കൊണ്ടു വരുന്നത് എന്ന ചോദ്യവും ഉയരുന്നു. നേതൃത്വത്തിന്റെ യുക്തിപരമായ വീക്ഷണമില്ലായ്മയാണിതെന്ന് വിമര്‍ശിക്കപ്പെടുന്നു.
അതേസമയം നിബുവനെ സ്ഥാനാര്‍ഥിയാക്കുമെന്നത് പ്രചാരണം മാത്രമെന്നും അത്തരം ആലോചനയില്ലെന്നുമുള്ളതാണ് ഇടതു കേന്ദ്രങ്ങളുടെ നിലപാട്. താന്‍ വിമതനായി മല്‍സരിക്കാനില്ലെന്ന് നിബു ജോണും പ്രതികരിച്ചിട്ടുണ്ട്. നിബു വിമതസ്വരമായി പുതുപ്പള്ളിയില്‍ മാറാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തിറങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതില്‍ കല്ലുകടി ഇല്ലാതെ ഒരുമിച്ചു നീങ്ങണമെന്ന താല്‍പര്യത്തിലാണ് എല്ലാ ഗ്രൂപ്പുകളും.