Categories
kerala

കേരളം “രാ..ഗാ”യ്ക്ക് വേണ്ടി കാത്തിരിക്കുന്നു…ഗെലോട്ട്‌ വേണ്ട, തരൂരും വേണ്ട

കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളും അണികളും ഇപ്പോള്‍ ഒന്നേ ആഗ്രഹിക്കുന്നുള്ളൂ…രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരിച്ചുവരണം. നെഹ്‌റുകുടുംബത്തോട്‌ ഇത്രയും ചേര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസ്‌ സമൂഹം കേരളത്തിലേ ഇപ്പോള്‍ ഉള്ളൂ. കെ.സി.വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ ആരാധകന്‍ കൂടിയാണ്‌. ജോഡോ യാത്ര തുടങ്ങിയ ശേഷം രാഹുലിനോടൊപ്പം നിഴലായി നടന്ന ഒരേയൊരു നേതാവാണ്‌ കെ.സി. രാഹുല്‍ കേരളത്തില്‍ എപ്പോള്‍ വന്നാലും എവിടെ വന്നാലും എത്ര നാള്‍ നിന്നാലും മുഴുവന്‍ സമയവും ഒപ്പം കെ.സി.യും ഉണ്ടാകും. ഈ കെ.സി.യെ ജോഡോ യാത്രയ്‌ക്കിടെ ഡല്‍ഹിക്ക്‌ അടിയന്തിരമായി വിളിപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ തിരമാല പോലെ ഉയര്‍ന്നിരിക്കയാണ്‌. സംഘടനാ കാര്യങ്ങള്‍ക്കായുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ സോണിയ അടിയന്തിരമായി വിളിച്ചുവരുത്തുന്നതെന്തിനാണെന്ന ചോദ്യം എല്ലാ കോണ്‍ഗ്രസുകാരും ചോദിക്കുന്നു. ഇനി രാഹുല്‍ തന്നെ അധ്യക്ഷനായി വരുന്നതിന്‌ സമ്മതിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്‌ ആവിഷ്‌കരിക്കാനാണോ രാഹുലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ വിളിപ്പിച്ചത്‌.

ശശി തരൂര്‍ വിശ്വപൗരനൊക്കെയാണ്‌. വേണമെങ്കില്‍ മല്‍സരിച്ചോ എന്ന്‌ സോണിയ തരൂരിനോട്‌ പറഞ്ഞും കഴിഞ്ഞു. പക്ഷേ മനസ്സില്‍ പറഞ്ഞത്‌ വേറെയായിരിക്കാനാണ്‌ സാധ്യത-നീ അടുപ്പില്‍ വെച്ച വെള്ളം അങ്ങ്‌ വാങ്ങിവെച്ചേരെ എന്ന മട്ടിലുള്ള ചിന്തയായിരിക്കും സോണിയക്കും അനുയായികള്‍ക്കും. മല്‍സരം ഉണ്ടാകുമെന്ന സൂചന എന്തായാലും തരൂരിലൂടെ സോണിയ തിരിച്ചറിയുന്നു. ഇതോടെ രംഗം ഗൗരവപൂര്‍ണമാകുകയാണ്‌. മല്‍സരിക്കാന്‍ ആളുണ്ടാകുമെന്നൊക്കെ വെറുതെ ഭീഷണിപ്പരുവത്തില്‍ പറയുന്നതായിരിക്കും എന്ന ചിന്തയായിരുന്നു ഇതേവരെ. സമയമാകുമ്പോള്‍ എല്ലാം മാഞ്ഞു പോയി സോണിയാജിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ അവരുടെ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന പ്രതീക്ഷയായിരുന്നു. അത്‌ പതുക്കെ മങ്ങുകയാണ്‌.

പക്ഷേ തരൂരിനെ സ്വന്തം നാട്ടുകാര്‍ തന്നെ തള്ളിപ്പറഞ്ഞത്‌ സോണിയക്ക്‌ തെല്ല്‌ ആശ്വാസമല്ല ഉണ്ടാക്കിയിരിക്കുന്നത്‌. നെഹ്‌റു കുടുംബം തീരുമാനിക്കുന്ന ആള്‍ക്കല്ലാതെ കേരളത്തിലെ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പിന്നെ നേരത്തെ കെ.സുധാകരന്‍ പറഞ്ഞതു പോലെ വല്ല മനസ്സാക്ഷി വോട്ടും തരൂരിന്‌ കിട്ടിയാലായി. തരൂർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും പിന്തുണ രാഹുലിന് മാത്രമേ ഉള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് എംപി ബെന്നി ബഹനാൻ പറഞ്ഞു കഴിഞ്ഞു.

അതേസമയം, വിശ്വസ്‌തനായ അശോക്‌ ഗെലോട്ടിനെ അധ്യക്ഷനായി മല്‍സരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുക എന്ന ഇക്കാലത്തെ ഏറ്റവും വലിയ സാഹസികതയ്‌ക്ക്‌ ഗെലോട്ട്‌ തയ്യാറാകണമെങ്കില്‍ തന്റെ പാവയായി പ്രവര്‍ത്തിക്കുന്നയാള്‍ക്ക്‌ മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ഗെലോട്ടിന്റെ ആവശ്യം സോണിയ നിരാകരിച്ചുവെന്നും റിപ്പോര്‍ട്ടുള്ളതിനാല്‍ പകരം ഇനി അധ്യക്ഷസ്ഥാനത്തേക്ക്‌ മറ്റു ചില പേരുകള്‍ കയറിവന്നിട്ടുണ്ട്‌. അതേക്കുറിച്ച്‌ വേഗം തീരുമാനിക്കേണ്ടത്‌ ആവശ്യമായതിനാലാണ്‌ കെ.സി.യെ അടിയന്തിരമായി ഡെല്‍ഹിയിലേക്ക്‌ വിളിപ്പിച്ചതെന്നാണ്‌ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്‌. അതേസമയം രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്‌ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പിച്ചു പറയുന്നത്‌. “രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങൾക്കും പാർട്ടിക്കും ഊർജം പകരാനുള്ള കഴിവ് അദ്ദേഹത്തിനു മാത്രമേയുള്ളൂ. ഒരു സംശയവുമില്ലാതെ, രാഹുൽ മതേതരത്വത്തിന്റെ യഥാർത്ഥ ചാമ്പ്യനാണ് “- മുല്ലപ്പള്ളി പറയുന്നു.

രാഹുൽ എന്തിന് വിട്ടുനിൽക്കണം? അദ്ദേഹം മുൻ സീറ്റിൽ ഇരിക്കണം – ഇതാണ് ബെന്നി ബെഹനാൻ പറയുന്നത്. ഇങ്ങനൊക്കെ അഭിപ്രായം പുറത്തു വരുന്നതിനിടയില്‍ പെട്ടെന്ന്‌ കെ.സി. വേണുഗോപാലനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചത്‌ രാഹുലിന്റെ കാര്യം തീരുമാനിക്കാനാണോ….കെ.സി. ഡല്‍ഹിയിലേക്ക്‌ പോയത്‌ രാഹുല്‍ കൂടി അറിഞ്ഞുള്ള നാടകമാണോ…അടുത്ത ദിവസം രാഹുല്‍ കൂടി ഡല്‍ഹിയിലേക്ക്‌ പോകാനിരിക്കയാണ്‌ എന്നതും ചേര്‍ത്ത്‌ ഇതൊക്കെ വായിക്കാന്‍ തുടങ്ങിയിരിക്കയാണ്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍., അല്ലാത്തവരും!!

Spread the love
English Summary: congress in kerala for rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick