Categories
latest news

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയെന്ന് വിജ്ഞാപനം ഇറങ്ങി

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിധി വന്ന് 24 മണിക്കൂറിനകം തന്നെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദായിരിക്കുന്നുവെന്ന്‌ ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വയനാട് ലോക്‌സഭാ സീറ്റ് ഒഴിവു വന്നിരിക്കുന്നു എന്ന വിജ്ഞാപനമാണ് ഇറങ്ങിയിരിക്കുന്നത് എന്നാണ് അനുമാനിക്കുന്നത്. എം.പി.മാരെ അയോഗ്യരാക്കാന്‍ ലോക്‌സഭാ സെക്രട്ടറിയറ്റിന് അധികാരമില്ല. കോടതി വിധിയോടെ സ്വാഭാവികമായി രാഹുല്‍ഗാന്ധി അയോഗ്യനായി എന്ന് കണക്കാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയറ്റിന്റെ അറിയിപ്പെന്നാണ് കരുതപ്പെടുന്നത്.

എംപിമാരോ എംഎൽഎമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തി 2 വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെട്ട ഉടൻ തന്നെ അവരുടെ പാർലമെന്റിലോ നിയമസഭയിലോ ഉള്ള അംഗത്വം അവസാനിക്കുമെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.

thepoliticaleditor

കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കോപ്പി വെച്ചു കൊണ്ടാണ് വിജ്ഞാപനം. രാഹുല്‍ പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തില്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കം ഉണ്ടെന്നതിന്റെ സൂചന കൂടിയായി ഇത്.

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിനും 15,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത് ഇന്നലെയാണ്. പിന്നീട് മിന്നൽ വേഗത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് കർണാടകയിലെ കോലാറിൽ നടന്ന ഒരു റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് അടിസ്ഥാനം. “മോദി കള്ളന്മാരുടെ കുടുംബപ്പേരാണ്. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത്, അത് ലളിത് മോദിയോ നീരവ് മോദിയോ നരേന്ദ്രമോദിയോ ആകട്ടെ.”- ഇതായിരുന്നു പരാമർശം. ഇതിന് പിന്നാലെ സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുൽ ഗാന്ധി സമുദായത്തെ മുഴുവൻ കള്ളനെന്ന് വിളിച്ചെന്നും സമൂഹത്തിന് ആകെ അപകീർത്തികരമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു . ഈ കേസിൽ വാദം കേൾക്കുന്നതിനിടെ മൂന്ന് തവണ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. 2021 ഒക്ടോബറിൽ അവസാനമായി ഹാജറായപ്പോൾ താൻ അഴിമതിക്കെതിരെ ആണ് സംസാരിച്ചതെന്നു രാഹുൽ കോടതിക്കു മുൻപാകെ ബോധിപ്പിച്ചിരുന്നു.

Spread the love
English Summary: rahul gandhi disqualified

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick