കണ്ണൂരിലെ സിപിഎം എക്കാലവും കാത്തു നിന്ന ഒരു നിമിഷം ഉണ്ട്- കെ.സുധാകരന്‍ എന്ന ആജീവനാന്ത ശത്രുവിനെ കുരുക്കുക എന്നത്. സംസ്ഥാനത്തെ പ്രതിപക്ഷനേതൃ സ്ഥാനത്തുള്ള പാര്‍ടിയുടെ അധ്യക്ഷനെ ഒരു കുപ്രസിദ്ധ വഞ്ചനക്കേസില്‍ കുരുക്കി അറസ്റ്റ് ചെയ്യിക്കാന്‍ സാധിച്ചതിനു പിന്നില്‍ ആ നിമിഷസാഫല്യം ഉണ്ട്. ജാമ്യം നല്‍കേണ്ടി വന്നില്ലായിരുന്നെങ്കില്‍ സിപിഎമ്മിന് അത് ഇരട്ടിമധുരമായേനെ. ദശാബ്ദങ്ങളായി സി.പി.എം. ഓങ്ങിവെച്ചതായിരുന്നു സുധാകരനെതിരായ കുരുക്ക്.

മോന്‍സണ്‍ ത്ട്ടിപ്പുകേസ് വന്നത് അഞ്ചു വര്‍ഷം മുമ്പാണെങ്കിലും അപ്പോഴൊന്നും പ്രതിയല്ലാതിരുന്ന സുധാകരനെ സി.പി.എം. ഇപ്പോള്‍ വെറുതെ കുരുക്കിയതല്ല. മോന്‍സണ്‍ കേസില്‍ ഇത്തരം ഒരു വഴിത്തിരിവ് രാഷ്ട്രീയകേരളം പ്രതീക്ഷിച്ചതുമില്ല. അവിടെയാണ് സിപിഎമ്മിന്റെ കാത്തിരിപ്പിന്റെ കുന്തമുനയുടെ അര്‍ഥവും സാരവും.


ശ്രദ്ധാപൂര്‍വ്വം വലയിട്ട് കാത്തിരുന്ന്, പരാതിക്കാരെയും, അവഗണിക്കാനാവാത്ത് തെളിവുകളും ഏകീകരിച്ചെടുത്ത്, അതിന് മൂര്‍ച്ച കൂട്ടി ഒടുവിലുള്ള ചോദ്യം ചെയ്യലും അറസ്റ്റും-ക്ഷമാപൂര്‍വ്വം ഒരുക്കിയ തിരക്കഥയില്‍ വളരെ ഗൗരവമുള്ള ഒരു സാമ്പത്തികത്തട്ടിപ്പു കേസില്‍ സുധാകരനെ കുരുക്കാന്‍ സി.പി.എമ്മിന് സാധിച്ചത് വ്യക്തിപരമായും പിണറായി വിജയന്റെ വിജയമായി കണക്കാക്കാം. അതേസമയം കണ്ണൂരിലെ സിപിഎം ഏറ്റവും ആഗ്രഹിച്ച വിജയവും ആണത്.

തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കി സുധാകരനെ മാറ്റാന്‍ തക്ക തെളിവുകള്‍ പൊലീസ് ശേഖരിച്ചത് ആസൂത്രിതമായിട്ടാണെന്ന് കരുതേണ്ടിവരും. പരാതിക്കാരുടെ മൊഴികളില്‍ ഉള്ള അസാധാരണമായ പൊരുത്തം ഈ കേസില്‍ സുധാകരനെ വലിയ കുരുക്കിലാണ് പെടുത്തിയിരിക്കുന്നത്. ഇത് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ മോന്‍സണില്‍ നിന്നും സുധാകരന്‍ കൈപ്പറ്റിയെന്നതാണ് പ്രധാന ആരോപണം. ആരോപണവിധേയമായ സംഭവം നടക്കുന്ന സമയങ്ങളില്‍ മോന്‍സനൊപ്പം സുധാകരന്‍ ഉണ്ടായിരുന്നു എന്നതിനുളള വീഡിയോ തെളിവുകളും ഉണ്ടെന്നതും സുധാകരന് ഈ കേസില്‍ പ്രതികൂലമാവും.

ഒപ്പം ഒരു പോക്‌സോ കേസിലും സുധാകരനെ കുരുക്കാനുള്ള വല സി.പി.എം. വീശിയിട്ടുണ്ട്. അതിലേക്കുള്ള തെളിവുകള്‍ കിട്ടിയെന്നു ആവേശത്തില്‍ പുറത്തു പറഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറിയും വിവാദത്തിലാവുകയും ചെയ്തത് കഴിഞ്ഞ ആഴ്ചയിലാണ്. പോക്‌സോ കേസില്‍ മോന്‍സണെ ആജീവനാന്തം ജയിലിലാക്കിയ ശിക്ഷ വിധിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത് എന്നതും ശ്രദ്ധേയം. അതായത് തട്ടിപ്പുകേസിനപ്പുറം ഇനിയും ഗുരുതരമായ ചില കുരുക്കുകളിലേക്ക് സുധാകരനെ ചാടിക്കാന്‍ തക്ക വഴികളില്‍ തന്നെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പും അതിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും.
സിപിഎം ആരോട് സന്ധി ചെയ്താലും, ആര്‍.എസ്.എസിനോടു പോലും ശത്രുത വെടിഞ്ഞ് സൗഹൃദം കാണിക്കാന്‍ മനസ്സു വന്നാലും കെ.സുധാകരനോട് ഒരു വിധ സന്ധിയും സൗഹൃദവും കാണിക്കില്ല-ഇതാണ് കണ്ണൂരിലെ ആബാലവൃദ്ധം സി.പി.എം. നേതാക്കളിലും അണികളിലും തിരയടിക്കുന്ന വികാരം. സുധാകരനെതിരായ രാഷ്ട്രീയവിരോധം വെറും രാഷ്ട്രീയ അഭിപ്രായഭിന്നത മൂലമുള്ള ശത്രുതയല്ല പകരം ഒരു കുടിപ്പകയ്ക്ക് സമാനമായ ശത്രുതയാണ്. അത് കണ്ണൂരില്‍ നിന്നും ഉയര്‍ന്നു വന്നവരും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നവരുമായ ഉന്നത നേതാക്കള്‍ മുതല്‍ സി.പി.എം. അനുഭാവികളില്‍ വരെ പ്രവര്‍ത്തിക്കുന്നു. അതിന് അവര്‍ക്ക് വ്യക്തമായ കാരണവും ഉണ്ട്.

കണ്ണൂരില്‍ സിപിഎമ്മിനെതിരെ വെറും രാഷ്ട്രീയ ആശയ പ്രചാരണം മാത്രം നടത്തി നേതാവായ ആള്‍ അല്ല സുധാകരന്‍ എന്നതാണ് അത്. പല്ലിന് പല്ല് കണ്ണിനു കണ്ണ് എന്ന രീതിയില്‍ തിരിച്ചടിച്ച സുധാകരനെതിരെ ഉയര്‍ന്ന കേസുകള്‍ തന്നെ അതിനു തെളിവാണ്. നാല്‍പാടി വാസുവിനെ വെടിവെച്ചു കൊന്ന കേസ്, കണ്ണൂര്‍ സേവറി ഹോട്ടലില്‍ നടന്ന ബോംബാക്രമണത്തില്‍ അവിടുത്തെ ജീവനക്കാരനും സജീവ സിപിഎം പ്രവര്‍ത്തകനുമായ നാണു കൊല്ലപ്പെട്ട സംഭവം മുതല്‍ ഇ.പി.ജയരാജന് ട്രെയിനില്‍ വെടിയേറ്റ കേസ് വരെ സുധാകരനെ സി.പി.എം. പ്രതിസ്ഥാനത്ത് നിര്‍ത്തിയ കേസുകളാണ്.

27 വര്‍ഷം മുമ്പ് ഇ.പി.ജയരാജനെ ട്രെയിനിനകത്ത് വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ സുധാകരന്‍ പ്രതിയാണ് ഇപ്പോഴും. ഈ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഹൈക്ക്‌ടോതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തയാഴ്ച അന്തിമവാദം തുടങ്ങുന്നതിനു മുമ്പായി മറ്റൊരു കേസില്‍ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടു എന്നത് കണ്ണൂരിലെ സി.പി.എം. ആകെ ഏറ്റവും ആഘോഷിക്കുന്ന കാര്യമാണ് എന്നത് നിസ്തര്‍ക്കമാണ്.

കണ്ണൂരിലെത്തി ഏത് ലെവലിലുള്ള സി.പി.എം. പ്രവര്‍ത്തകനോടും ചോദിച്ചു നോക്കൂ-എല്ലാവരും സുധാകരനെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് കാണാം, കേള്‍ക്കാം. ഇതാണ് സുധാകരനെതിരായി സിപിഎം കണ്ണൂരില്‍ വേരുറപ്പിച്ചെടുത്ത വികാരം. അത് ഒരിക്കലും മാറില്ല.
തിരിച്ച് കോണ്‍ഗ്രസിന്റെ കാര്യമെടുത്താല്‍ എത്ര കഷ്ടമാണ് കാര്യങ്ങള്‍. സ്വന്തം സംസ്ഥാന അധ്യക്ഷന്‍ തന്നെ വലിയൊരു തട്ടിപ്പു കേസില്‍ അറസ്റ്റിലായിട്ടും ആ പാര്‍ടിയുടെ പ്രതിരോധം ദയനീയമാണ്. മറിച്ച് ഇത് സിപിഎമ്മിലാണ് സംഭവിച്ചതെങ്കില്‍ ഓര്‍ത്തു നോക്കുക-കേരളം തെരുവുകളില്‍ ജ്വലിക്കുന്ന കാഴ്ചയായിരിക്കും കാണുക. കോണ്‍ഗ്രസ് നനഞ്ഞ പടക്കം പോലെ പ്രതിഷേധവഴിപാടുകള്‍ നടത്തുമ്പോള്‍ സുധാകരനെതിരായ രാഷ്ട്രീയ ആയുധങ്ങള്‍ക്ക് കോണ്‍ഗ്രസിനകത്തും പുറത്തും ഒരുപോലെ മൂര്‍ച്ച കൂടുകയാണ് ചെയ്യുന്നത്. ദുര്‍ബലമായ കോണ്‍ഗ്രസിനെ നോക്കി സിപിഎം ചിരിക്കും-19 സീറ്റ് നേരത്തെ നേടിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് കയ്യകലത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്.