Categories
latest news

370-ാം വകുപ്പ് എടുത്തു മാറ്റിയ ശേഷം നാല് വര്‍ഷം, കാശ്മീരില്‍ ഭീകരവാദം കുറഞ്ഞുവോ …ജനം സുരക്ഷിതരാണോ ?

370-ാം വകുപ്പ് എടുത്തു മാറ്റിയ ശേഷം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാശ്മീരില്‍ ഭീകരവാദം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തയ്യാറാക്കുമ്പോഴും നാളിതു വരെ അഭിമുഖീകരിക്കാത്ത പുതിയ സുരക്ഷാഭീഷണിയുടെ നിഴലിലാണ് ഈ ഹിമാലയന്‍ താഴ് വാരം. കല്ലേറ് പോലുള്ള തീവ്രത കുറഞ്ഞ അക്രമങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹിന്ദുക്കളെയും ഇതര സമുദായക്കാരെയും അന്യസംസ്ഥാന തൊഴിലാളികളെയും ഭീകരവാദികള്‍ ലക്ഷ്യമിടുകയും വധിക്കുകയും ചെയ്യാന്‍ ആരംഭിച്ചത് സുരക്ഷാസേനയുടെ വലിയ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. 2019 ആഗസ്റ്റ് അഞ്ച് മുതല്‍ കാശ്മീരില്‍ കൊല്ലപ്പെട്ട എല്ലാ സിവിലിയന്‍ പൗരന്‍മാരുടെയും കണക്കെടുത്താല്‍ അതില്‍ അമ്പത് ശതമാനത്തിലധികം പേരും കഴിഞ്ഞ എട്ട് മാസത്തിനിടെയാണ് കൊല്ലപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നു. ഇത് താഴ് വരയിലെ ഇന്നത്തെ സങ്കീര്‍ണമായ സാഹചര്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

താഴ്‌വരയിലെ സാധാരണക്കാരുടെ പ്രത്യേകിച്ച് കശ്മീരി ഹിന്ദുക്കളുടെയും കശ്മീരി ഇതര വിഭാഗക്കാരുടെയും കൊലപാതകങ്ങളുടെ പരമ്പര സുരക്ഷാ പദ്ധതികളുടെ ദുർബലത തുറന്നുകാട്ടുന്നു. വർഷങ്ങളായി കേട്ടിട്ടില്ലാത്ത, ജമ്മുവിലെ ഹിന്ദു സിവിലിയന്മാരെ കൊലപ്പെടുത്തുന്ന സംഭവത്തോടെയാണ് 2022 വർഷം ആരംഭിച്ചത്. ജമ്മുവില്‍ തീവ്രവാദഭീഷണി വര്‍ധിച്ചുവെന്നു മാത്രമല്ല, തുടര്‍ച്ചയായ നുഴഞ്ഞുകയറ്റവും ഉണ്ടായി. ഒരു ഡസന്‍ സുരക്ഷാഭടന്‍മാര്‍ ഇവിടെ ഏറ്റുമുട്ടലില്‍ വെടിയേറ്റ് വീരമൃത്യു വരിച്ചു. എന്നാല്‍ അക്രമകാരികള്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുമില്ല.

thepoliticaleditor

കാശ്മീരില്‍ എന്നത്തേക്കാളും സുരക്ഷാസേനയുടെ അംഗസംഖ്യ വലിയ തോതില്‍ വര്‍ധിപ്പിച്ച കാലമാണിത്. അതു കൊണ്ടുതന്നെ തോക്കിന്‍മുനയിലാണ് തെരുവുകളിലെ ജീവിതം എന്ന് പറയാം. തെരുവിലെ ചെറിയ അതിക്രമങ്ങള്‍ കുറഞ്ഞത് ചൂണ്ടിക്കാണിച്ചാണ് തീവ്രവാദം കുറഞ്ഞു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ആഭ്യന്തര മന്ത്രാലയത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം 2021 ജനുവരി-ജൂലൈ കാലയളവിൽ താഴ്‌വരയിൽ 76 കല്ലേറുണ്ടായി. 2020 ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 222-ഉം 2019 -ൽ 618ഉം കല്ലേറ് സംഭവങ്ങൾ ആയിരുന്നു. കല്ലേറ് സംഭവങ്ങളിൽ സുരക്ഷാ സേനയ്ക്കുള്ള പരിക്കുകൾ 2019-ൽ റിപ്പോർട്ട് ചെയ്ത 64-ൽ നിന്ന് 2021-ൽ 10 ആയി കുറഞ്ഞു. കല്ലേറ് അക്രമങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണിത് കാണിക്കുന്നത്. എന്നാൽ ഇത് സുരക്ഷാസേനയുടെ അത്യധികമായ സാന്നിധ്യം കൊണ്ട് ആണെന്നത് പരിഗണിക്കേണ്ട പശ്ചാത്തലം ആണ്.

2019 ജനുവരി-ജൂലൈ കാലയളവിൽ പെല്ലറ്റ് തോക്കുകളും ബാറ്റണും ഉപയോഗിച്ചത് കാരണം 339 സാധാരണക്കാർക്ക് പരിക്കേറ്റു. 2021 ലെ അനുബന്ധ കാലയളവിൽ ഈ എണ്ണം 25 ആയി കുറഞ്ഞു. കണക്കുകൾ പ്രകാരം 2022ൽ 20 ക്രമസമാധാന പ്രശ്‌നങ്ങൾ മാത്രമാണ് ജമ്മുകശ്മീരിൽ ഉണ്ടായത്.

തീവ്രവാദ ഗ്രൂപ്പുകളുടെ അറസ്റ്റുകൾ 2019 ൽ ജനുവരി-ജൂലൈ കാലത്ത് 82 ആയിരുന്നത് 2021 ലെ അതേ കാലയളവിൽ 178 ആയി വർദ്ധിച്ചു. 2019 ഓഗസ്റ്റ് 5 നും 2022 ജൂൺ 6 നും ഇടയിൽ ഉള്ള കണക്കു പ്രകാരം 2019 -നു മുമ്പുള്ള 10 മാസത്തെ അപേക്ഷിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ 32 ശതമാനം കുറവുണ്ടായതായി സർക്കാർ ഡാറ്റ കാണിക്കുന്നു. സുരക്ഷാ സേനയുടെ മരണം 52 ശതമാനം കുറഞ്ഞു, പൗരന്മാരുടെ മരണം 14ശതമാനം കുറഞ്ഞു . തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിൽ 14 ശതമാനം കുറവ് രേഖപ്പെടുത്തി.

Spread the love
English Summary: four years of abbrogation of article 370 in kashmir, is security issues solved or reduced?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick