Categories
kerala

എന്റെ രാഷ്ട്രീയ രക്തത്തിന്റെ ഡി.എന്‍.എ. ആര്‍ക്കും മനസ്സിലാകുന്നില്ല…

തന്റെ രാഷ്ട്രീയ രക്തത്തിന്റെ ഡിഎന്‍എ മനസ്സിലാകാത്തവരാണ് തന്നെ കുരിശിലേറ്റുന്നവരെന്നും താന്‍ രാഷ്ട്രീയ ശത്രുക്കളുടെ ഒപ്പമാണെന്നു വരുത്തുന്നതെന്നും സി.പി.എം.വിമതനും മാധ്യമപ്രവര്‍ത്തകനുമായ ജി.ശക്തിധരന്‍. പാര്‍ടിക്കു വേണ്ടി ത്യാഗം സഹിച്ച കോടിക്കണക്കിന് ശക്തിധരന്‍മാര്‍ മൗനം ഭജിച്ചിരുന്നതു കൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. താനും കൂടി പ്രതികരിക്കാതിരുന്നാല്‍ ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നുറപ്പാണ്-ശക്തിധരന്‍ പറയുന്നു. ഫേസ്ബുക്കിലെഴുതിയ പുതിയ കുറിപ്പിലാണ് ശക്തിധരന്റെ സ്വയം പറച്ചില്‍.


“കേരളത്തിലെ ഒരു ദേശീയ പാർട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളിൽ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികൾ കീശയിലാക്കിയ സംഭവം ഞാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്‌ ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കൾ ഉണ്ടെന്നത് ശരിയാണ്. അവർ എന്റെ പാർട്ടിക്കൂറിലും സംശയാലുക്കളായിരിക്കാം . അതൊന്നും എന്നെ നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും ഞാൻ കരുതുന്നില്ല. അതാണ് പാർട്ടി. എന്നെ അറിയുന്നവർ എന്നിൽ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ഇതെല്ലാം എന്നതാണ് അതിന്റെ സാരം. “- പിണറായി വിജയനെ പേരെടുത്തു പറയാതെ വിമര്‍ശിച്ചുകൊണ്ട് ശക്തിധരന്‍ എഴുതുന്നു.

thepoliticaleditor

ഫേസ്ബുക് കുറിപ്പിൽ നിന്നും….

ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. പാർട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാർട്ടി കേന്ദ്രത്തിൽ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല . എന്നാൽ പാർട്ടി സെന്ററിൽ ഏൽപ്പിച്ച 10 ലക്ഷം രൂപാ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്. .പണം സൂക്ഷിക്കാൻ കൊടുത്തയാളല്ല ആ കുറിപ്പ് കൊടുത്തിരിക്കുന്നത് .അത് ഏറ്റുവാങ്ങിയ സ്റ്റാഫ് , ആ ചുമത ലയിൽ നിന്ന് മാറ്റപ്പെട്ട സന്ദർഭത്തിൽ ഈ തുക തിരിച്ചെടുക്കുകയും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അതുക്കും മേലെയുള്ള ആളോട് സമ്മർദ്ദം ചെലുത്തിയ കുറിപ്പാണുള്ളത് .പാർട്ടി ആകെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതും കൂടി അതിന് മുകളിൽ കെട്ടിവെച്ചാൽ പാർട്ടി തകരുമെന്നും സ്നേഹബുദ്ധ്യാ ആ നേതാവ് പറഞ്ഞതായാണ് അനൗദ്യോഗിക വിവരം. എന്തായാലും ഈ 10 ലക്ഷം ആരുടെ കയ്യിലെത്തി എന്നതിന് വ്യക്തതയായി . എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറിൽ നിന്ന് വ്യക്തം. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്നു ഓർത്താൽ മതി. അത് പൊതിഞ്ഞിരുന്ന കവറിലുണ്ട് ആ പേര് . അതിലും വലിയ കോടികൾ എങ്ങിനെ ആവിയായിപ്പോയി എന്നതിലേ അവ്യക്തതയുള്ളൂ. കോടികൾ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികൾ.
ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ് കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത്‌ . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല.

വ്യവസായികളിൽ നിന്നോ മുതലാളിമാരിൽ നിന്നോ പാർട്ടി പണം വാങ്ങില്ല എന്ന്‌ ഞാൻ പറയുന്നില്ല. ഒരിക്കൽ കൗതകമുണർത്തുന്ന ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നെ ഇടുക്കിയിൽ നിയോഗിച്ച സമയത്തായിരുന്നു അത് . ഞാൻ അതിനു മുമ്പ് പ്രകൃതി രമണീയമായ വാഗമൺ കണ്ടിട്ടില്ലായിരുന്നു. അവിടം സന്ദർശിച്ചു വരാമെന്നു പറഞ്ഞു കട്ടപ്പനയിൽ നിന്ന് ഇടുക്കിയിലെ അന്നത്തെ പാർട്ടി നേതാക്കളുടെ കൂടെ പാർട്ടിയുടെ ജീപ്പിൽ പോയിരുന്നു.വഴിക്കുവെച്ചാണ് ദൗത്യം എന്താണെന്ന് മനസ്സിലായത് . കർഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയിൽ ചേരാനിരിക്കുകയായിരുന്നു . സംഘാടകരുടെ കയ്യിൽ കാൽ കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണർകാട് പാപ്പന്റെ പാലായിലെ ബാറിൽ. മുതലാളിയെക്കണ്ട് നേതാക്കൾ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട് തൊട്ടടുത്തുള്ള അവരുടെ തിയറ്ററിലേക്ക് ഒരാളെ അയച്ചു മാറ്റിനിവരെയുള്ള കളക്ഷൻ ശേഖരിച്ചു.എന്നിട്ടും ലക്‌ഷ്യം വെച്ച തുക തികഞ്ഞില്ല.അവസാനം ഫസ്റ്റ് ഷോ കഴിയും വരെ കാത്തിരുന്ന് അതും കൂടി ശേഖരിച്ചാണ് ഞങ്ങൾ മടങ്ങിയത്. ഈ വ്യവസായി കോൺഗ്രസ്സ് പക്ഷത്തായിരുന്നു എങ്കിലും പാർട്ടിയോട് കൂറുള്ളതായിരുന്നു കുടുംബം.

പക്ഷെ ടി കെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ രാത്രിയിൽ കല്ലേറും ചെറിയ ചെറിയ അക്രമങ്ങളും സംഘടിപ്പിച്ചത് ദേശീയ വാർത്തയായിരുന്നു .ഇതിന്റെ ഉറവിടം ഇവരുടെ ഉടമസ്ഥയിലുള്ള ചാരായ ഷാപ്പുകളിൽ നിന്നാണെന്ന് നേരിട്ട് ആ മേഖലയിൽ രാത്രി സാഹസികമായി സഞ്ചരിച്ചു കണ്ടെത്തിയ എനിക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. പോലീസ് ആ ഷാപ്പുകൾ റെയ്ഡ് നടത്തി ആ കേന്ദ്രങ്ങൾ തകർത്തു. വെള്ളിയാഴ്ച ഷാപ്പുകളിലെ വരുമാനം മുഴുവൻ ഇടുക്കി ജില്ലാസഹകരണ ബാങ്കിൽ നിക്ഷേപിക്കുകയും തിങ്കളാഴ്ച ബാങ്കിൽ നിന്ന് എടുത്തു ബിസിനസിൽ മുടക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ടേൺ ഓവർ കുത്തനെ ഉയരുകയും ഓവർഡ്രാഫ്ട് എത്രവേണമെങ്കിലും ലഭിക്കുകയും ചെയ്യുമായിരുന്നു . ആ കള്ളക്കളിയും പൂട്ടിച്ചു.
ഈ അനധികൃത സൗകര്യങ്ങൾ ചെയ്തുകൊടുത്തതിന്റെ പേരിൽ മുതലെടുത്തത് ഇടുക്കിയിലെ അടിയന്തിരാവസ്ഥയിലെ കൊലകൊമ്പൻ ജോസ് കുറ്റ്യാനി ആയിരുന്നു. ഏറെക്കാലം കുറ്റിയാനിയുടെ വിരൽ തുമ്പിൽ ആയിരുന്നു തൊടുപുഴയും ഇടുക്കിയും മറ്റും. പക്ഷെ തവിട് പൊടിയാക്കിയയാണ് ഞാൻ ഇടുക്കിവിട്ടത്. പാർട്ടി എന്നെ ഏൽപ്പിച്ച കഠിനമായ ദൗത്യമായിരുന്നു അത്. രാത്രിയുടെ അന്ത്യയാമങ്ങളിൽ കാട്ടിയ സാഹസിക യത്നങ്ങൾക്കെല്ലാം ജില്ലാബാങ്ക് ജനറൽ മാനേജർ ശ്രീ സാഗറിന്റെയും ഇടുക്കിയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വി കെ ചന്ദ്രന്റെയും (പിൽക്കാലത്തു എന്റെ അളിയൻ) ചങ്കുറപ്പുള്ള സഹായമുണ്ടായിരുന്നു. മരണത്തെ മുഖത്തോട് മുഖം കണ്ട ദിവസങ്ങൾ! . ഇപ്പോൾ കുറ്റിയാനി വാർധക്യ സഹജമായ അസുഖം കാരണം അവശനായത് കൊണ്ട് കൂടുതൽ പറയുന്നില്ല. എങ്കിലും ഒരു കാര്യം പറയാതിരിക്കാനാകില്ല .ഒരിക്കൽ ദില്ലിയിൽ കെ കരുണാകരന്റെ വസതിയിൽ ചെന്ന് കയറുമ്പോൾ അവിടെ ഉണ്ടായിരുന്ന കുറ്റിയാനി എന്നെക്കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി . കെ കരുണാകരന്റെ പ്രിയങ്കരനായ സഹായി ശ്രീ എം കെ അരവിന്ദാക്ഷൻ മാത്രമേ അപ്പോൾ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.എന്നെ കാലുഷ്യത്തോടെ തുറിച്ചു നോക്കിയ കുറ്റിയാനി ലീഡർക്ക് പരിചയപ്പെടുത്തിയത് ഇങ്ങിനെ : ലീഡറെ എന്നെ ഈ പരുവത്തിലാക്കിയത് ഇയാൾ ഒറ്റയാളാണ് എന്ന്? ഉരുളക്കുപ്പേരി പോലെ മറുപടി വന്നു ” കാര്യമായിപ്പോയി ” .എന്ന്. ജീവിതത്തിൽ ലീഡർ എന്ന മഹാമേരുവിനെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും തോന്നി യിട്ടുണ്ട് ലീഡർക്ക് സ്വന്തം ഞാനായിരുന്നോ കെ മുരളിധരൻ ആണോ എന്ന്?ഒരിക്കൽ ദില്ലിയിലെ വസതിയിൽ വെച്ച് ഖേദത്തോടെ എന്റെ ഭാര്യയോടും മക്കളോടും ലീഡർ പറഞ്ഞിട്ടുണ്ട്:” സ്നേഹിച്ചുപോയി .അതാണ് എന്റെ കുഴപ്പം എന്ന്. ശരിയാണ് എനിക്ക് എന്റേതായ ലക്ഷ്മണ രേഖകൾ ഉണ്ടായിരുന്നു.അതിനപ്പുറം ലീഡർ എന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. അതാണ് പറിച്ചുമാറ്റാനാകാത്ത വ്യഥയായത്. ഇന്നലെ സഖാവ് എം വി ഗോവിന്ദൻ ആരോപിക്കുന്നത് കേട്ടു “ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഒപ്പമാണെന്ന്” . അവരെ ഏതൊക്കെയോ കേസിൽ നിന്ന് രക്ഷിക്കാനാണ് എന്റെ ശ്രമം എന്ന്. എന്ത് ചെയ്യാൻ, എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എൻ എ ആർക്കും മനസിലാകുന്നില്ല?

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick