Categories
kerala

ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സി.പി.എം… പൊലീസ് തന്ത്രങ്ങള്‍ മെനയുന്നു

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകളിട്ട് സി.പി.എമ്മിനെ കുരുക്കിലാക്കുന്ന ഷുഹൈബ് വധക്കേസ് പ്രതിയും സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയെ ഇനിയും വെറുതെ വിട്ടാല്‍ വലിയ പ്രശ്‌നമാകും എന്ന തിരിച്ചറിവില്‍ സിപിഎം. സമൂഹമാധ്യമങ്ങളില്‍ സി.പി.എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടുന്ന കുറിപ്പുകള്‍ക്ക് മറുപടിയായ ആകാശ് പ്രതികരിക്കുന്നത് സിപിഎമ്മിനെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് ഉള്‍പാര്‍ടി സൂചനകള്‍. ആകാശിനെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങള്‍ക്ക് പരസ്യമായി മുതിരരുത് എന്ന സന്ദേശം സി.പി.എം. കൈമാറിയിട്ടുണ്ട്. ആകാശ് ഉണ്ടാക്കുന്ന പ്രകോപനങ്ങളില്‍ ചെന്നു ചാടിയാല്‍, സ്വയം പ്രതിരോധത്തിനും സിപിഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുമായി ആകാശ് ഇനിയും പല രഹസ്യകാര്യങ്ങളും വിളിച്ചു പറഞ്ഞാലോ എന്ന ചിന്ത പാര്‍ടിയിലുണ്ട്. ഇതിനെല്ലാം മറുപടി നല്‍കേണ്ടതായി വരും. അതു കൊണ്ടാണ് ആകാശ് ഒരു ക്വട്ടേഷന്‍കാരനാണെന്നും അയാളെ ഒരു രീതിയിലും വെറുതെ വിടില്ലെന്നും നിയമപരമായി വേണ്ടതെല്ലാം ചെയ്യുമെന്നും മാത്രം നേതൃത്വം പറയുന്നത്. ആകാശിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ കാപ്പ പോലുള്ള വകുപ്പുകള്‍ ചുമത്താനും പൊലീസ് ആലോചിക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

ഒപ്പം ഒളിവില്‍ പോയിരിക്കുന്ന ആകാശിനെ പൊക്കാന്‍ പൊലീസിനും കര്‍ശന നിര്‍ദ്ദേശം ആഭ്യന്തര വകുപ്പില്‍ നിന്നും പോയിട്ടുണ്ട്. മന്ത്രി എം.ബി.രാജേഷിന്റെ സ്റ്റാഫിന്റെ ഭാര്യ നല്‍കിയ പരാതി പൊലീസ് ആകാശിനെ പൂട്ടാനായി എടുത്തിരിക്കയാണ്. സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ജാമമില്ലാ വകുപ്പു ചാര്‍ത്തി കേസെടുത്ത പൊലീസ് തില്ലങ്കേരിയിലെ വീട്ടില്‍ പല തവണ ഇതിനകം സെര്‍ച്ച് നടത്തിക്കഴിഞ്ഞു. ആകാശിന്റെ സഹചാരികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. സി.പി.എം. ശക്തി കേന്ദ്രമായ തില്ലങ്കേരിയില്‍ ആകാശിനെയും കൂട്ടരെയും സംരക്ഷിക്കുന്നത് സി.പി.എം. അനുഭാവികളായ ആകാശിന്റെ സുഹൃത്തുക്കള്‍ തന്നെയായിരിക്കാമെന്ന സംശയവും പലയിടത്തുമുണ്ട്. മൂന്നു പേരെയും കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ പൊലീസ് രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരിക്കയാണ്. രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

thepoliticaleditor

അതേസമയം സിപിഎമ്മിനകത്തെ പല കാര്യങ്ങളും അടുത്തറിയുന്ന ആകാശ് തില്ലങ്കേരി തന്ത്രപരമായ രക്ഷാകവചമാണ് ഇത്തരം സമൂഹമാധ്യമ കുറിപ്പുകളിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. ആകാശിനെതിരെ പാര്‍ടി തലത്തില്‍ ആക്രമണനടപടികളൊന്നും ഉണ്ടാകാതിരിക്കാനുള്ള തന്ത്രമായി ഇതിനെ കാണുന്നുണ്ട്. ശാരീരികമായി താന്‍ ആക്രമിക്കപ്പെട്ടാല്‍ ഇനി ഉത്തരവാദിത്വ മുന സ്വാഭാവികമായും സി.പി.എമ്മിലേക്കു മാത്രമായിരിക്കും നീങ്ങുക. അത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനേ ഉപകരിക്കൂ എന്നതിനാല്‍ തന്റെ സമൂഹമാധ്യമ പ്രതികരണങ്ങളിലൂടെ തല്‍ക്കാലം രക്ഷാകവചം തീര്‍ത്ത് ഒളിവു യുദ്ധം നടത്തുകയാണ് ആകാശ്. അതിന് എവിടെ നിന്നാണ് സഹായം ലഭിക്കുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കെഷന്‍ നോക്കിയും അല്ലാതെ തിരച്ചില്‍ നടത്തിയുമൊന്നും ആകാശിനെ പറ്റി ഒരു വിവരവും പൊലീസിന് കിട്ടുന്നില്ലെന്നത് സേനയുടെ കഴിവുകേടായി പോലും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുമുണ്ട്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ സ്ത്രീത്വാപമാനക്കേസില്‍ എത്രയും പെട്ടെന്ന് ആകാശിനെ എടുത്ത് അകത്താക്കാനുള്ള തന്ത്രങ്ങളിലാണ് പൊലീസ്.

Spread the love
English Summary: police shapes strategy to sack akkash thillenkeri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick