എകെജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീം കാവൽ നിൽക്കുന്ന എകെജി സെന്ററിൽ, ഇവർ നോക്കിനിൽക്കെ എങ്ങനെയാണ് ഒരു ബോംബാക്രമണം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടതെന്നും സതീശൻ ചോദിച്ചു.
സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പിൽ ആ ഗേറ്റിൽ പോലീസ് ഉണ്ടായിരുന്നു. എന്നാൽ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളിലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവർ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ് അവിടെ ഒരു ബോംബാക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്?
സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഓഫിസുകൾ സിപിഎം വ്യാപകമായി തകർക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈവെട്ടി. ഭരണകക്ഷികൾ പറഞ്ഞു വിടുന്ന ആളുകളാണ് ഇതു ചെയ്യുന്നത്.
കോട്ടയത്ത് ഡിസിസി ഓഫിസ് ആക്രമിച്ചപ്പോഴും എകെജി സെന്റർ ആക്രമിച്ചപ്പോഴും പൊലീസ് കാവലുണ്ടായിരുന്നു. ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നിൽക്കുകയായിരുന്നില്ല, തൊപ്പിയിൽ കൈ വെച്ചു നിൽക്കുകയായിരുന്നു. ആക്രമികൾ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു ഇത് എന്നും അദ്ദേഹം പരിഹസിച്ചു.
പൊലീസ് സ്റ്റേഷനിൽ കയറി പൊലീസിന്റെ തൊപ്പി എടുത്തുവച്ചു സെൽഫി എടുത്ത ആളാണ് കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.
എഴുത്തുകാരൻ സക്കറിയ മാതൃഭൂമിയിൽ എഴുതിയ പറക്കും സ്ത്രീ എന്ന കഥയിലെ കഥാപാത്രമായ പറക്കും സ്ത്രീയാണോ ബോബെറിഞ്ഞത് എന്നും വി. ഡി സതീശൻ പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അക്രമം നടത്താൻ എസ്എഫ്ഐ പ്രവർത്തകരെ തോളിൽതട്ടി പറഞ്ഞുവിട്ടത് പൊലീസ് ഉദ്യോഗസ്ഥനാണ്. ഇതിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടാണു ഗാന്ധിച്ചിത്രം താഴെയിട്ടത് കോൺഗ്രസാണെന്ന് എൽഡിഎഫ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് തൊടുന്നതെല്ലാം പാളുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് വിവേക ശൂന്യമായ തീരുമാനങ്ങളെടുത്ത് അപകടത്തിലേക്കു പോകുന്നത് ശ്രദ്ധിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പാർട്ടി ഓഫീസിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയുള്ള അടിയന്തര പ്രമേയത്തിൽ ബിരിയാണി ചെമ്പിലേക്കും സ്വപ്ന സുരേഷിലേക്കുമാണ് ഭരണകക്ഷികൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.