Categories
latest news

എന്‍.ഡി.ടി.വി. ഇനി അദാനിയുടെ കൈയ്യിലേക്ക്‌…മോദിയെ പുകഴ്‌ത്താത്ത ചാനല്‍ ഇനി ഓര്‍മയാകും

ഇന്ത്യയുടെ ചാനല്‍ ആകാശത്ത്‌ ഇനി പ്രതിശബ്ദങ്ങളുടെ നേരിയ പ്രതിധ്വനി പോലും ഇല്ലാതെയാവുമെന്ന ആശങ്ക ഉയര്‍ത്തുന്ന ഒരു കൈമാറ്റം ഇന്നലെ നടന്നു. 2002-ലെ ഗുജറാത്ത്‌ കലാപത്തിന്റെ നടുക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും ലോകത്തിന്‌ മുന്നിലെത്തിച്ച്‌ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയ എന്‍.ഡി.ടി.വി.യെ അദാനി ഗ്രൂപ്പ്‌ വിഴുങ്ങി. അദാനി ഗ്രൂപ്പും, അംബാനി ഗ്രൂപ്പും, സീ ഗ്രൂപ്പും ചേര്‍ന്ന്‌ ഇനി ഇന്ത്യന്‍ ടെലിവിഷന്‍-ന്യൂമീഡിയ ലോകം ഭരിക്കും. വര്‍ഷങ്ങളായ ദേശീയ മാധ്യമങ്ങളില്‍ നിറയുന്ന കേന്ദ്രസര്‍ക്കാര്‍ വിധേയത്വം ഒരു പ്രതിശബ്ദം പോലുമില്ലാത്ത തരത്തിലേക്ക്‌ നീങ്ങുകയാണെന്ന സൂചനകള്‍ ശക്തം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ഉദയം കൊണ്ട്‌ വസ്‌തുനിഷ്‌ഠമായ ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ പ്രതീകമായി ഉയര്‍ന്നു വന്ന എന്‍.ഡി.ടി.വി.യുടെ ഉദയത്തിനു പിന്നില്‍ പ്രശസ്‌തനായ തിരഞ്ഞെടുപ്പു വിശകലന വിദഗ്‌ധനായിരുന്ന പ്രണോയ്‌ റോയിയും ഭാര്യ രാധിക റോയിയും ആയിരുന്നു. എന്നാല്‍ അവര്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ഇക്വിറ്റി മൂലധനത്തിന്റെ 99.5 ശതമാനവും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യലിന്‌ കൈമാറി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന എന്‍.ഡി.ടി.വി.-.യെ വര്‍ഷങ്ങളായി ബി.ജെ.പി. ഉന്നംവെച്ച്‌ പിന്തുടരുന്നുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന്‌ നിയന്ത്രണമുള്ള വിശ്വപ്രധാന്‍ പ്രൈവറ്റ്‌ ലിമിറ്റഡില്‍ നിന്നും രണ്ട്‌ ഘട്ടങ്ങളിലായി 403 കോടി രൂപ എന്‍.ഡി.ടി.വി. വായ്‌പ എടുത്തിരുന്നു -2009ല്‍ 350 കോടിയും 2010-ല്‍ 53 കോടിയും). ഇതാണ്‌ ചാനലിന്‌ പിന്നീട്‌ ബാധ്യതയായതും വിശ്വപ്രധാന്‍ ലിമിറ്റഡ്‌ ചാനലിലെ ഓഹരികള്‍ വാങ്ങുന്നതിലേക്ക്‌ നയിച്ചതും. 2016-ല്‍ സംപ്രേഷണം നിരോധിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട്‌ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ പ്രണോയിയുടെയും രാധികയുടെയും വീടുകളില്‍ ആദായനികുതി റെയ്‌ഡുകള്‍ നടത്തി സമ്മര്‍ദ്ദം ശക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അപ്രീതി ഭയന്ന്‌ എന്‍.ഡി.ടി.വി.ക്ക്‌ സാമ്പത്തികമായി സഹായിക്കാന്‍ കമ്പനികള്‍ ഭയന്നു.

രാജ്‌ദീപ്‌ സര്‍ദേശായിയും രവീഷ്‌കുമാറും ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭമതികളായ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട്‌ ശക്തമായിരുന്ന എന്‍.ഡി.ടി.വി. വര്‍ഷങ്ങളായി തളര്‍ന്നു വരികയായിരുന്നു. സാമ്പത്തിക കുരുക്കിലായി മാറിയ ചാനലിനെ അദാനി ഗ്രൂപ്പിന്‌ ഏറ്റെടുക്കാന്‍ എളുപ്പമായിത്തീരുകയും ചെയ്‌തിരിക്കുന്നു.

thepoliticaleditor

എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയിയും രാധിക റോയിയും ന്യൂഡൽഹി ആസ്ഥാനമായുള്ള മീഡിയ കമ്പനിയുടെ പ്രൊമോട്ടർമാരായ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡിൽ നിന്ന് രാജിവെച്ചതായി ഇന്നലെയാണ് അറിയിച്ചത്. പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും രാജിക്ക്ബോർഡ് ഇന്നലെ തന്നെ അംഗീകാരം നൽകി. പകരം സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ ചെങ്കൽവരയൻ എന്നിവരെ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡ് ഡയറക്ടർമാരായി തിരഞ്ഞെടുത്തു..ഇക്വിറ്റി മൂലധനത്തിന്റെ 99.5 ശതമാനം വരുന്ന ഓഹരികൾ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യലിലേക്ക് കൈമാറിയതായി ആർആർപിആർ ഹോൾഡിംഗ് തിങ്കളാഴ്ച അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം നടന്നത്. എൻഡിടിവിയിലെ 29.18 ശതമാനം ഓഹരികളിൽ അദാനി ഗ്രൂപ്പിന് ഇനി നിയന്ത്രണം ഉണ്ടാകും. എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഇത് അദാനിയെ മാറ്റുന്നു. നിയമപരമായ നിർവചനം അനുസരിച്ച് പ്രണോയ് റോയിയും രാധിക റോയിയും എൻഡിടിവിയുടെ പ്രൊമോട്ടറായി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും അത് അദാനിയുടെ ശക്തിയിൽ കുറവ് വരുത്തുന്നില്ല. ആർആർപിആർ ഹോൾഡിംഗ്‌സിന്റെ ബോർഡിൽ നിന്ന് മാത്രമാണ് രാജിവെച്ചത്, അല്ലാതെ എൻഡിടിവിയുടെ ബോർഡിൽ നിന്നല്ല എന്ന് വാദമുണ്ടെങ്കിലും പുതിയ പ്രമോട്ടർമാരെ നിയമിക്കാൻ അദാനിക്ക് അവസരം നിയമപരമായി ലഭിക്കും.

Spread the love
English Summary: pranoy and radhika roy resigns from the rrpr board

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick