മഹാരാഷ്ട്രയില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ വിജയിച്ചുവെന്ന് നിരീക്ഷിക്കുമ്പോള്‍ ആ പാര്‍ടിയെ മറ്റ് ഇന്ത്യന്‍ പാര്‍ടികളില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം എന്താണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, തുടര്‍ച്ചയായ രാഷ്ട്രീയതന്ത്ര മോണിറ്ററിങ് ആണ്. തങ്ങള്‍ക്ക് ശക്തിയുള്ളതോ ഇല്ലാത്തതോ ആവട്ടെ ഏത് സംസ്ഥാനത്തായാലും അവിടുത്തെ രാഷ്ട്രീയകാലാവസ്ഥയെ തകിടംമറിക്കാന്‍ ബിജെപി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നു എന്നതാണ്.
അവര്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും-ഒരു മീൻ കൊത്തി അതിന്റെ ഇരയെ നോക്കിയിരിക്കുന്നതു പോലെ. ആരും വിചാരിക്കാത്ത സന്ദര്‍ഭങ്ങള്‍ അവര്‍ കണ്ടെത്തി അപ്രതീക്ഷിതമായി എല്ലാം തകിടം മറിക്കും. ഇത്രയധികം കാലം തുടര്‍ച്ചയായി നിരീക്ഷണം നടത്തി അട്ടിമറി നടത്താനുളള ബുദ്ധിപരമായ സംവിധാനം ബിജെപിക്കല്ലാതെ മറ്റൊരിന്ത്യന്‍ പാര്‍ടിക്കും ഇപ്പോഴില്ല. ഓരോ ചലനവും അവര്‍ നിരീക്ഷിച്ചുകൊണ്ടും എന്ത് പഴുത് കിട്ടുമെന്ന് നിരന്തരം ആലോചിച്ചുകൊണ്ടും ഇരിക്കും. എന്നിട്ട് അവിടെ ഇട്ട് തന്നെ വെട്ടുകയും ചെയ്യും.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വന്ന ഗോവയിലും മണിപ്പൂരിലും ബിജെപി മന്ത്രിസഭ ഉണ്ടാക്കിയത് എങ്ങിനെയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിട്ട് സ്വയം അധികാരം പിടിച്ചതെങ്ങിനെയാണ്. മഹാരാഷ്ട്രയില്‍ ശിവസേനയെയും ഇപ്പോള്‍ എന്‍സിപിയെയും പിളര്‍ത്തി തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭരണം സ്ഥാപിച്ചതെങ്ങിനെയാണ്-എവിടെ എടുത്താലും നിരന്തരമായ നിരീക്ഷണങ്ങളിലൂടെ പഴുതുകള്‍ കണ്ടെത്തി അപ്രതീക്ഷിത നീക്കങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കുന്ന രീതി കാണാം. എല്ലാവരും ഉദാസീനരായും ഇനി ഒന്നും ഭയക്കാനില്ലെന്ന അശ്രദ്ധയോടെയും ഇരിക്കുമ്പോഴും ബിജെപിയുടെ തന്ത്രയന്ത്രം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും, നിശ്ശബ്ദമായി അത് പലതരം അടുവുകള്‍ ആവിഷ്‌കരിച്ചുകൊണ്ടേയിരിക്കും.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പണം മുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വരെ കൂട്ടുപിടിക്കും. മറ്റ് പാര്‍ടികള്‍ അശ്രദ്ധരായി നില്‍ക്കുമ്പോഴും ഒരു യന്ത്രം ജാഗരൂകമായിരിക്കും. മടുപ്പില്ലാതെയുള്ള കാത്തിരിപ്പിനൊടുവില്‍ ഉദ്ദേശിച്ചത് നടപ്പിലാക്കാന്‍ ബിജെപിയുടെ തന്ത്രസംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് കഴിയുന്നു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ബിജെപിക്ക് ഒരു കാര്യമറിയാം-കോടിക്കണക്കിന് രൂപയും സോഷ്യല്‍മീഡിയയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതു പോലെ ഇന്ത്യയെ അടക്കിഭരിക്കാനുള്ള വലിയ അംഗസംഖ്യ ലോക്‌സഭയില്‍ നേടിയെടുക്കുക എളുപ്പമല്ല. അധികാരത്തുടര്‍ച്ച നേടാന്‍ അവര്‍ ലക്ഷ്യമിടുന്നത് വലിയ മീനുകളെയാണ്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഉറപ്പായും വിജയിച്ചാലാണ് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ എളുപ്പത്തില്‍ സാധിക്കുക. അവയിലാണ് ഏറ്റവും അധികം ലോക്‌സഭാ സീറ്റുകള്‍ ഉള്ളത്. അതായത് എല്ലാം കൂടി 382 എണ്ണം. അവയില്‍ നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമേ ബിജെപിക്ക് ഭരണം ഉള്ളൂ–ഏറ്റവുമധികം ലോക്‌സഭാ മണ്ഡലങ്ങള്‍(80) ഉള്ള യു.പി.യും പിന്നെ ഗുജറാത്തും(26) പിന്നെ മധ്യപ്രദേശിലും(29). ഇപ്പോള്‍ മഹാരാഷ്ട്രയും ചേര്‍ത്ത് നാല് സംസ്ഥാനങ്ങള്‍ ആയി. യു.പി.കഴിഞ്ഞാല്‍ ഏറ്റവും അധികം മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര-48 എണ്ണം. ഇതാണ് മഹാരാഷ്ട്രയില്‍ മേല്‍ക്കൈ സ്ഥാപിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചതിലെ രാഷ്ട്രീയ പ്രാധാന്യം.
അപ്പോഴും ബാലികേറാമല പോലെ ഏഴ് വലിയ സംസ്ഥാനങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്നവയാണ്. ബംഗാളിലെ 42 സീറ്റ്, ബിഹാറിലെ 40 സീറ്റ്, തമിഴ്‌നാട്ടിലെ 39 സീറ്റ്, ആന്ധ്ര-തെലങ്കാനയിലെ 25 സീറ്റുകള്‍, രാജസ്ഥാനിലെ 25 സീറ്റ്, കര്‍ണാടകയിലെ 28 സീറ്റ്. ഒപ്പം കേരളത്തിലെ 20 സീറ്റുകള്‍ ഒരു വിധത്തിലും ഇന്നത്തെ നിലയില്‍ ബിജെപിക്ക് തൊടാന്‍ സാധിക്കില്ല.

ബിജെപി പ്രതീക്ഷ വെച്ചിരുന്ന വലിയ മൂന്നു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബംഗാള്‍, ബിഹാര്‍ എന്നിവയില്‍ രാഷ്ട്രീയ അട്ടിമറി സാധ്യമായിട്ടുള്ളത് മഹാരാഷ്ട്രയില്‍ മാത്രമാണ്. അടുത്ത ലക്ഷ്യം സ്വാഭാവികമായും ബിഹാര്‍ ആണ്. അവിടുത്തെ 40 ലോക്‌സഭാ സീറ്റുകള്‍ ബിജെപിക്ക് അത്യാവശ്യമാണ്.
പിന്നെ ബംഗാളാണ്. ഇവിടെ പക്ഷേ മമത ഉള്ളിടത്തോളം ബിജെപിക്ക് ഇനി തൃണമൂലിനെ പിളര്‍ത്തി നേട്ടമുണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. നേരത്തെ ബിജെപി നടത്തിയ പിളര്‍ത്തല്‍ നീക്കം വിജയിച്ചെന്നു തോന്നിച്ചതായിരുന്നു. എന്നാല്‍ തൃണമൂലില്‍ നിന്നും പോയ നേതാക്കളില്‍ സുവേന്ദു അധികാരി ഒഴിച്ചുള്ള എല്ലാവരും തിരികെ തൃണമൂലിലേക്കു തന്നെ പോയി. അണികളും തിരിച്ചു പോയി. ഇതോടെ ബിജെപി ബംഗാളില്‍ ഇല്ലാതായതു പോലായി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയായിരുന്നു ബിജെപി.യുടെ വലിയ പ്രതീക്ഷ. പക്ഷേ കോണ്‍ഗ്രസ് ഇവിടെ നേടിയ വലിയ വിജയം ബിജെപിയെ ശരിക്കും തകര്‍ത്തിട്ടിരിക്കയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് തിരികെപ്പിടിച്ച് വെന്നിക്കൊടി പാറിക്കുക ഇന്നത്തെ നിലയില്‍ അസാധ്യം തന്നെയാണ്. കാരണം നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉപയോഗിച്ചിട്ടു പോലും ബിജെപിയെ കൈവിട്ട സംസ്ഥാനമായി മാറിയിരിക്കയാണല്ലോ കര്‍ണാടക.
അതു കൊണ്ടു തന്നെ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ വിള്ളലുണ്ടാക്കി ജെ.ഡി.യു.വിനെ പിളര്‍ത്തി നേട്ടമുണ്ടാക്കാനായി ബിജെപി ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. യു.പി.യും മഹാരാഷ്ട്രയും ഗുജറാത്തും ബിഹാറും മധ്യപ്രദേശും പിന്നെ ഹരിയാന, ഒഡീഷ, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ലോക്‌സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാം എന്ന സ്വപ്‌നം ആണ് ബിജെപിയുടെത്.
ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെയും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിനെയും ഒഡിഷയില്‍ ബിജു പട്‌നായികിനെയും ബിജെപി പറ്റാവുന്ന രീതിയിലെല്ലാം ചാക്കിടുന്നുണ്ട്. ചന്ദ്രശേഖര്‍ റാവു പ്രതിപക്ഷ കക്ഷികളിലെ ഒട്ടു വിശ്വസിക്കാനാവാത്ത കറുത്ത കുതിരയാണ്. കര്‍ണാടകയിലെ ദേവഗൗഡയാണ് തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു. കോണ്‍ഗ്രസ് ഇതിനകം തന്നെ തെലങ്കാനയില്‍ റാവുവിന്റെ തനി നിറം തുറന്നുകാട്ടി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ബി-ടീം എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ റാലിയില്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
അട്ടിമറിയെങ്കില്‍ അട്ടിമറി, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് ബിജെപിക്കും വലിയ കടമ്പ തന്നെയാണ്, പുറമേ വലിയ അജയ്യത അവര്‍ നടിക്കുന്നുണ്ടെങ്കിലും. ഇതിനായി നടത്തുന്ന നാടകം ആണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ഇനി അത് ബിഹാറിലും നടപ്പാക്കാന്‍ നിരന്തര നീക്കവും നിരീക്ഷണവും ഉണ്ടെന്നതും ഉറപ്പാണ്.