സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്താനുള്ള ബീഹാർ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച അഞ്ച് പൊതുതാൽപര്യ ഹർജികളും പട്‌ന ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.
ജാതി സെൻസസ് പുനരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാരിന് വലിയ വിജയമാണ് ഈ ഉത്തരവ്. മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്കും ഈ ഉത്തരവ് ആഹ്ളാദിക്കാൻ വക നൽകുന്നു.
നരേന്ദ്രമോദിയുടെ കേന്ദ്രഭരണത്തിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷം ഉയര്‍ത്തുന്ന വലിയ ആവശ്യമാണ് രാജ്യത്ത് ജാതി സെന്‍സസ് നടത്തണം എന്നത്. ജാതി സെന്‍സസ് നടത്തിയാല്‍ ഇപ്പോള്‍ ഉയര്‍ന്ന വര്‍ഗം അനുഭവിച്ചുവരുന്ന പല സൗകര്യങ്ങളും ജനസംഖ്യാനുപാതികമായി താഴ്ന്ന വിഭാഗങ്ങള്‍ക്ക് ലഭ്യമാകും എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുന്നതിനു കാരണമെന്നും ആര്‍.എസ്.എസ്. ജാതി സെന്‍സസിന് എതിരാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സർവേയുടെ വിവിധ വശങ്ങളെ ചോദ്യം ചെയ്യുന്ന അഞ്ച് പൊതുതാൽപര്യ ഹർജികൾ കേട്ട ശേഷം, എല്ലാ ഹർജികളും തള്ളിയതായി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് പാർത്ഥ സാർത്തിയും അടങ്ങുന്ന ബെഞ്ച് തുറന്ന കോടതിയിൽ അറിയിച്ചു.