കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രധാന കേസുകളുടെ നടപടികൾ സാമൂഹിക മാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ട് വരണമെന്ന് സുപ്രീംകോടതി ജഡ്ജി ജെ. ബി പർഡിവാല. ഡിജിറ്റൽ മാധ്യമങ്ങളിലെ മാധ്യമ വിചാരണ ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടൽ ആണെന്നും ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തിൽ പാർലമെന്റ് നിയന്ത്രണം കൊണ്ട് വരണമെന്നും ജസ്റ്റിസ് പർഡിവാല ആവശ്യപ്പെട്ടു. രണ്ടാമത് ജസ്റ്റിസ് എച്ച് ആർ ഖന്ന അനുസ്മരണ ദേശിയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പർഡിവാല.
ബിജെപി മുൻ വക്താവ് നുപൂർ ശർമയ്ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ജെ. ബി പർഡിവാല.
അർധസത്യങ്ങൾ പ്രചരിപ്പിക്കുന്നവരും ജുഡീഷ്യൽ നടപടിക്രമങ്ങൾ, പരിമിതികൾ എന്നിവ മനസ്സിലാക്കാത്തവരുമാണ് സോഷ്യൽ മീഡിയിൽ വ്യാപിക്കുന്നത്. കേസുകളുടെ വിചാരണ നടക്കേണ്ടത് കോടതികളിലാണ്. സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റൽ മാധ്യമങ്ങളിലും നടക്കുന്ന വിചാരണ കോടതി നടപടികളിലുള്ള കൈകടത്തലാണ്. ഇത് ലക്ഷ്മണ രേഖ മറികടക്കുന്ന നടപടിയാണ്. അതിലും പ്രശ്നമാകുന്നത് അർധ സത്യങ്ങൾ മാത്രം പറയുന്നതാണെന്നും ജസ്റ്റിസ് പർഡിവാല പറഞ്ഞു.
വിയോജിപ്പുള്ള വിധികളെ വിമർശിക്കുന്നതിന് പകരം വിധി പറഞ്ഞ ജഡ്ജിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത കൂടിവരികയാണ്. നിയമത്തിൽ എന്താണ് നിഷ്കർഷിക്കുന്നതെന്ന് ആലോചിക്കുന്നതിന് പകരം മാധ്യമങ്ങൾ എന്ത് പറയും എന്ന് ജഡ്ജിമാർ ചിന്തിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് കൊണ്ടെത്തിച്ചേക്കാം. ഇത് രാജ്യത്തെ ജുഡീഷ്യൽ വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ജസ്റ്റിസ് പർഡിവാല അഭിപ്രായപ്പെട്ടു.
സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങൾ നിയമ വിഷയങ്ങളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുകയാണ്. സിവിൽ തർക്കം ആയ അയോധ്യ കേസിനെ രാഷ്ട്രീയ വിഷയമാക്കി ഈ മാധ്യമങ്ങൾ മാറ്റിയതായും ജസ്റ്റിസ് പർഡിവാല ചൂണ്ടിക്കാട്ടി. നിയമ വാഴ്ചയും, ജനങ്ങളുടെ താൽപര്യവും ഭിന്നമായ വിധികൾ കോടതികളിൽ നിന്ന് ഉണ്ടാകാറുണ്ടെന്ന് ശബരിമല യുവതി പ്രവേശന വിധി ഉദ്ധരിച്ച് ജസ്റ്റിസ് ജെ ബി പർഡിവാല പറഞ്ഞു. ജനങ്ങളുടെ താത്പര്യം ഉൾകൊള്ളുന്ന വിശുദ്ധ പുസ്തകം ഭരണഘടനയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമം നിർമ്മിക്കുന്നത്.ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം നിയമമെന്നും അദ്ദേഹം പറഞ്ഞു.