Categories
kerala

വിശ്വാസമല്ല വലുത് ശാസ്ത്രം തന്നെയാണ്…ലോകം മുന്നോട്ടു പോകുന്നത് അതു കൊണ്ടാണ്, സ്യൂഡോ സയന്‍സിനെ ആര്‍.എസ്.എസ്.നേതാവ് തള്ളിപ്പറയുന്നത് നോക്കുക

ആര്‍.എസ്.എസ് ഉന്നത നേതാവായ ആര്‍.ഹരിയുടെ ഒരു പ്രസംഗം ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി വരികയാണ്….പുരാണേതിഹാസങ്ങളിലെ പുരാവൃത്തഭാവനകളെ സയന്‍സ് എന്ന് സ്ഥാപിക്കുന്ന സ്യൂഡോ സയന്‍സിനെതിരെയാണ് ആര്‍.ഹരി നിലപാടെടുത്തിരിക്കുന്നത്. പുഷ്പക വിമാനത്തിന്‍രെ കാര്യത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജശാസ്ത്രീയത ഹരി ഉദാഹരണസഹിതം എടുത്തു പറയുന്നുമുണ്ട്.

Spread the love

വിശ്വാസമാണ് ശാസ്ത്രമല്ല വലുത് എന്ന എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന പരിഷ്‌കൃത ലോകത്തിന്റെ വിശ്വാസങ്ങള്‍ക്കെതിര്. സുകുമാരന്‍ നായര്‍ ഉള്ളില്‍ ഇസ്ലാം വിരോധം സൂക്ഷിച്ചു കൊണ്ട് ഹിന്ദുവര്‍ഗീയതയുടെ തോഴനാവാനുള്ള ശ്രമമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

ആര്‍.എസ്.എസ് ഉന്നത നേതാവായ ആര്‍.ഹരിയുടെ ഒരു പ്രസംഗം ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി വരികയാണ്. ആ വീഡിയോയില്‍ ആര്‍.ഹരി നടത്തുന്ന ഒരു പ്രസംഗമാണുള്ളത്. പുരാണേതിഹാസങ്ങളിലെ പുരാവൃത്തഭാവനകളെ സയന്‍സ് എന്ന് സ്ഥാപിക്കുന്ന സ്യൂഡോ സയന്‍സിനെതിരെയാണ് ആര്‍.ഹരി നിലപാടെടുത്തിരിക്കുന്നത്. പുഷ്പക വിമാനത്തിന്‍രെ കാര്യത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജശാസ്ത്രീയത ഹരി ഉദാഹരണസഹിതം എടുത്തു പറയുന്നുമുണ്ട്.

thepoliticaleditor


വീഡിയോയില്‍ ഹരി പറയുന്നത് ഇങ്ങനെ: ‘ഭാരതം പഴയ രാഷ്ട്രമാണ്, പുരോഗമിച്ച രാഷ്ട്രമാണ് എന്നൊക്കെ പറയുമ്പോള്‍ സ്യൂഡോ സയന്‍സിന്റെ അടിസ്ഥാനത്തില്‍ ചില വാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ഞാന്‍ ആ കൂട്ടത്തില്‍ പെട്ട ആളല്ല. ഉദാഹരണത്തിന്, വാല്‍മീകി രാമായണത്തില്‍ പുഷ്പക വിമാനമുണ്ട്, അതുകൊണ്ട് ഏറോനോട്ടിക്‌സും ഏവിയേഷനും ആ കാലത്ത് ഭാരതത്തിലുണ്ട് എന്ന് നമുക്ക് പറയാന്‍ സാധ്യമല്ല. സയന്‍സ് എന്നു പറയുമ്പോള്‍ ഒരു ദിക്കില് പരീക്ഷിച്ച് വിജയിച്ച കാര്യം അതേ കണ്ടീഷന്‍സ് വെച്ച് വേറൊരാള്‍ക്കും ചെയ്യാന്‍ സാധിക്കണം. മൊളോപ്പോളി ഇല്ല അതിന്. റിപ്പറ്റീഷന്‍ സാധിക്കണം. റിപ്പറ്റീഷന്‍ കൊണ്ട് ഇംപ്രൂവ് ചെയ്തിട്ട് മുന്നോട്ടു പോകാന്‍ സാധിക്കണം. ഒരിടത്ത് കിട്ടിയത് എല്ലായിടത്തും കിട്ടാന്‍ സാധിക്കണം. സയന്‍സിന്റെ സ്വഭാവമാണത്. ആ സ്വഭാവം യഥാര്‍ഥത്തില്‍ പുഷ്പക വിമാനത്തിന് കാണുന്നില്ല. അയോധ്യ മുതല്‍ ലങ്ക വരെയുള്ള വാസ്റ്റ് ലാന്‍ഡില് ആ റിപ്പിറ്റീഷന്‍ കാണുന്നില്ല. പക്ഷേ അതിന്റെ പറക്കാനുള്ള ഗുണം എന്നുള്ളത് എടുത്തിട്ട് ഇന്ന് പറക്കാനുള്ള എക്‌സ് പിരിമെന്റ് നടത്തി വിജയിച്ചിട്ട് നോക്കുമ്പോ എന്നാ ഇത് അന്ന് എന്റെ കയ്യിലുണ്ടായിരുന്നു എന്ന് പറയുന്നതില് സ്യൂഡോ സയന്‍സാണ്.’
കേരളത്തിന്റെ മതേതരമായ, ശാസ്ത്രപുരോഗതിയിലധിഷ്ഠിതമായ സമൂഹമനസ്സുകളെ വര്‍ഗീയത കൊണ്ട് വിഭജിക്കാനുള്ള സ്യൂഡോ സയന്‍സ് ആണ് ഗണപതിയെ അപമാനിച്ചുവെന്നു വ്യാഖ്യാനിച്ച് എന്‍.എസ്.എസ്. നേതാവും കോണ്‍ഗ്രസ് നേതാക്കളും ചെയ്യുന്നത്. ഇതില്‍ വലിയ രാഷ്ട്രീയനേട്ടാണ് ഇരു വിഭാഗക്കാരും കാണുന്നത്.

പൗരസ്ത്യപുരാണേതിഹാസങ്ങളില്‍ പ്രത്യേകിച്ച് ഗ്രീക്ക് പുരാണത്തിലും ഇന്ത്യന്‍ പുരാണത്തിലും വിചിത്ര രൂപമുളള എത്രയോ ദേവീ ദേവതകളും അമാനുഷ കഥാപാത്രങ്ങളും ഉണ്ട്. ഇതിനെയെല്ലാം അന്നത്തെ മെഡിക്കല്‍ സയന്‍സിന്റെ നേട്ടമായി കണക്കാക്കാനാവില്ല എന്നത് പകല്‍ പോലെ വസ്തുതയാണ്. നിയമസഭാ സ്പീക്കര്‍ ഷംസീര്‍ ഒരു വിദ്യാലയത്തിലെ കുട്ടികൾക്ക് മുന്നിൽ, തന്റെ പ്രസംഗത്തില്‍ ഗണപതിയുടെ ദൈവീകമായ സിദ്ധികളെ ഒരു തരത്തിലും ചോദ്യം ചെയ്തിട്ടില്ല. വിദ്യാഭ്യാസത്തിൽ അറിവുകൾ തികച്ചും ശാസ്ത്രീയമായിരിക്കണം എന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞത്. ഗണപതിയുടെ രൂപത്തിലുളള സവിശേഷത പ്ലാസ്റ്റിക് സര്‍ജറി എന്ന ശാസ്ത്ര ശാഖ ഈ പുരാണകാലത്ത് നിലവിലിരുന്നു എന്ന് വാദിക്കാന്‍ കാരണമല്ല എന്ന വസ്തുത വിശദീകരിക്കയാണ് ഷംസീര്‍ ചെയ്തത്. മിത്ത് അഥവാ പുരാവൃത്തത്തെ പുരാവൃത്തമായി മാത്രം കാണണം എന്ന തീര്‍ത്തും ശരിയായ ശാസ്ത്രീയ അഭിപ്രായം പറയുക മാത്രമാണ് ഉണ്ടായത്. അത് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വ്യക്തമാണ്. എന്നാല്‍ സുകുമാരന്‍ നായര്‍ സ്യൂഡോ ഹിന്ദുത്വ വാദിയായി ഗണപതിയെ അപമാനിച്ചു എന്ന വാദം കൊണ്ടുവരികയാണ് ചെയ്തത്.

ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ സംഘപരിവാര്‍ എക്കാലവും സ്വീകരിക്കാറുള്ള രീതിയാണിത്. ഇല്ലാത്തത് ഉണ്ടായി, ഹിന്ദു ദൈവത്തെ അപമാനിച്ചു, ഹിന്ദു സ്ത്രീയെ അപമാനിച്ചു, ഹിന്ദുക്കളെ വഴിയില്‍ തടഞ്ഞു വെച്ച് അപമാനിച്ചു തുടങ്ങിയ വാര്‍ത്തകള്‍ നിര്‍മ്മിച്ചു വിട്ട് അതിനു തൊട്ടു പിറകെ ന്യൂനപക്ഷ മേഖലകളിലേക്കിറങ്ങി അക്രമം കാണിക്കുകയും അതിനു ശേഷം ഉണ്ടാകുന്ന തിരിച്ചടിയെ ലഹളയാക്കി ചിത്രീകരിച്ച് നേട്ടമുണ്ടാക്കുകയും ചെയ്യുകയാണ് പതിവ്.
എന്നാല്‍ കേരളത്തില്‍ ഇത്തരം അടവുകള്‍ സമൂഹം പൊതുവേ വിശ്വസിച്ച് ലക്കും ലഗാനുമില്ലാതെ ഇറങ്ങിപ്പുറപ്പെടാറില്ല.

കുറേക്കാലമായി സുകുമാരന്‍നായര്‍ കേരള രാഷ്ട്രീയ മണ്ഡലത്തില്‍ അപ്രസക്തനായി കഴിയുകയാണ്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ വാര്‍ത്താപുരുഷനായി ജീവിച്ചില്ലെങ്കില്‍ ഉറക്കം വരില്ല. ഇപ്പോള്‍ വീണുകിട്ടിയ ഒരു പ്രസംഗം എടുത്ത് സുകുമാരന്‍ നായര്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ അത് എന്‍.എസ്.എസിലെ യുക്തിബോധവും വിവേകവുമുള്ള സമുദായാംഗങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യമല്ലെന്ന് എല്ലാവരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ സംഘടനാ താല്‍പര്യം കരുതി ആരും വിവാദം ഉണ്ടാക്കുന്നില്ല എന്നേയുള്ളൂ.

എന്നാല്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പറയുന്ന അതേ സ്വരത്തില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പറയുമ്പോള്‍ അതില്‍ അടങ്ങിയ രാഷ്ട്രീയം എവിടെ സംഗമിക്കുന്നു എന്നത് എല്ലാവരും തിരിച്ചറിയുന്നുണ്ട്.
ഭൂമി പരന്നതാണെന്ന് മത വിശ്വാസത്തിന്റെ വ്യാഖ്യാനത്തില്‍ ഒരു കാലത്ത് ലോകം നിര്‍ബന്ധപൂര്‍വ്വം വിശ്വസിച്ചു നിന്നപ്പോള്‍ അല്ല, ഭൂമി ഉരുണ്ടതാണ് എന്ന ശാശ്വതമായ സത്യം വിളിച്ചു പറഞ്ഞ മഹാനെ കൊന്നു കളഞ്ഞ മാതിരിയുള്ള ഇരുണ്ട ലോകം ഇനി വരാതിരിക്കാന്‍ ഇത്തരം സ്യൂഡോ സുകുമാരന്‍മാരെ ഈ നാട്ടിലെ സാധാരണ മനുഷ്യര്‍ പരസ്യമായി പുച്ഛിച്ച് പുള്ളി കുത്തി നടത്തിക്കേണ്ട കാലം ഇതാണ്…

Spread the love
English Summary: ITS NOT RELIGIOUS FAITH SCIENCE IS REAL SCIENTIFIC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick