തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ രണ്ടാംഘട്ട വിധി കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ, വെട്ടിക്കൊന്നവനെ വീണ്ടും വെടിവെച്ചു കൊല്ലുക എന്ന മട്ടില്‍ വിദ്വേഷ പ്രചാരണം വ്യാപകമായി അരങ്ങേറുകയാണ് സമൂഹമാധ്യമങ്ങളില്‍.
ജോസഫ് മാഷിന്റെ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയുള്ള അധിക്ഷേപ വീഡിയോകളാണ് ഫേസ്ബുക്കിലും മറ്റും വ്യാപകമായി പ്രചരിച്ചുവരുന്നത്. വിധി പ്രസ്താവത്തിനു ശേഷമാണ് ഇത് തുടങ്ങിയത്.
ജോസഫ് മാഷിന്റെത് വര്‍ഗീയവാദമാണെന്നു സ്ഥാപിക്കുകയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ നടന്ന ഹീനമായ ആക്രമണത്തെ പരോക്ഷമായി ന്യായീകരിക്കും വിധമാണ് വീഡിയോകളിലെ അവതരണങ്ങള്‍.
വിധിക്കു ശേഷമുളള ജോസഫ് മാഷിന്റെ പ്രതികരണത്തെ അബ്ദുള്‍ നാസര്‍ മദനിയുടെ പ്രതികരണവുമായി ചേര്‍ത്ത് വെച്ച് മദനി തന്റെ കാല്‍ നഷ്ടപ്പെട്ട അക്രമത്തില്‍ പങ്കെടുത്തവരോട് ക്ഷമിച്ചെന്നും എന്നാല്‍ ജോസഫ് നേരെ തിരിച്ചാണ് പ്രതികരിച്ചതെന്നും ഒരു വീഡിയോയില്‍ ആരോപിക്കുന്നു.
ജോസഫിന്റെത് വര്‍ഗീയ വാദമാണെന്നും മദനിയുടെത് ക്ഷമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാണെന്നും വ്യാഖ്യാനിക്കുന്നു. ഇത്തരത്തില്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒട്ടേറെ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ ഏതാനും ദിവസത്തിനുള്ളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
2010 ജൂലായ് നാലിനാണ് പ്രൊഫ. ജോസഫിനെതിരായ ആക്രമണം നടന്നത്. 2015-ല്‍ ഈ കേസിലെ ആദ്യഘട്ട വിധി എന്‍.ഐ.എ. കോടതി പ്രസ്താവിച്ചു. പത്ത് പേര്‍ക്ക് എട്ടു വര്‍ഷം വീതം തടവു ശിക്ഷയും എട്ട് ലക്ഷം രൂപ പിഴയും ആണ് വിധിക്കപ്പെട്ടത്. ശിക്ഷാവിധി കേട്ട് പ്രതികള്‍ കോടതിക്കു പുറത്ത് പ്രകടിപ്പിച്ച പ്രതികരണം ആഹ്‌ളാദം നിറഞ്ഞ രീതിയിലുള്ളതായിരുന്നു എന്നത് അന്നു തന്നെ ചര്‍ച്ചയായിരുന്നു.
അന്ന് ഈ വിധിയോട് ജോസഫ് മാഷ് പ്രതികരിച്ചത് ‘എന്റെ മനസ്സാക്ഷിയുടെ കോടതിയില്‍ ഞാന്‍ അവരോട് എപ്പോഴേ ക്ഷമിച്ചുകഴിഞ്ഞു’ എന്നായിരുന്നു. ഇതെല്ലാം മറവിയിലേക്കു മായുന്നത് സൗകര്യമായി കരുതിയാണ് ഇപ്പോള്‍ ജോസഫ് മാഷിനെതിരായി വിദ്വേഷ പ്രചാരണം നടത്തുന്നത്.
കേസിലെ രണ്ടാംഘട്ട വിധി കഴിഞ്ഞ ദിവസം വന്നപ്പോള്‍ ആറു പേരെ ശിക്ഷിച്ചിരുന്നു.
ഇതിനോട് പ്രതികരിച്ച് പ്രൊഫസര്‍ ജോസഫ് തനിക്ക് ഈ വിധിയിലൊന്നും വലിയ സന്തോഷമൊന്നുമില്ലെന്നും പ്രതികളെല്ലാം നൂറ്റാണ്ടുകള്‍ പഴയ ഗോത്രവിശ്വാസങ്ങളുടെ അടിമകളായിരുന്നുവെന്നും കുറ്റകൃത്യത്തിന് യഥാര്‍ഥത്തില്‍ ചരടുവലിച്ചവര്‍ ഇപ്പോഴും നിയമത്തിനു മുന്നില്‍ വന്നിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇത് തീര്‍ച്ചയായും ചില കേന്ദ്രങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിരിക്കാമെന്നതിന്റെ അസഹിഷ്ണുതയാണ് വിദ്വേഷ, ന്യായീകരണ വീഡിയോകളില്‍ കാണുന്നത്.
എന്നാല്‍ കേരളീയ പൊതുസമൂഹം ജോസഫ് മാഷ്‌ക്കെതിരായ വിദ്വേഷപ്രചാരണത്തെപ്പറ്റി അറിഞ്ഞ മട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ എന്തിനുമേതിനും പുരപ്പുറത്തു കയറി കണ്ഠക്ഷോഭം നടത്തുന്നവര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലേ ? ജീവിതത്തില്‍ ഒരു പാട് നഷ്ടങ്ങള്‍ സഹിച്ച നിസ്സഹായനായ ഒരു മനുഷ്യനെ വീണ്ടും അധിക്ഷേപിക്കുമ്പോള്‍ പിന്തുണ നല്‍കാന്‍ മതേതരവിശ്വാസികളുടെ ശബ്ദം ഉയര്‍ന്നു വരാന്‍ വൈകിയിരിക്കുന്നു.