Categories
kerala

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ അന്തസ്സത്തയുമായി ചേരാത്തത്…എന്തുകൊണ്ടെന്ന് പി.ഡി.ടി. ആചാരി വിശദീകരിക്കുന്നു

കേരളത്തിലെ വിശ്രുതനായ പാര്‍ലമെന്‌റി കാര്യവിദഗ്ധനും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറലുമാണ് പി.ഡി.ടി.ആചാരി. അദ്ദേഹം രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനം ശരിയായ രീതിയല്ലെന്ന് വിയോജിക്കുന്നു. സത്യത്തില്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നതനുസരിച്ച് രാഷ്ട്രപതിയുടെ അറിവോടെയും അനുമതിയോടെയുമാണ് അയോഗ്യനാക്കിയ കാര്യം പ്രഖ്യാപിക്കേണ്ടതെന്ന് പി.ഡി.ടി.ആചാരി ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ ഒരു കാര്യം അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അതിന്റെ ചുരുക്കം ഇങ്ങനെയാണ്.: 1965ലെ കുല്‍താര്‍സിങ് വെര്‍സസ് മുക്തിയാര്‍ സിങ് കേസില്‍ സുപ്രീംകോടതി നല്‍കിയ വിധിയില്‍ പറഞ്ഞ പ്രധാനപ്പെട്ട ഒരു പോയിന്റ് രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്.

‘തിരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗങ്ങളിലും പ്രസിദ്ധീകരിക്കുന്ന പ്രചാരണ ലഘുലേഖകളിലും പാര്‍ടികളും സ്ഥാനാര്‍ഥികളും നേതാക്കളും പലപ്പോഴും ആലങ്കാരിക പ്രയോഗങ്ങളും അതിശയോക്തിപരമായ ശൈലികളും പല തരം രൂപകങ്ങളും വികാരമുണര്‍ത്താനായുള്ള വിഭാഗീയമായ കാര്യങ്ങളും എല്ലാം ഉപയോഗിക്കുന്നത് പതിവാണ്. ഇതെല്ലാം തിരഞ്ഞെടുപ്പു കളിയുടെ ഭാഗമാണ്. ഈ വസ്തുത പരിഗണിക്കാതിരിക്കുന്നതും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാമെന്ന് കാണാതിരിക്കുന്നതും യാഥാര്‍ഥ്യബോധമില്ലാത്ത രീതിയാണ്. പരസ്പരം ആക്രമിക്കുന്നതിലെ അതിരുകടന്ന പ്രയോഗങ്ങളും തിരഞ്ഞെടുപ്പു ഗെയിമിന്റെ ഭാഗമാണ്. ഒരു രേഖ വായിക്കുമ്പോള്‍ അത് മൊത്തത്തിലെടുത്ത് അതിന്റെ ഉദ്ദേശ്യവും ഫലവും ന്യായവും വസ്തു നിഷ്ഠവും ന്യായയുക്തവുമായ രീതിയില്‍ നിര്‍ണയിക്കണം. ഇത്തരം തിരഞ്ഞെടുപ്പു പ്രസംഗങ്ങളോ രേഖകളോ ഒരു ന്യായാധിപന്റെ ചേംബറില്‍ പരിഗണിക്കുമ്പോള്‍ ചില ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ട്.’–ഇതായിരുന്നു സുപ്രീംകോടതി വിധിച്ചത്.

thepoliticaleditor

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഈ വിധിപ്രസ്താവത്തിലെ പോയിന്റുകള്‍ പരിഗണിക്കപ്പെട്ടില്ല എന്നതാണ് പി.ഡി.ടി. ആചാരി ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. താന്‍ വ്യക്തിപരമായി ഒരാളെയും വിമര്‍ശിച്ചിട്ടില്ലെന്നും സദുദ്ദേശ്യത്തോടെ അഴിമതിയുടെ അവസ്ഥയെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ വ്യക്തമാക്കിയിരുന്നതാണ്. ഒരു ഇലക്ഷന്‍ റാലിയില്‍ നടത്തിയ അതിഭാവുകത്വം ഉള്ള രൂപകം മാത്രമായിരുന്നു രാഹുലിന്റെത് എന്ന വാദം പരിഗണിക്കാന്‍ കോടതി തയ്യാറായില്ല എന്നിടത്താണ് ചില വിമര്‍ശനങ്ങള്‍ പ്രസക്തമാകുന്നത്.

Spread the love
English Summary: RESPONSE OF PDT ACHARI ON DISQUALIFICATION OF RAHUL GANDHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick