Categories
latest news

രാഹുല്‍ ഗാന്ധി ബിജെപി വനിതാ അംഗങ്ങള്‍ക്ക് പറക്കും ചുംബനം നല്‍കിയോ…ആരോപണവും വാസ്തവവും

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയത്ത് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു കഴിഞ്ഞ ശേഷം അദ്ദേഹം തങ്ങള്‍ക്കു നേരെ ഫ്‌ലൈയിങ് കിസ്സ് ( പറക്കും ചുംബനം) നല്‍കിയെന്ന് ലോക്‌സഭയില്‍ ബിജെപി വനിതാ എം.പി.മാര്‍ ആരോപണം ഉയര്‍ത്തുകയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചയാകെ മറ്റൊരു ചര്‍ച്ചയാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

മണിപ്പൂര്‍ വിഷയത്തില്‍ രാഹുല്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ഉയര്‍ത്തിയ രൂക്ഷമായ വിമര്‍ശനത്തെ വഴിതിരിച്ചു വിടാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമായി ഇത് മാറിയെന്ന് സംശയിക്കപ്പെടുന്നു.

thepoliticaleditor

സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ വനിതകളോട് ഇങ്ങനെ മോശമായി പെരുമാറാനാവൂ എന്ന ആഖ്യാനം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. ഇത് ആസൂത്രിതമായി ചെയ്തതാണെന്നും മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തി ബലാല്‍സംഗം ചെയ്തത് പുറത്തുവന്നപ്പോള്‍ രാജ്യത്തെ വനിതാക്ഷേമമന്ത്രിയായ സ്മൃതി ഇറാനി മിണ്ടാതിരുന്നത് മറച്ചു വെക്കാനാണ് അവര്‍ ഇപ്പോള്‍ രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.

സൻസദ് ടിവിയിൽ നിന്നുള്ള വീഡിയോകൾ വ്യക്തമല്ലെങ്കിലും വിഷയം പരിശോധിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിച്ചു.

പ്രസംഗം കഴിഞ്ഞ് പുറത്തു പോകുമ്പോള്‍ ബി.ജെ.പി. എം.പിമാര്‍ അദ്ദേഹത്തെ നോക്കി കളിയാക്കി ചിരിച്ചെന്നും അപ്പോള്‍ അദ്ദേഹം അവരെ നോക്കി പറക്കും ചുംബന ആംഗ്യം നല്‍കിയെന്നുമാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ വനിതാ അംഗങ്ങളെ നോക്കിയാണ് ചെയ്തത് എന്നാക്കി മാറ്റിയാണ് ബിജെപി മന്ത്രി സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. സ്പീക്കര്‍ക്ക് എല്ലാ വനിതാ എം.പി.മാരും ഒപ്പിട്ട പരാതി നല്‍കിയിരിക്കുന്നത് ശോഭ കരന്തലജെ എം.പി.യാണ്.

“പാർലമെന്റിനുള്ളിൽ രാഹുൽ ഗാന്ധി വനിതാ അംഗങ്ങളോട് മോശമായി പെരുമാറി. തന്റെ പ്രസംഗത്തിന് ശേഷം സ്മൃതി ഇറാനി ജി സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം പുറത്തേക്ക് പോകാൻ ആഗ്രഹിച്ചു. ഞങ്ങൾ ബി.ജെ.പി അംഗങ്ങൾ അദ്ദേഹത്തോട് ഇരുന്നു കേൾക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി സ്മൃതി ജിക്കും എല്ലാ വനിതാ അംഗങ്ങൾക്കും ഒരു പറക്കും ചുംബനം നൽകി ഇറങ്ങിപ്പോയി. ഒരു അംഗത്തിന്റെ തികച്ചും അസ്വീകാര്യവും അനുചിതവും അസഭ്യവുമായ പെരുമാറ്റമാണിത്. പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മുതിർന്നവർ പറയുന്നു”– ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ പറഞ്ഞു.

സ്പീക്കർ ഓം ബിർളയ്ക്ക് നൽകിയ പരാതിയിൽ കരന്തലജെ, കേന്ദ്രമന്ത്രി ദർശന ജർദോഷ് എന്നിവരുൾപ്പെടെ 20 ലധികം വനിതാ പാർലമെന്റംഗങ്ങൾ ഒപ്പുവച്ചു.

സഭയിലെ വനിതാ അംഗങ്ങളുടെ അന്തസ്സിനെ അപമാനിക്കുക മാത്രമല്ല, ഈ സഭയുടെ മാനം കെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ ഇത്തരം പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”– വനിതാ എംപിമാർ നൽകിയ പരാതിയിൽ ഇങ്ങനെ പറഞ്ഞു .

രാഹുലിന് ശേഷം ഉടനെ സംസാരിച്ച സ്‌മൃതി ഇറാനി തന്റെ പ്രസംഗത്തിൽ രാഹുലിന്റെ “മോശമായ ആംഗ്യം” എടുത്തിട്ടു . പാർലമെന്റിൽ മുമ്പൊരിക്കലും സ്ത്രീവിരുദ്ധമായ പെരുമാറ്റം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ ജനിച്ച കുടുംബത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ കോൺഗ്രസ് വനിതാ എംപിമാർ ഗാന്ധിയെ പ്രതിരോധിക്കുകയും വനിതാ ശിശു വികസന മന്ത്രിയായിരുന്നിട്ടും മണിപ്പൂർ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ വിഷയത്തിൽ സ്‌മൃതി ഇറാനിയുടെ മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ തിരിക്കാനായി വിഷയങ്ങൾ വളച്ചൊടിക്കുന്ന ശീലമാണ് ബിജെപിക്കുള്ളതെന്ന് കോൺഗ്രസ് എംപി ഗീത കോഡ പറഞ്ഞു. രാഹുലിന് ഒരിക്കലും സ്ത്രീകളെ അപമാനിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

പാർലമെന്റിൽ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. പാർലമെന്റിൽ രാഹുലിനെതിരെ പരാതി നൽകിയതിനു പിന്നാലെ സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഹേമമാലിനി ഇത് പറഞ്ഞത്. എന്നാൽ അവർ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട് എന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കി.

Spread the love
English Summary: facts behind flying kiss allegation against rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick