കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ എല്‍.ഡി.എഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എളമരം കരീം, ഡോ.വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ് കെ മാണി, കെ മുരളീധരന്‍, പി സന്തോഷ് കുമാര്‍, ആന്‍റോ ആന്‍റണി, എ എ റഹീം, എ എം ആരിഫ് എന്നീ 10 എം.പി മാരോടൊപ്പം സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഡോ. വി കെ സിംഗ്, ഐ.ടി-ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖരന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.

സിവില്‍ ഏവിയേഷന്‍ പാര്‍ലിമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജയ് സായി റെഡ്ഡിയും, സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുമായും എയര്‍പോര്‍ട്ട് നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ആഗസ്ത് മാസത്തില്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിക്കാമെന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റി സമ്മതിക്കുകയുണ്ടായി. കൂടുതല്‍ വിമാന സര്‍വ്വീസ് കണ്ണൂരില്‍ നിന്ന് ആരംഭിക്കണം. അതിന് പോയിന്‍റ് ഓഫ് കോള്‍ പദവി കേന്ദ്രസര്‍ക്കാര്‍ കണ്ണൂരിന് നല്‍കണം. എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 5 വര്‍ഷം കഴിഞ്ഞു. യാത്രക്കാരുടെ എണ്ണം 15 ശതമാനം വര്‍ദ്ധിച്ചു എന്ന് പാര്‍ലിമെന്‍റ് അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെട്രോ നഗരമല്ലാത്തതിനാല്‍ പോയന്‍റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഏറ്റവും ഒടുവില്‍ ഗോവയിലും, യു.പി യിലും മെട്രോ നഗരത്തിലല്ലാത്ത എയര്‍പോര്‍ട്ടുകള്‍ക്ക് പോയിന്‍റ് ഓഫ് കോള്‍ പദവി നല്‍കിയിട്ടുണ്ട്. പുതിയ എയര്‍പോര്‍ട്ടുകള്‍ പണിയുന്ന പലയിടങ്ങളും മെട്രോ നഗരങ്ങളല്ല.

ഏറ്റവും കൂടുതല്‍ പാശ്ചാത്തല സൗകര്യമുള്ള എയര്‍പോര്‍ട്ടാണ് കണ്ണൂരിലേത്. 3050 മീറ്ററാണ് റണ്‍വേയുടെ നീളം. വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സൗകര്യം കണ്ണൂരിലുണ്ട്. കോവിഡ് കാലത്ത് പ്രത്യേകം ചാര്‍ട്ടഡ് ചെയ്ത വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ വിദേശത്ത് നിന്നും യാത്രക്കാരെ എത്തിച്ചതാണ്. കോടികള്‍ മുടക്കി രാജ്യത്ത് തന്നെ ഏറ്റവും വലിയ 10 വിമാനത്താവളങ്ങളില്‍ ഒന്നായ കണ്ണൂരിന്‍റെ എല്ലാ സൗകര്യങ്ങളും വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കൊച്ചി വിമാനത്താവളം ലാഭത്തിലായതു പോലെ കണ്ണൂരിലേതും ലാഭത്തിലാക്കാന്‍ കഴിയുന്നതേയുള്ളു. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ എല്ലാവരില്‍ നിന്നും എല്‍.ഡി.എഫ് പ്രതിനിധി സംഘത്തിന് ലഭിക്കുകയുണ്ടായി. എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് എം.വി ജയരാജനും, പി സന്തോഷ് കുമാറും, മാത്യു കുന്നപ്പള്ളിയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.