കാശ്മീരിലെ റിയാസി ജില്ലയിലെ തുക്സാൻ ഗ്രാമവാസികൾ പിടികൂടി സൈന്യത്തെ ഏൽപ്പിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ ബിജെപിയുടെ ഐ ടി സെൽ തലവനും ന്യൂനപക്ഷ മോർച്ചയുടെ ജമ്മു തലവനും ആയിരുന്നെന്ന് റിപ്പോർട്ട്. ഫൈസൽ അഹമ്മദ് ദാർ, താലിബ് ഹുസൈൻ എന്നിവരെയാണ് ഗ്രാമവാസികൾ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. ഇതിൽ താലിബ് ഹുസൈൻ ബിജെപിയുടെ സജീവാംഗവും ബിജെപിയുടെ പോഷകസംഘടനയായ ന്യൂനപക്ഷ മോർച്ചയുടെ ജമ്മു തലവനും ആയിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പാർട്ടി അംഗത്വം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ദോഷഫലമായാണ് തീവ്രവാദി പാർട്ടിക്കുള്ളിൽ കടന്നുകയറിയതെന്ന് ബിജെപി വക്താവ് ആർ എസ് പതാനിയ പറഞ്ഞു.
ഭരണത്തിലിരിക്കുന്ന പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറുന്നത് തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്നും പാർട്ടിയിലെ ഉന്നത നേതാക്കന്മാരെ വധിക്കാൻ വരെ ഇവർ ഗൂഡാലോചന നടത്തിയിരുന്നെന്നും എന്നാൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണം ആ ദുരന്തം ഒഴിവായെന്നും പതാനിയ വ്യക്തമാക്കി. പാർട്ടിയിൽ അംഗത്വം നേടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനും നടപടികൾ വേണമെന്ന് പതാനിയ ആവശ്യപ്പെട്ടു.