കേരളത്തില്‍ വന്ദേഭാരത് നയതന്ത്രം പയറ്റി സ്വീകാര്യതയുടെ മുഖം മിനുക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെതാണ് എന്നു വന്നതോടെ രണ്ടാമത് ഒന്നു കൂടി തെക്കു വടക്ക് ഓടിച്ചാല്‍ ജനത്തിന് നല്ല അഭിപ്രായം ഉണ്ടാവുമെന്ന കണക്കുകൂട്ടല്‍ ബിജെപിക്കുണ്ട്. ക്രൈസ്തവസഭയുമായി അടുത്ത് ക്രൈസ്തവ ന്യൂനപക്ഷ വോട്ട് നേടിയെടുക്കാനുള്ള തന്ത്രം മണിപ്പൂര്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആകെ തകര്‍ന്ന് തറ പറ്റിയതോടെയാണ് പുതിയ വഴികള്‍ പാര്‍ടി തിരയുന്നത്.
കേരളത്തിന് രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിൻ കൂടി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.. ഇതുസംബന്ധിച്ച് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തോട് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചതായാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടാമതൊരു വന്ദേ ഭാരത് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കാസർകോട്-തിരുവനന്തപുരം റൂട്ടിലാണ് പുതിയ വന്ദേഭാരതും വേണ്ടത് എന്നാണ് പാർട്ടി അധ്യക്ഷൻ ആവശ്യപ്പെട്ടത് .
ഇപ്പോഴത്തെ വന്ദേഭാരത് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസർഗോഡ് എത്തിച്ചേരുകയും അവിടെനിന്ന് തിരികെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യുംവിധമാണ് സർവീസ്. പുതിയതായി ആവശ്യപ്പെടുന്ന ട്രെയിൻ രാവിലെ കാസർഗോഡ് നിന്ന് പുറപ്പെട്ടു തിരുവനന്തപുരത്ത് ഉച്ചയ്ക്ക് എത്തി തിരിച്ച് രാത്രിയോടെ കാസർഗോഡ് എത്തുന്നവിധം സർവീസ് നടത്തണമെന്നാണ് കത്തിൽ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സുരേന്ദ്രനെ മാറ്റില്ലെന്ന തീരുമാനം വന്നതോടെ സുരേന്ദ്രന്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പാര്‍ടിക്കകത്തും പുറത്തും സ്വീകാര്യതയ്ക്കായി ശ്രമിക്കുന്നതിന്റെ ഭാഗവും കൂടിയാണ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായി പാര്‍ടിയെ ഉയര്‍ത്തിക്കാണിക്കാനുളള തന്ത്രങ്ങള്‍.