Categories
latest news

തരൂരിന്റെ ഡിപ്ലോമസി കോണ്‍ഗ്രസിനെ സജീവമാക്കും…പക്ഷേ ജനകീയമാക്കില്ല

ശശി തരൂര്‍ ആഗോളമായി അറിയപ്പെടുന്നത്‌ ഒരു ഡിപ്ലോമാറ്റ്‌ എന്ന നിലയിലാണ്‌, അല്ലാതെ രാഷ്ട്രീയക്കാരനായിട്ടല്ല. തരൂരിന്റെ നയതന്ത്രം ഐക്യരാഷ്ട്രസഭയില്‍ നിന്നും തുടങ്ങി ഇപ്പോള്‍ കോണ്‍ഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പില്‍ വരെ എത്തി നില്‍ക്കുന്നു. തരൂര്‍ കോണ്‍ഗ്രസ്‌ നേതാവായിരിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിന്‌ തീര്‍ച്ചയായും വലിയ ഊര്‍ജ്ജം തന്നെയാണ്‌. ഏറ്റവും പ്രധാനം ഇടത്തരം, മധ്യവര്‍ഗ ജനങ്ങള്‍ക്കിടയിലെ തരൂരിന്റെ ഇമേജ്‌ തന്നെയാണ്‌. ഒപ്പം ആഗോളമായി എന്തു വിഷയത്തെയും അഡ്രസ്‌ ചെയ്യാനുള്ള ആധികാരികതയും കരുത്തും നയപരമായ വിലയിരുത്തലുകളും ചില പ്രത്യേകമായ ഉള്‍ക്കാഴ്‌ചകളും, വലിയ പാണ്ഡിത്യവും ബുദ്ധി ജീവി ഇമേജും തരൂരിലൂടെ കോണ്‍ഗ്രസിന്‌ സമൂഹത്തിലെ “പാല്‍പ്പാട”(ക്രീമി ലെയര്‍) വിഭാഗങ്ങള്‍ക്കിടയിലും ബ്യൂറോക്രാറ്റുകള്‍ക്കിടയിലും വിവിധ രാഷ്ട്ര നേതാക്കള്‍ക്കിടയിലുമൊക്കെ വലിയ സ്വീകാര്യത സൃഷ്ടിക്കുന്നതിന്‌ കാരണമാകും.
ശശി തരൂര്‍ ആദ്യമായി കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക്‌ മല്‍സരിക്കാനായി ഹൈക്കമാന്‍ഡിന്റെ സഹായത്തോടെ എത്തുമ്പോള്‍ അദ്ദേഹത്തെ സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാവരും എതിര്‍ക്കുകയാണുണ്ടായത്‌. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ തരൂര്‍ അത്‌ മറികടന്നു. എന്നാല്‍ തരൂര്‍ തിരുവനന്തപുരത്തെ സമൂഹത്തിന്‌ പൊതുവെ സ്വീകാര്യനായി. അത്‌ തീര്‍ച്ചയായും തലസ്ഥാനത്തെ ജനസമൂഹത്തിന്റെ ചില മാനസികാവസ്ഥകള്‍ തരൂരിന്റെ മേല്‍പ്പറഞ്ഞ ചില വ്യക്തി സവിശേഷതകളുമായി ഇണങ്ങിയതു മൂലമാണ്‌. ഇത്‌ കോണ്‍ഗ്രസിന്‌ ഫലത്തില്‍ ഗുണകരമായി വരികയാണ്‌ ചെയ്‌തത്‌. അതു കൊണ്ടു തന്നെ പിന്നീട്‌ തരൂരിനോടുള്ള എതിര്‍പ്പും കുറഞ്ഞു. അദ്ദേഹം വീണ്ടും സ്വീകാര്യനായ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു, ജയിച്ചു.
ഇപ്പോള്‍ തരൂര്‍ അധ്യക്ഷസ്ഥാത്തേക്ക്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുമ്പോള്‍ ആ എന്‍ട്രി കോണ്‍ഗ്രസിന്‌ ചില നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌ എന്നത്‌ തള്ളിക്കളയാനാവില്ല. ഏറ്റവും പ്രധാനം തരൂര്‍ മല്‍സരിക്കാനൊരുങ്ങുന്നത്‌ ആരോഗ്യകരമായ, ഡിപ്ലോമാറ്റിക്‌ ആയ മല്‍സരം കോണ്‍ഗ്രസില്‍ നടക്കുന്നു എന്നതിന്റെ സൂചന പുറം ലോകത്തിന്‌ നല്‍കാന്‍ സഹായിക്കുന്നു എന്നതാണ്‌. ജി-23 യുടെ ഭാഗമായി നില്‍ക്കുന്ന തരൂര്‍ നെഹ്‌റു കുടുംബവാഴ്‌ചയ്‌ക്കെതിരായ ജനാധിപത്യവാദികളുടെ ചേരിയുടെ പ്രതീകമാകുന്നു എന്നതിനപ്പുറം ശത്രുതയില്ലാതെ മല്‍സരിക്കുന്ന ഉന്നതമായ ഡിപ്ലോമസിയുടെയും മാതൃകയാകുന്നു എന്നതാണ്‌ ഈ മല്‍സരം ശ്രദ്ധേയമാക്കുന്നത്‌. സോണിയ ഗാന്ധി തരൂരിനെ മല്‍സരിക്കാന്‍ പുറമേക്ക്‌ പ്രോല്‍സാഹിപ്പിച്ചതിനും കാരണം ഇതു തന്നെയായിരിക്കണം. തരൂര്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും ഏകപക്ഷീയമായി സോണിയ കുടുംബത്തിന്റെ വാഴ്‌ച എന്ന ആരോപണത്തില്‍ നിന്നും തല്‍ക്കാലമെങ്കിലും പാര്‍ടി രക്ഷപ്പെടുകയാണ്‌. മല്‍സരം ഉണ്ടാകുന്നു എന്നതിലെ സജീവത നിലനില്‍ക്കും എന്നത്‌ മാത്രമല്ല കാര്യം. സോണിയ-രാഹുല്‍ നേതൃത്വത്തോട്‌ നിതാന്ത ശത്രുതയുള്ള മല്‍സരമായി അത്‌ മാറുന്നുമില്ല എന്ന നേട്ടവും സോണിയഗാന്ധി മുന്നില്‍ കാണുന്നു. ആ അര്‍ഥത്തില്‍ ഡിപ്ലോമാറ്റിക്‌ ആയ മല്‍സരമാണ്‌ തരൂര്‍ കാഴ്‌ച വെക്കുക. ആ മാന്യത തരൂരിന്റെ വാക്കുകളിലും സമീപനത്തിലും ഉണ്ട്‌. അതിനാല്‍ തരൂര്‍ മല്‍സരിക്കുകയാണ്‌ ഇന്ന്‌ കോണ്‍ഗ്രസിന്‌ വേണ്ടത്‌.
എന്നാല്‍ തരൂര്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയാണെന്ന്‌ സങ്കല്‍പിച്ചാല്‍, അത്‌ ആ പാര്‍ടിക്ക്‌ എത്രമാത്രം പ്രയോജനം ചെയ്യുമെന്നതാണ്‌ മറ്റൊരു ചിന്ത. നേരത്തെ പറഞ്ഞ മധ്യവര്‍ഗ, ക്രമീലെയര്‍ ഇന്ത്യക്കാരുടെ മനസ്സില്‍ തരൂര്‍ ഉണ്ട്‌. ബ്യൂറോക്രാററിക്‌, ആഗോള രാഷ്ട്രീയനയതന്ത്ര തലത്തിലും തരൂരിന്‌ സ്വാധീനിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ഇന്ത്യയുടെ ഭൂരിപക്ഷം വരുന്ന ഗ്രാമീണമനസ്സില്‍ ജനനായകനാകാന്‍ തരൂരിന്‌ ഒരിക്കലും കഴിയില്ല എന്നതാണ്‌ സത്യം. യു.പി., ബിഹാര്‍, മധ്യപ്രദേശ്‌ തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലെ പരമ ദരിദ്ര, സാധാരണ കര്‍ഷക-തൊഴിലാളികളെ ഇളക്കിമറിക്കുന്ന ജനനേതാവായി മാറാന്‍ തരൂരിന്റെ ഇപ്പോഴത്തെ പരിമിതികള്‍ ധാരാളമാണ്‌. അതിനാല്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ടാകുന്ന തരൂര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാലഘട്ടത്തിലെ ഗാന്ധിജിയുടെ എന്‍ട്രിക്കു മുമ്പുള്ള ഡിപ്ലമാറ്റിക്‌ കോണ്‍ഗ്രസിന്റെ മുഖമായി മാത്രം പരിമിതപ്പെടാനുള്ള സാധ്യത ഏറെയാണ്‌.

എന്നാല്‍ തരൂരിനെ കോണ്‍ഗ്രസ്‌ കൈവിടാതെ ഉപയോഗിച്ചാല്‍ അത്‌ വലിയ നേട്ടമാകും ഇന്നത്തെ കാലാവസ്ഥയില്‍. തരൂരിനെ അഖിലേന്ത്യാതലത്തില്‍ ഒരു ഭാരവാഹിസ്ഥാനം നല്‍കി നിലനിര്‍ത്തുകയാണ്‌ വേണ്ടത്‌. നേതൃപരമായ ഇടപെടല്‍ സാധ്യമാക്കുന്ന ഒരു സ്ഥാനം-ഒരു വൈസ്‌ പ്രസിഡണ്ട്‌ പദവി സൃഷ്ടിച്ച്‌ അത്‌ നല്‍കുക എന്നതാണ്‌ ചെയ്യേണ്ടത്‌. ജനാധിപത്യവാദികളുടെ പ്രാതിനിധ്യത്തിന്‌ ഇടം നല്‍കിയെന്നതും ഒപ്പം കോണ്‍ഗ്രസിന്റെ ഉപരിവര്‍ഗതലത്തിലുള്ള ഇടപെടലിന്‌ സ്വീകാര്യത ലഭിക്കുന്ന നേതാവിന്റെ സാന്നിധ്യമുണ്ടാകുന്നു എന്നതും ആ പാര്‍ടിക്ക്‌ വലിയ പ്രതീക്ഷ നല്‍കും.

thepoliticaleditor
Spread the love
English Summary: candidature of shashi tharoor in congress presidential election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick