Categories
latest news

ത്രിപുര വിജയം: ബിജെപിയെക്കുറിച്ച് മാധ്യമങ്ങള്‍ ഉറക്കെപ്പറയാന്‍ മടിക്കുന്ന മൂന്നു സത്യങ്ങള്‍

ത്രിപുരയില്‍ ഇരട്ട എഞ്ചിന്‍ വിജയം ഉദ്‌ഘോഷിക്കുന്ന ബി.ജെ.പി.യും അതിനെ രഹസ്യദാസ്യം ചെയ്യുന്ന മാധ്യമങ്ങളും പൊതുവെ താഴ്ത്തി വെക്കുന്ന മൂന്നു സത്യങ്ങള്‍ ഉണ്ട്. ഒന്ന് ബിജെപിയുടെ സീറ്റ് മാത്രമല്ല, ജനങ്ങളുടെ വോട്ടിങ് ശതമാനവും താഴോട്ടു പോയിരിക്കയാണ്. 2018-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 51 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് 40.24 ശതമാനം മാത്രം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എടുത്താലും ബിജെപിയുടെ വോട്ട് ഒമ്പത് ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്.

രണ്ട്, ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയും ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. പാര്‍ടിയുടെയും സര്‍ക്കാരിന്റെയും നേതൃസ്ഥാനത്തുള്ള രണ്ടു പേര്‍ ജനകീയ തിരഞ്ഞെടുപ്പില്‍ തോറ്റു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഭരണവിരുദ്ധ വികാരം കാര്യമായി ത്രിപുരയില്‍ ഉണ്ടായിരുന്നു എന്നതാണ്.

thepoliticaleditor


മൂന്ന്, വെറും രണ്ട് ലോക്‌സഭാ മണ്ഡലം മാത്രമുള്ള കൊച്ചു സംസ്ഥാനമായ ത്രിപുരയില്‍ ബിജെപി നടത്തിയ പ്രചാരണത്തിലെ അമിതമായ ധൂര്‍ത്തും ധനദുരുപയോഗവുമാണ്. കേരളത്തിലെ ഒരു ജില്ലയില്‍ പോലും രണ്ടു ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നിരിക്കെ, ത്രിപുരയെന്ന് ചെറിയ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയത് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പാര്‍ടി ദേശീയ അധ്യക്ഷന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംസ്ഥാന മുഖ്യമന്ത്രമാരായ യോഗി ആദിത്യനാഥ് എന്നിവരും ആസ്സാം മുഖ്യമന്ത്രിയായ ഹിമന്ത ബിസ്വ സര്‍മ എന്ന് പ്ലേമേക്കറും ത്രിപുരയുടെ മുക്കിലും മൂലയിലും എത്തി. എന്നു മാത്രമല്ല, കോടിക്കണക്കിനു രൂപ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു എന്ന പരാതിയും ഉയര്‍ന്ന തിരഞ്ഞെടുപ്പായിരുന്നു.

ഗോത്ര വര്‍ഗ മേഖലകളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന സി.പി.എം. അത് മുതലാക്കി വിജയത്തിലെത്താമെന്ന് ചിന്തിച്ചിരുന്നു. ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളഞ്ഞ് പ്രാദേശിക മാധ്യമങ്ങളുടെ നിഗമനങ്ങള്‍ വിശ്വാസത്തിലെടുത്തതും അതു കൊണ്ടായിരുന്നു. എന്നാല്‍ മാണിക്യരാജവംശത്തിലെ രാജാവായ പ്രദ്യോത് ദേബര്‍മയുടെ പാര്‍ടിയായ തിപ്ര മോത 60-ല്‍ 42 സീറ്റിലും സ്വയം മല്‍സരിച്ചു. ഇത്രയും മണ്ഡലങ്ങളില്‍ ത്രികോണ മല്‍സരവും ചിലയിടത്ത് ചതുഷ്‌കോണ മല്‍സരവുമാണ് സി.പി.എം.-കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നേരിടേണ്ടിവന്നത്. ബി.ജെ.പിയുടെ തിളക്കമൊന്നും വലുതായില്ലാത്ത, എന്നാല്‍ തികച്ചും നിര്‍ണായകമായ രണ്ടാം വിജയത്തിന് വഴിയൊരുക്കിയത് തിപ്ര മോത എന്ന തദ്ദേശീയ ഗോത്ര പാര്‍ടിയാണ് എന്നതാണ് യാഥാര്‍ഥ്യം. സി.പി.എമ്മിന് നഷ്ടമായ സീറ്റുകളില്‍ ഭൂരിഭാഗവും ഗോത്രമേഖലയിലെതുമാണ്. 2

018-ല്‍ എട്ട് സീറ്റുകള്‍ നേടിയ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി എന്ന ഗോത്രവര്‍ഗ പാര്‍ടി ഇത്തവണ ഒറ്റ സീറ്റിലേക്ക് പിന്തള്ളപ്പെട്ടത് നല്‍കുന്ന സൂചന ബി.ജെ.പി.ക്ക് ഒരുതരത്തിലും അനുകൂലമല്ലാ എന്നിരിക്കെ തന്നെ അവരുടെ സ്ഥാനാര്‍ഥികള്‍ രക്ഷപ്പെട്ടതിനു കാരണം തിപ്ര മോത സൃഷ്ടിച്ച ത്രികോണ പോരാട്ടം മാത്രമാണെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ ബോധ്യമാകും.
ഇത്രയും കാര്യങ്ങള്‍ കാരണസഹിതം വിശദീകരിച്ചാല്‍ ബി.ജെ.പിയുടെ ത്രിപുരവിജയത്തിന് തിളക്കം ഇല്ലാതായിപ്പോകുമെന്നറിയാവുന്ന മാധ്യമങ്ങള്‍ നിരത്തിയ തലക്കെട്ടുകള്‍ യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്.

Spread the love
English Summary: TRIPURA ELECTION BJP HAS NO MUCH GLAMMER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick