Categories
latest news

ആ ‘മൂത്രമൊഴിക്കല്‍’ മധ്യപ്രദേശിലെ ബിജെപിയുടെ വിധി മാറ്റിയെഴുതാന്‍ ശക്തിയുള്ളതാണ്‌

തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അപമാനിതനായ ആദിവാസിയെ തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു വരുത്തി ആദരിച്ച് അയാളുടെ കാല്‍ കഴുകുകയും പൊന്നാടയണിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തത് എന്നത് വ്യക്തമാണ്.

Spread the love

മധ്യപ്രദേശില്‍ ഒരു ആദിവാസിയുടെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം മധ്യപ്രദേശിനെ പിടിച്ചുലച്ച രാഷ്ട്രീയമാനമുള്ള സംഭവം ആയിരിക്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ഏതാനും മാസം മാത്രം ബാക്കിയിരിക്കെ മധ്യപ്രദേശിലെ ജനസംഖ്യയുടെ 21 ശതമാനം വരുന്ന വോട്ട് ബാങ്കിന്റെ മുഖത്താണ് ബിജെപി മൂത്രമൊഴിച്ച് അപമാനിച്ചിരിക്കുന്നത് എന്ന വികാരം ശക്തമായി വരികയാണ്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ആദിവാസി സമൂഹമായ കോള്‍ സമുദായത്തില്‍ പെട്ടയാളാണ് ബിജെപി നേതാവിന്റെ അപമാനത്തിന് ഇരയായ വ്യക്തി. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അപമാനിതനായ ആദിവാസിയെ തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു വരുത്തി ആദരിച്ച് അയാളുടെ കാല്‍ കഴുകുകയും പൊന്നാടയണിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തത് എന്നത് വ്യക്തമാണ്.

വീഡിയോ കണ്ടപ്പോൾ തന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമാവുകയും വേദന കൊണ്ട് നിറയുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവൻ എനിക്ക് ദൈവത്തെപ്പോലെയാണ്. ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. എല്ലാ മനുഷ്യരിലും ദൈവം വസിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദഷ്മത് റാവത്തിന് സംഭവിച്ച മനുഷ്യത്വരഹിതമായ അനുഭവം എന്നെ വേദനിപ്പിച്ചു. ദരിദ്രർക്ക് ബഹുമാനവും സുരക്ഷയും പ്രധാനമാണ് ”– മുഖ്യമന്ത്രി ഇത്രയും പറഞ്ഞതിലെ തന്ത്രപരമായ വിനയം ശ്രദ്ധേയമാണ്.

ബി ജെ പിയുടെ ഗോത്രവർഗ സമ്പർക്ക പരിപാടിയുടെ ഭാഗമായി സിധി ജില്ലയുമായി അതിർത്തി പങ്കിടുന്ന ഷാഡോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് നാല് ദിവസത്തിന് ശേഷമാണ് രാജ്യത്തുടനീളം പ്രതിഷേധം ഉയർത്തിയ വീഡിയോ പുറത്ത് വന്നത്.

ഗോത്ര വർഗ വോട്ട് മധ്യപ്രദേശിലെ ശക്തമായ വോട്ട് ബാങ്ക് ആണ്. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളിൽ 47 എണ്ണം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട് . 2018-ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം നടത്തിയില്ല. എന്നാൽ കോൺഗ്രസ് 31 സീറ്റ് നേടി. എസ് ടി മണ്ഡലങ്ങളിലെ ഈ പ്രകടനം 2018 ഡിസംബറിൽ കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ സഹായിച്ചു. 47 സംവരണ മണ്ഡലങ്ങൾക്ക് പുറമെ, മറ്റ് 30-ലധികം നിയോജകമണ്ഡലങ്ങളിൽ ആദിവാസി വോട്ടുകൾ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.
2020-ന്റെ തുടക്കത്തിൽ കോൺഗ്രസ് സർക്കാരിനെ പുറത്താക്കി മാസങ്ങൾക്ക് ശേഷം ഗോത്രവർഗ പ്രതീകങ്ങളെ അംഗീകരിച്ചും ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനായി മ്യൂസിയങ്ങൾ നിർമ്മിച്ചും അവരുടെ ജന്മദിനങ്ങളും ഉത്സവങ്ങളും വലിയ തോതിൽ ആഘോഷിച്ചും ബിജെപി ഗോത്രവർഗക്കാരെ ആകർഷിക്കാൻ തുടങ്ങി. റെയിൽവേ സ്റ്റേഷനുകളുടെയും ഒരു സർവകലാശാലയുടെയും പേരുമാറ്റൽ നടത്തി. വലിയ തോതിൽ ആദിവാസി കൺവെൻഷനുകൾ സംഘടിപ്പിച്ചു.

ഭോപ്പാലിലെ ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി 18-ാം നൂറ്റാണ്ടിലെ ഗോണ്ട് ഗോത്രവര്‍ഗത്തില്‍ നിന്നുള്ള രാജ്ഞിയായ റാണി കമലപതിയുടെ പേര് നല്‍കി. 2021-ല്‍ നരേന്ദ്രമോദി നേരിട്ടെത്തിയാണ് ഈ സ്‌റ്റേഷന്‍ പുനര്‍നാമകരണം ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികത്തിന് ബിജെപിസര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

വീരാംഗന റാണി ദുർഗാവതി ഗൗരവ് യാത്രകൾ എന്ന് വിളിക്കപ്പെടുന്ന, പതിനാറാം നൂറ്റാണ്ടിലെ ഗോണ്ട് ഗോത്ര ഭരണാധികാരിയായിരുന്ന രാജ്ഞി ദുർഗ്ഗാവതിയുടെ സ്മരണയ്ക്കായി ബിജെപി നടത്തിയ അഞ്ച് ഘോഷയാത്രകൾ മുസ്ലിംകൾക്കെതിരെ കൂടി വികാരം ഉണർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. മുഗളന്മാരോട് യുദ്ധം ചെയ്യുമ്പോൾ മരണത്തെ ആശ്ലേഷിക്കാൻ തീരുമാനിച്ച രാജ്ഞി ആയിരുന്നു റാണി ദുർഗവതി. ജബൽപൂരിൽ കൂറ്റൻ സ്മാരകം, സ്മാരക നാണയം, തപാൽ സ്റ്റാമ്പ്, ദുർഗ്ഗാവതിയുടെ ധീരതയെക്കുറിച്ചുള്ള സിനിമ, ഒക്ടോബർ 5 ന് അവരു ടെ 500-ാം ജന്മദിനം ആഘോഷിക്കാൻ രാജ്യവ്യാപകമായി ആഘോഷങ്ങൾ, ഒക്ടോബർ 5 മുതൽ സംസ്ഥാനത്തു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ എന്നിവ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ടിരുന്നു.

ഈ ഫെബ്രുവരിയില്‍ കോള്‍ സമുദായത്തിന്റെ വലിയൊരു റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരെ കോള്‍ സമുദായം നടത്തിയ കലാപത്തെ അമിത് ഷാ അന്ന് പ്രകീര്‍ത്തിക്കുകയുണ്ടായി. ഇതെല്ലാം മധ്യപ്രദേശിലെ ഗോത്രവര്‍ഗ വോട്ടു ബാങ്ക് കോണ്‍ഗ്രസില്‍ നിന്നും തങ്ങളിലേക്ക് ചായ്ക്കാനുള്ള തന്ത്രമായിരുന്നു ബിജെപിക്ക്. ഇതേ കോള്‍ സമുദായക്കാരന്റെ മുഖത്താണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് മൂത്രമൊഴിച്ചത് എന്നത് വലിയ വൈരുദ്ധ്യമായി മാറിയിരിക്കുന്നു.
ഇന്ത്യയിലെ ഗോത്രവർഗക്കാർക്കിടയിൽ വ്യാപകമായ ജനിതക അവസ്ഥയായ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കാനുള്ള ദേശീയ ദൗത്യവും മോദി ആരംഭിച്ചിരുന്നു. “ആദിവാസികൾ ഞങ്ങൾക്ക് കേവലം ഒരു സ്ഥിതിവിവരക്കണക്കല്ല, മറിച്ച് ഞങ്ങൾക്ക് വികാരങ്ങളുടെ പ്രശ്നമാണ്”– മോദി പ്രഖ്യാപിച്ചിരുന്നു. മുൻ സർക്കാരുകൾ ഗോത്ര പാരമ്പര്യങ്ങളെ കളിയാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും പ്രസിഡന്റ് മുർമു ഗോത്രവർഗക്കാരിയാണെന്ന് എടുത്തു പറയുകയും ചെയ്തു. ഈ തന്ത്രങ്ങൾക്കിടയിലാണ് “മൂത്രമൊഴിക്കൽ സംഭവം” ഉണ്ടായിരിക്കുന്നത്.

സിദ്ധിയിലെ മ്ലേച്ഛമായ സംഭവം ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോടിക്കണക്കിന് ആദിവാസികൾക്ക് ഇത് അപമാനമാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു. “അധികാരത്തിന്റെ ലഹരിയിൽ ബിജെപി നേതാക്കൾ മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികൾക്കെതിരെ അതിക്രമം നടത്തുന്നവരെ സംരക്ഷിക്കുന്നത് ബിജെപി അവസാനിപ്പിക്കണം”– മൂത്രമൊഴിക്കാൻ വീഡിയോ വൈറലായതിന് പിന്നാലെ കമൽ നാഥ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick