Categories
kerala

സി.പി.എം. സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ ഉയർന്നത് അണികളുടെ വികാരത്തിന്‌ അടിവരയിടുന്ന വിമര്‍ശനം

സി.പി.എം. അണികള്‍ പങ്കുവെക്കാറുള്ള വിമര്‍ശനത്തിന്‌ അടിവരയിടും വിധം സംസ്ഥാന നേതൃയോഗത്തിലും മന്ത്രിമാരുടെ കഴിവില്ലായ്‌മക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ നയരൂപീകരണ വേദിയില്‍ പല നേതാക്കളും ഉയര്‍ത്തിയ വിമര്‍ശനം താഴെത്തട്ടിലെ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്‌തു കൊണ്ടിരിക്കുന്ന കാര്യമാണ്‌. പൊലീസിന്റെ നിയന്ത്രണം സംബന്ധിച്ചും താഴെത്തട്ടിലെ പാര്‍ടി പ്രവര്‍ത്തകരില്‍ നിറഞ്ഞിരിക്കുന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്ന്‌ തെളിയും വിധമാണ്‌ ഉന്നത നേതൃയോഗത്തിലും സമാന വിമര്‍ശനം ഉയര്‍ന്നത്‌.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പാര്‍ടിയുടെ താഴെത്തട്ടില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്ന വിമര്‍ശനം അവര്‍ ഒരു കാര്യവും സ്വതന്ത്രമായി തീരുമാനിക്കുന്നു എന്ന ധാരണ ഉണ്ടാക്കുന്നില്ല എന്നതാണ്‌. എല്ലാ കാര്യവും മുഖ്യമന്ത്രി തീരുമാനിക്കും എന്ന രീതിയില്‍ സംസാരിക്കുന്നത്‌ സി.പി.എം. അണികളില്‍ ആദ്യം കൗതുകമാണ്‌ ഉയര്‍ത്തിയരുന്നതെങ്കിലും പിന്നീട്‌ അത്‌ പതിവായതോടെ മന്ത്രിമാര്‍ സ്വന്തമായി എന്താണ്‌ ചെയ്യുന്നത്‌ എന്ന രീതിയിലുള്ള ചര്‍ച്ച ഉയര്‍ന്നു വന്നു. ആദ്യത്തെ പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ അപേക്ഷിച്ച്‌ ഇപ്പോഴുള്ളവര്‍ സ്വന്തം വ്യക്തിത്വം പ്രകടമാകും വിധവും സ്വന്തം പ്രാപ്‌തിയുടെ കൈയൊപ്പ്‌ ചാര്‍ത്തും വിധവും പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണം തന്നെയാണ്‌ സംസ്ഥാന സമിതിയോഗത്തിലും ഉയര്‍ന്നതെന്നാണ്‌ സൂചനകള്‍. പാര്‍ടിയുടെ താഴത്തട്ടിലുള്ളവരുടെ വികാരമാണ്‌ നേതാക്കള്‍ ഉയര്‍ത്തിയതില്‍ പ്രതിഫലിക്കുന്നത്‌ എന്നാണ്‌ വസ്‌തുത. ഇക്കാര്യത്തില്‍ എന്ത്‌ പരിഹാരമാണ്‌ നേതൃത്വം നിര്‍ദ്ദേശിക്കുക എന്നതാണ്‌ അണികള്‍ എപ്പോഴും ഉറ്റുനോക്കുന്നത്‌. മന്ത്രിമാര്‍ ജനകീയരാകുന്നില്ല എന്ന വിമര്‍ശനമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. അത്‌ ഏറെക്കാലമായി സി.പി.എമ്മിന്റെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും അവരുടെ തോന്നലായി പങ്കുവെച്ചുകൊണ്ടിരിക്കുന്ന കാര്യവുമാണ്‌.
പൊലീസ്‌ സേനയുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനമൊഴിഞ്ഞ്‌ നേരമില്ല എന്ന അവസ്ഥയുണ്ടായത്‌ വലിയ പ്രതിച്ഛായാ നഷ്ടമാണ്‌ ഉണ്ടാക്കുന്നതെന്ന വികാരവും പാര്‍ടിയിലുണ്ട്‌. പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരെ പൊലീസ്‌ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഒന്നൊന്നായി പാളുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യം പാര്‍ടി അണികള്‍ ഉയര്‍ത്തുന്നുണ്ട്‌. എന്നാല്‍ നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയോ വകുപ്പിനെ ന്യായീകരിക്കുകയോ ചെയ്‌ത്‌ പ്രവര്‍ത്തകരുടെ വിമര്‍ശന സ്വരം ഇല്ലാതാക്കുകയാണ്‌ ചെയ്യാറുള്ളത്‌.

Spread the love
English Summary: cpm state commitee

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick