Categories
kerala

മനോരമയുടെ തലക്കെട്ട്‌ സ്വപ്നം ഫലിച്ചില്ല…കേരള ഖജനാവിന്‌ ഒന്നും സംഭവിച്ചില്ല…

ഓണത്തിന്‌ ശേഷം പിണറായി സര്‍ക്കാര്‍ വലിയ കടക്കെണിയിലാവുമെന്ന്‌ ഏറ്റവും ഉല്‍ക്കടമായി ആഗ്രഹിച്ച മാധ്യമമായിരുന്നുവോ മനോരമ? സപ്‌തംബര്‍ 11-ന്‌ മനോരമയുടെ തലക്കെട്ട്‌ വായിച്ച്‌ മലയാളികള്‍ പകച്ചു പോകുകയും ഈ പിണറായി സര്‍ക്കാര്‍ എന്ത്‌ തോന്ന്യാസമാണീ ഓണക്കാലത്തെല്ലാം ചെയ്‌തു കൂട്ടിയത്‌ എന്ന്‌ മനസ്സില്‍ അമര്‍ഷം കൊള്ളുകയും ചെയ്‌തിരിക്കാം. “ഓണം കഴിഞ്ഞപ്പോള്‍ ഖജനാവ്‌ ശൂന്യം, കടുത്ത ട്രഷറി നിയന്ത്രണം വരും, മുണ്ട്‌ മുറുക്കി ഉടുക്കും”-ഇതായിരുന്നു മനോരമ പത്രത്തിന്റെ സ്‌തോഭജനകമായ തലക്കെട്ട്‌. “ഓണച്ചെലവ്‌ 15,000 കോടി, സര്‍ക്കാര്‍ ഇനി പാടുപെടും” എന്ന മറ്റൊരു തലക്കെട്ട്‌ നേരത്തെ കൊടുത്തത്‌ വാര്‍ത്തയ്‌ക്കിടയില്‍ നല്ല പ്രധാന്യത്തോടെ ഫ്രീസ്‌ ചെയ്‌ത്‌ കൊടുത്തിട്ടുമുണ്ടായിരുന്നു. കേന്ദ്രവിഹിതം നാളെ കിട്ടിയില്ലെങ്കില്‍ ഓവര്‍ ഡ്രാഫ്‌റ്റ്‌, പിണറായി സര്‍ക്കാര്‍ പാപ്പരായി, കഴിഞ്ഞ ആറു വര്‍ഷമായി ഇല്ലാത്ത ട്രഷറി നിയന്ത്രണം വരാന്‍ പോകുന്നു എന്നിവ ഹൈലൈറ്റ്‌. കേന്ദ്ര ഗ്രാന്റ്‌ കിട്ടിയില്ലെങ്കില്‍ കേരളം പെടും. എന്നിട്ടും ധൂര്‍ത്ത്‌ തന്നെ എന്നീ ഉപ വാര്‍ത്തകളും തലക്കെട്ടു വാര്‍ത്തയ്‌ക്കൊപ്പം നല്‍കി സംഗതി കൊഴുപ്പിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നും വെയ്‌സ്‌ ആന്റ്‌ മീന്‍സ്‌ അഡ്വാന്‍സ്‌ കിട്ടിയില്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരുമെന്ന കടും പ്രയോഗവും വാര്‍ത്തയിലുണ്ടായിരുന്നു. മൊത്തം സീനായ ഐറ്റം.

തീര്‍ച്ചായായും നല്ല ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത തന്നെ. ഓണക്കാലത്ത്‌ കിറ്റുള്‍പ്പെടെയുള്ള സമ്മാനങ്ങളും സകലമാന സാമൂഹിക പെന്‍ഷനും ബോണസും അലവന്‍സുകളുമുള്‍പ്പെടെ എല്ലാ തരം ആനുകൂല്യങ്ങളും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കുളള രണ്ട്‌ മാസത്തെ ശമ്പളവും എല്ലാം കൊടുത്ത്‌ മൊത്തം ഓണത്തിന്‌ ഒരു പരാതിയുമില്ലാതെ ജനത്തെ കൈകാര്യം ചെയ്‌ത പിണറായി സര്‍ക്കാര്‍ ചെയ്‌തത്‌ കേരളത്തെ കടക്കെണിയിലാക്കിയ പാതകമാണെന്ന്‌ തെളിയിക്കാന്‍ മനോരമയ്‌ക്കുളള രാഷ്ട്രീയ വ്യഗ്രത ഈ വാര്‍ത്തയ്‌ക്കു പിറകിലുണ്ടെന്ന്‌ അന്നേ സി.പി.എം. സാമ്പത്തിക വിദഗ്‌ധര്‍ പറഞ്ഞിരുന്നു. മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ എന്താണ്‌ വെയ്‌സ്‌ ആന്‍ഡ്‌ മീന്‍സ്‌ എന്നു വിശദീകരിച്ചു കൊണ്ട്‌ ഇതൊന്നും സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയേയല്ല എന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. എന്നിട്ടും മനോരമ വായിച്ച മലയാളിക്ക്‌ ആശങ്ക തുടര്‍ന്നു.
സെപ്‌തംബര്‍ 11 കഴിഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞു. പക്ഷേ ട്രഷറി പൂട്ടിയില്ല. ഓവര്‍ ഡ്രാഫ്‌റ്റിലായില്ല. സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടായില്ല. മനോരമയുടെ വാര്‍ത്ത പൊളിഞ്ഞ്‌ പാളീസായി. യു.ഡി.എഫിന്‌ വേണ്ടിയെന്നോണം ആവേശത്തിലെഴുതിയ എല്ലാ ഊഹങ്ങളും ആവിയായിപ്പോയി. ഏത്‌ വാര്‍ത്താപത്രത്തിന്റെയും തലക്കെട്ട്‌ സാധാരണ അവര്‍ക്ക്‌ ഫോളോ അപ്‌ വാര്‍ത്ത നല്‍കാനുള്ള ബാധ്യത ഉള്ള ഐററമായിരിക്കുമല്ലോ. വാര്‍ത്തയെ പിന്‍തുടരുന്ന കാര്യത്തില്‍ മലയാളത്തില്‍ ഏറ്റവും പ്രൊഫഷണലായ മാധ്യമവും മനോരമ തന്നെയാണ്‌. എന്നിട്ടും മനോരമ സപ്‌തംബര്‍ 11-ന്റെ സ്‌തോഭകരമായ വാര്‍ത്ത ഫോളോ അപ്‌ ചെയ്‌തില്ല. ട്രഷറി പൂട്ടിയില്ല എന്ന വാര്‍ത്ത ഉള്‍പ്പെടെ ഒന്നും പിന്നീട്‌ കാര്യമായ വാര്‍ത്തയായില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഒരു വിശകലന വാര്‍ത്തയും ഇത്രയും ദിവസമായിട്ടും മനോരമയുടെ ഒന്നാം പേജിലോ പ്രധാന പേജുകളിലോ വന്നതായി വായനക്കാരും ഓര്‍മിക്കുന്നില്ല. പകരം പുതിയ ഐററം വന്നു-മന്ത്രിമാരുടെ വിദേശ യാത്ര വലിയ പാഴ്‌ച്ചെലവായിത്തീരുമെന്ന പരോക്ഷ സൂചന വരുന്ന വാര്‍ത്തകള്‍. ലോകം ഒരു ആഗോളഗ്രാമം പോലെയായിരിക്കുന്ന ഇക്കാലത്ത്‌ വിദേശയാത്ര എന്നത്‌ മാനവ വിഭവ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടിസ്ഥാന ഘടകമാണെന്ന്‌ അറിയുന്ന മാധ്യമപ്രവര്‍ത്തകരുള്ള ഒന്നാം നമ്പര്‍ പത്രമാണെങ്കിലും നല്ല മനോരാജ്യങ്ങള്‍ സമ്മാനിക്കുന്ന കാര്യത്തില്‍ മനോരമ തന്നെ ഇപ്പോഴും മുന്നില്‍.!!!

thepoliticaleditor
Spread the love
English Summary: headline of manorama newspaper

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick