Categories
kerala

ചുവടുകള്‍ പിഴച്ച്‌ ഗവര്‍ണര്‍, വീഡിയോ ദൃശ്യങ്ങള്‍ തിരിച്ചടിച്ചു…വാദങ്ങള്‍ പൊളിഞ്ഞു

ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെക്കുറിച്ച്‌ ഇന്ന്‌ ആരും ഓര്‍ത്തു പോകാവുന്ന ഒരു കാര്യം, അദ്ദേഹം ഇന്നത്തെ വാര്‍ത്താ സമ്മേളനം നടത്താതെ നേരത്തെ പറഞ്ഞ വാക്കുകളും എടുത്ത നിലപാടുകളില്‍ തുടര്‍ നടപടിയുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ വലിയ സ്വീകാര്യത ലഭിച്ചേനെ എന്നതാണ്‌. ഇന്ന്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച വാദങ്ങള്‍ ഫലത്തില്‍ മുഖ്യമന്ത്രിക്ക്‌ അദ്ദേഹത്തിന്‌ മറുപടിയേ നല്‍കേണ്ട ആവശ്യമില്ലാത്ത തലത്തിലേക്ക്‌ എത്തിച്ചിരിക്കയാണ്‌. മാത്രമല്ല, നേരത്തെ ഗവര്‍ണറെ ന്യായീകരിച്ചവര്‍ പോലും അദ്ദേഹത്തിന്റെ അപക്വമായ വര്‍ത്തമാനത്തോട്‌ എതിര്‍പ്പുമായി രംഗത്തു വരികയും ചെയ്‌തിരിക്കുന്നു.
ഗവര്‍ണര്‍ ഉന്നയിക്കാനുദ്ദേശിച്ച രണ്ടു കാര്യങ്ങള്‍ ഒരര്‍ഥത്തില്‍ കേരളം ഗൗരവത്തില്‍ ചര്‍ച്ച ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളാണ്‌. ഒന്ന്‌-ലോകായുക്ത നിയമത്തിന്റെ ചിറകരിയുന്നു എന്ന പരാതി. രണ്ട്‌ സര്‍വ്വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട്‌ ഇടപെടുന്ന സാഹചര്യമൊരുക്കാന്‍ തക്ക രീതിയില്‍ നിയമം മാറ്റുന്നു എന്നത്‌. ഗവര്‍ണറുടെ ഒട്ടേറെ നിലപാടുകളോട്‌ വിയോജിക്കുമ്പോഴും പ്രതിപക്ഷം ഇതു രണ്ടിനെയും പിന്താങ്ങുന്നുണ്ട്‌. ഇത്‌ പക്വതയോടെ ഉപയോഗപ്പെടുത്താന്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ കഴിഞ്ഞില്ല. താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഗൗരവമായ ചര്‍ച്ചയ്‌ക്കിടം നല്‍കി നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ കണ്ട കുറുക്കുവഴി മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു. ഇവിടെ അദ്ദേഹത്തിന്‌ പിഴച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ണൂരില്‍ നടന്ന ഒരു ചടങ്ങിലെ പ്രതിഷേധത്തില്‍ ഇപ്പോള്‍ ഗവര്‍ണര്‍ വലിയ കൊടുങ്കാറ്റുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഫലത്തില്‍ അത്‌ തിരിച്ചടിയാവുകയാണ്‌ ചെയ്യുന്നത്‌. വീഡിയോ ദൃശ്യം കാണിച്ച്‌ ഗവര്‍ണര്‍ പറയുന്ന ഒരു കാര്യവും ആ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല എന്നതാണ്‌ സത്യം. കെ.കെ.രാഗേഷിനെതിരായുള്ള ആരോപണം ഒരര്‍ഥത്തിലും നിലനില്‍ക്കുന്നതല്ല. രാജ്യസഭാ എം.പി. എന്ന നിലയിലും കണ്ണൂരിലെ നേതാവ്‌ എന്ന നിലയിലും പ്രതിഷേധക്കാരെ ശാന്തരാക്കാനും സംഘര്‍ഷം ലഘൂകരിക്കാനും രാഗേഷ്‌ ശ്രമിച്ചതില്‍ ഗവര്‍ണര്‍ മാത്രമാണ്‌ തെറ്റു കാണുക. വേദിയില്‍ ഇരുന്ന ജനപ്രതിനിധിയായ രാഗേഷ്‌ സംഘര്‍ഷം കണ്ടപ്പോള്‍ സദസ്സിലേക്ക്‌ പോയ്‌ക്കൂടാ എന്ന ഗവര്‍ണറുടെ ന്യായം അസംബന്ധമല്ലേ. ഇര്‍ഫാന്‍ ഹബീബ്‌ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ ഗവര്‍ണര്‍ അതു തെളിയിക്കാനായി കാട്ടിയ വീഡിയോ അദ്ദേഹത്തിന്റെ വാദം പരമദയനീയമായി പൊളിച്ചുകളയുന്നുണ്ട്‌.

പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ കണ്ണൂര്‍ ചരിത്രകോണ്‍ഗ്രസ്‌ വേദിയില്‍ സംസാരിച്ച്‌ സംഘര്‍ഷമുണ്ടാക്കി വാര്‍ത്ത സൃഷ്ടിച്ച ഗവര്‍ണര്‍ അതിനു ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന ഭാഗം ഒരെതിര്‍പ്പും കൂടാതെ വായിച്ചത്‌ മലയാളികള്‍ മറന്നിട്ടില്ല. ഇത്രേയുള്ളൂ അദ്ദേഹത്തിന്റെ എതിര്‍പ്പിന്റെ അവസ്ഥ. തനിക്ക്‌ വ്യക്തിപരമായി നേട്ടം ലഭിക്കുന്നതിനായി ഗവര്‍ണര്‍ പദവിയെ ഉപയോഗിക്കുന്ന രീതിയാണ്‌ ആരിഫ്‌ ഖാന്റെത്‌ എന്ന്‌ ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളതാണ്‌. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക്‌ പരിഗണിക്കപ്പെടുവാന്‍ ആഗ്രഹിച്ചാണെന്നു പറയുന്നു ആരിഫ്‌ ഖാന്‍ പല വാര്‍ത്തകളും സൃഷ്ടിച്ചിട്ടുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചത്‌ മുഖ്യമന്ത്രി തന്നെയാണ്‌. എന്തെങ്കിലും കിട്ടുന്നെങ്കില്‍ ആയ്‌ക്കോട്ടെ എന്നു കരുതിയാണ്‌ ഇതുവരെ മിണ്ടാതിരുന്നതെന്നും പിണറായി വിജയന്‍ പരസ്യമായി പറയുകയുണ്ടായി.
പിന്നീട്‌ നൂറാംകിട പ്രതിപക്ഷ രാഷ്ട്രീയക്കാരനെ പോലെ സര്‍ക്കാരിനെതിരെയും കെ.ടി. ജലീല്‍, ഇ.പി.ജയരാജന്‍, സജി ചെറിയാന്‍, കെ.കെ.രാഗേഷ്‌ തുടങ്ങി പലര്‍ക്കെതിരെയും ഗവര്‍ണര്‍ പറഞ്ഞ വാക്കുകള്‍ തറനിലവാരം മാത്രം ഉള്ളതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയെ പോലെ സംസ്ഥാനത്തിലെ പ്രതിനിധിയാണ്‌ ഗവര്‍ണര്‍ എന്നാണല്ലോ വെപ്പ്‌. ആ പദവിക്ക്‌ അതിന്റെതായ മാന്യതയും ഉദാത്തതയും ഉണ്ട്‌. അത്‌ മുഴുവനായി കളഞ്ഞു കുളിക്കുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ രാജ്‌ഭവനില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ആരിഫ്‌ ഖാന്‍ അവതരിപ്പിച്ചത്‌. ആര്‍.എസ്‌.എസ്‌.-ന്‌ ഇത്രമാത്രം താന്‍ വിധേയനാണ്‌ എന്ന്‌ പരസ്യമായി പറയുന്ന ഗവര്‍ണര്‍മാര്‍ ബി.ജെ.പി. നിയോഗിച്ചവരില്‍ ആരും ഉണ്ടാകാനിടയില്ല.

thepoliticaleditor

അതേസമയം ഗവര്‍ണര്‍ ഉയര്‍ത്തിയ കാതലായ വിഷയങ്ങള്‍ കാണാമറയത്തേക്കു പോയി എന്നതാണ്‌ അദ്ദേഹം കാണിച്ച അപക്വമായ ഷോയുടെ ബാക്കിപത്രം. ഒരു ചെറുമറുപടി പോലും നല്‍കാതെ സ്വന്തം ഇമേജിന്‌ ലാഭമുണ്ടാക്കാന്‍ പിണറായി വിജയന്‌ സഹായം ചെയ്‌തിരിക്കയാണ്‌ ആരിഫ്‌ ഖാന്‍. വ്യാജ തെളിവുകള്‍ നിരത്തി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന ആള്‍ എന്ന ആരോപണം ഇടതുപക്ഷം ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിക്കഴിഞ്ഞു. സ്വപ്‌നസുരേഷിന്റെയും ഗവര്‍ണറുടെയും വാദങ്ങളിലെ സമാനതകള്‍ എടുത്തിട്ട്‌ സര്‍ക്കാരിനെതിരെ സംഘപരിവാറിന്റെ ഗൂഢാലോചന എന്ന പ്രചാരണം കൊണ്ടുവന്നു കഴിഞ്ഞു ഇടതുസൈബര്‍ കേന്ദ്രങ്ങള്‍. ഇത്‌ വരും നാളുകളില്‍ രംഗം കീഴടക്കിയേക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick