Categories
kerala

നിഖിൽ തോമസിനെ പോലീസ് പിടിച്ചു

കലിംഗ സര്‍വ്വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി താന്‍ ബി.കോം പാസ്സാവാത്ത അതേ കോളേജില്‍ എം.കോമിന് അഡ്മിഷന്‍ സമ്പാദിച്ച് പഠിച്ച് വ്യാജബിരുദ സര്‍ട്ടഫിക്കറ്റ് കേസില്‍ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ. കായംകുളം എം.എസ്.എം. കോളേജിലാണ് നിഖില്‍ ബി.കോം പാസ്സാവാതെ തന്നെ എം.കോമിന് പ്രവേശനം നേടിയത്. കോളേജധികാരികളെയും കേരള സര്‍വ്വകലാശാലയെയും വഞ്ചിച്ചുകൊണ്ടായിരുന്നു ഇത്.

thepoliticaleditor

ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ കെ.ദിവ്യ പൊലീസ് പിടിയിലാവുകയും നിഖില്‍ തോമസ് ഒളിവില്‍ തന്നെ ഇരിക്കുകയും ചെയ്തത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിക്കൊണ്ടിരിക്കയായിരുന്നു. ദിവ്യയെ തന്നെ കേസെടുത്ത് 15 ദിവസത്തിനു ശേഷമാണ് പിടികൂടിയത്. ഇതു പോലെ നിഖിലിനും സാവകാശം ലഭിക്കാന്‍ ഇടയാക്കുന്നത് പൊലീസിന്റെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക എന്ന വിമര്‍ശനം ഭരണപക്ഷത്തു തന്നെ ശക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയതോടെ പൊലീസ് കൂടുതല്‍ നിര്‍ണായകവും ആസൂത്രിതവുമായ നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് അദ്ദേഹം നല്‍കിയെന്നു പറയുന്നുണ്ട്. പ്രതിപക്ഷം അടുത്ത ദിവസം തൊട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സമരം തുടങ്ങുന്നതിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ നിഖില്‍ തോമസിനായി ഇന്നലെ പൊലീസ് വ്യാപകമായി വല വീശുകയായിരുന്നു.
നിഖിലിനു വേണ്ടിയുള്ള തിരച്ചില്‍ മിനിയാന്ന് മുതല്‍ പ്രധാനമായും തെക്കന്‍ കേരളം കേന്ദ്രീകരിച്ചാണ് നടന്നത്. നേരത്തെ നിഖിലിനെ സഹായിച്ചതിന് ചോദ്യം ചെയ്ത് വിട്ട സി.പി.എം., എസ്.എഫ്.ഐ. നേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടി.

മാത്രമല്ല ആദ്യം.എസ്.എഫ്.ഐ.യും തുടര്‍ന്ന് സി.പി.എമ്മും നിഖിലിനെ പൂര്‍ണമായും തള്ളിപ്പറയുകയും പാര്‍ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതോടെ നിഖിലിന് യാതൊരു സൗജന്യവും സഹതാപവും നല്‍കേണ്ടതില്ലെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. ഇതോടെ പ്രതിയെ എത്രയും വേഗം പിടിക്കാന്‍ സി.പി.എം. തന്നെ നല്‍കിയ പച്ചക്കൊടിയായി പൊലീസ് ഉന്നതര്‍ ഇതിനെ കണക്കാക്കി. പൊലീസിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും സ്വാതന്ത്ര്യവും ലഭിച്ചതും മിന്നല്‍ വേഗത്തില്‍ നിഖിലിന്റെ പിടികൂടലിലേക്ക് നയിച്ചതും ഈ സാഹചര്യത്തിലാണ്.

Spread the love
English Summary: NIKHIL THOMAS IN CUSTODY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick