Categories
latest news

ഇരുട്ടിവെളുക്കും മുമ്പേ ഡി.കെ.യെ മെരുക്കിയ മനശ്ശാസ്ത്ര തന്ത്രം

തലേന്ന് രാത്രി ഉറങ്ങാന്‍ പോകും മുമ്പേ പോലും മുഖ്യമന്ത്രിക്കസേരയ്ക്കായി വാശി പിടിച്ച ഡി.കെ.ശിവകുമാറിനെയാണ് ലോകം കണ്ടതെങ്കില്‍ പിറ്റേന്ന് വെളുക്കും മുമ്പേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കുഞ്ഞാടായി മാറിയ ശിവകുമാറിനെയാണ് കര്‍ണാടകയിലെയും രാജ്യത്തെയും ജനം കണി കണ്ടത്. എല്ലാവരും മൂക്കത്തു വിരല്‍ വെച്ചു-ഇതെന്ത് മറിമായം.

ദിവസങ്ങളായി ഡെല്‍ഹിയില്‍ നടത്തപ്പെട് മാരത്തോണ്‍ ചര്‍ച്ചകളിലെല്ലാം ഇടഞ്ഞു നിന്ന ഡികെ വെള്ളിയാഴ്ച രാവിലെ നോക്കുമ്പോള്‍ പരമശാന്തന്‍, വിനയാന്വിതന്‍. എന്ത് മായാജാലമാണിതിനു പിന്നില്‍.–ഈ ചോദ്യം എല്ലാവരിലും ഉണ്ട്.

thepoliticaleditor

ഉത്തരം സങ്കീര്‍ണമാണ്, പക്ഷേ തീര്‍ത്തും മാനസികാപഗ്രഥനപരമായ തന്ത്രത്തിലൂടെയുള്ള കൈകാര്യം ചെയ്യല്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തി എന്നാണ് തലസ്ഥാനത്തു നിന്നും ചോര്‍ന്നു കിട്ടുന്ന സംഗതി.

ഡികെ ശിവകുമാറില്‍ കര്‍ണാടകയുടെ ഭാവി നേതാവിനെ കാണുന്നു എന്ന സോണിയാഗാന്ധിയുടെ പ്രശംസയാണേ്രത അദ്ദേഹത്തെ വീഴ്ത്തിയത്. സോണിയയുടെ ഈ വാക്കുകള്‍ ഡികെയിലെ ഈഗോയുടെ എല്ലാ കുശുമ്പുകളും അലിയിച്ചു കളഞ്ഞത്രേ.

സിദ്ധരാമയ്യ ഈ ടേം കഴിഞ്ഞാല്‍ പിന്മാറുന്നയാളാണെന്നും പിന്നെ വരുന്നത് ശിവകുമാറിന്റെ യുഗമാണെന്നും കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതയായ നേതാവ് വ്യക്തമാക്കിയതില്‍ പരം അംഗീകാരം തനിക്ക് കര്‍ണാടകത്തിലെ ഒരു പദവി കൊണ്ടും പകരമാകില്ലെന്ന് ശിവകുമാര്‍ ചിന്തിച്ചതായി പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്തുണ്ടായിട്ടും ഒരിക്കൽ പോലും കണ്ടുമുട്ടാത്ത സിദ്ധരാമയ്യയും ഡികെ ശിവകുമാറും പ്രഭാതഭക്ഷണത്തിനായി കെസി വേണുഗോപാലിന്റെ വസതിയിൽ എത്തിയതോടെ കർണാടക സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചു . വ്യാഴാഴ്ച പുലർച്ചയോടെ 61 കാരനായ ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സമ്മതിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് നിസ്സംശയം ശിവകുമാറിനെ ദേശീയ നേതാക്കളെല്ലാം ഒരു പോലെ ആവര്‍ത്തിച്ച് അറിയിച്ചപ്പോഴും ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ അവകാശവാദം തെറ്റാണെന്ന് പറയാന്‍ തയ്യാറായില്ല എന്നതാണ് സ്വീകരിക്കപ്പെട്ട തന്ത്രം. ശിവകുമാറിനെ അസ്വസ്ഥനാക്കാനോ ആക്രോശം നടത്താന്‍ പ്രേരിപ്പിക്കാനോ ദേശീയ നേതൃത്വം മുതിര്‍ന്നതേയില്ല.

ശിവകുമാറിന്റെ വാദം അവഗണിക്കാതെ തന്നെ സിദ്ധരാമയ്യയെ പിന്താങ്ങുകയായിരുന്നു ഖര്‍ഗെയും രാഹുലും ഉള്‍പ്പെടെ സ്വീകരിച്ച തന്ത്രം. മാത്രമല്ല വൊക്കലിഗ സമുദായത്തിന്റെ പ്രമുഖന്‍ എന്ന പദവിക്ക് നേതൃത്വം പ്രാധാന്യം നല്‍കുന്നുവെന്നും സമുദായത്തിന്റെ പ്രതിനിധിയായി പ്രമുഖസ്ഥാനത്ത് മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന താല്‍പര്യം തീവ്രമായി ഉണ്ടെന്ന വികാരം കോണ്‍ഗ്രസ് ഉന്നത നേതൃത്വം ശിവകുമാറിനോട് സൂചിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഒഴിഞ്ഞു മാറുക ശിവകുമാറിന് ഏറെ പ്രയാസമാണ് എന്ന് ഖര്‍ഗെക്ക് അറിയാമായിരുന്നു.

ഇ.ഡി.യും സിബിഐയും ശിവകുമാറിനെതിരായ കേസുകള്‍ വീണ്ടും ഉയര്‍ത്തിയാല്‍ പ്രതിരോധിക്കാന്‍ പാര്‍ടി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണെന്ന തിരിച്ചറിവുണ്ടാക്കാനും വിവിധ ചര്‍ച്ചകളിലൂടെ സാധ്യമായി. മുഖ്യമന്ത്രിയായ ശിവകുമാറിനെ സിബിഐ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായാല്‍ അതിന്റെ ഭാരം താങ്ങാന്‍ പാര്‍ടിക്ക് കഴിയില്ലെന്ന സൂചനയും നേതൃത്വം നല്‍കുകയായിരുന്നു.

Spread the love
English Summary: pshycological move of congress leadership to tackle dk sivakumar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick