Categories
kerala

എസ്‌ഡിപിഐ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധം : വിശദീകരണവുമായി സിപിഎം

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐ പ്രവർത്തകർ സന്ദർശിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വസ്തുതാപരമല്ലെന്ന് സി.പി.എം വിശദീകരണം. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലായ് ഒന്നിന് അഞ്ചു മണിയോടെ എ.കെ.ജി സെന്ററിലെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നിരുന്നു.പാർട്ടി നേതാക്കന്മാരെ കാണണം എന്നാവശ്യപ്പെട്ടു. എന്നാൽ എസ്.ഡി.പി.ഐയുമായി കൂടികാഴ്ച നടത്താൻ പാർട്ടിക്ക് താൽപര്യമില്ല എന്നറിയിച്ച് മടക്കി വിടുകയാണ് ചെയ്തതെന്ന് വിശദീകരണത്തിൽ പറയുന്നു. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കർശന നിലപാട് എടുത്തതോടെയാണ് അവർ മടങ്ങിയത്.

പുറത്ത് ഇറങ്ങിയ അവർ എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂർണമായും കളവാണെന്നും വിശദീകരണത്തിൽ പറയുന്നു.

thepoliticaleditor

ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റർ സന്ദർശിച്ചു എന്ന തരത്തിൽ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢലക്ഷ്യം ഉള്ളിൽ വച്ചാണ്. അത്തരത്തിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത്‌ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐയുടെ ദേവികുളം മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്കിൽ, ‘എകെജി സെന്ററിൽ ബോംബെറിഞ്ഞ സ്ഥലം SDPI തിരുവനന്തപുരം ജില്ലാ നേതാക്കൾ സന്ദർശിച്ചു’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറർ ഷംസുദ്ദീൻ മണക്കാട്, കമ്മിറ്റി അംഗം മാഹിൻ പരുത്തികുഴി എന്നിവർ സ്ഥലം സന്ദർശിക്കുന്നതിന്റെയും എകെജി സെന്ററിൽ നിന്ന് ഇറങ്ങിവരുന്നതിന്റെയും ചിത്രങ്ങളാണ് ഫേസ്ബുക്കിൽ സംഘടന പങ്കുവെച്ചത്.

SDPI സമൂഹമാധ്യമ പേജിൽ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും

വിശദീകരണത്തിന്റെ പൂർണരൂപം:

എകെജി സെന്റര്‍ പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്‌


ബോംബ്‌ ആക്രമണത്തിന്‌ ശേഷം എസ്‌ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും, ചിലര്‍ എകെജി സെന്ററിന്‌ മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. ഇത്‌ വസ്‌തുതാപരമല്ല. എസ്‌ഡിപിഐ ഭാരവാഹികളെന്ന്‌ പരിചയപ്പെടുത്തിയ ഏഴ്‌ അംഗ സംഘം ജൂലൈ ഒന്നിന് 5.00 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ടി നേതാക്കന്മാരെ കാണണം എന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഡിപിഐയുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ പാര്‍ടിക്ക്‌ താല്‍പര്യമില്ല എന്നറിയിച്ച്‌ മടക്കിവിടുകയാണ്‌ ചെയ്‌തത്‌. അഞ്ച്‌ മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ലെന്ന കര്‍ശന നിലപാട്‌ എടുത്തതോടെയാണ്‌ അവര്‍ മടങ്ങിയത്‌. പുറത്ത്‌ ഇറങ്ങിയ അവര്‍ എകെജി സെന്ററിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോ എടുത്ത്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത്‌ ഏറ്റെടുത്ത്‌ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത്‌ പൂര്‍ണ്ണമായും കളവാണ്‌.

സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന എകെജി സെന്റര്‍ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്‌. സാധാരണക്കാരായ ലക്ഷക്കണക്കിന്‌ ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ്‌ മഹാനായ എകെജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. അവിടെ കടന്നുവരുന്നതിന്‌ ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്‌ഡിപിഐ പോലുള്ള വര്‍ഗ്ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ച്ചയും പാര്‍ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അവരെ മടക്കിഅയച്ചത്‌. ഓഫീസിന്‌ ഉള്ളിലേക്ക്‌ കടത്താതെ മടക്കി അയച്ചിട്ടും എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്‌ഡിപിഐ സ്വയം പ്രചരണം നടത്തുന്നത്‌ മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്‌. അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല. സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന്‌ ഉറപ്പാണ്‌. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത്‌ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അറിയിച്ചു.

Spread the love
English Summary: CPM explanation over news of SDPI visited AKG Centre

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick