Categories
kerala

ആരാണീ ഫാരിസ്‌ അബൂബക്കര്‍ : പി.സി.ജോര്‍ജ്ജിന്റെ പുതിയ വെടിയിൽ പഴയ തീയും പുകയും

മുഖ്യമന്ത്രി പിണറായി വിജയന്റെ “അധോലോക ബന്ധങ്ങളില്‍” പി.സി.ജോര്‍ജ്ജ്‌ അറിഞ്ഞ സമ്മാനിച്ച പുതിയ പേരായ ഫാരിസ്‌ അബൂബക്കര്‍ എന്ന കോഴിക്കോടു ജില്ലക്കാരന്‍ സത്യത്തില്‍ ഒരു പുതിയ പേരല്ല. ഈ “ഒളിഞ്ഞു നില്‍ക്കന്ന ഡോണ്‍”(പി.സി.യുടെ വിശേഷണം) പണ്ടേ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അധോലോകത്ത്‌ ഉണ്ട്‌. പിണറായി വിജയനും വി.എസ്‌.അച്യുതനാന്ദനും തമ്മില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ ബദ്ധവൈരികളായി പോരാടിയപ്പോഴാണ്‌ ഈ ഡോണ്‍ ഒരു നാള്‍ പെട്ടെന്ന്‌ കേരളീയര്‍ക്കു പരിചിതനായത്‌. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനായിരുന്നപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ അന്ന്‌ ദീപിക പത്രം കയ്യടക്കി വെച്ചിരുന്ന ഫാരിസ്‌ അബൂബക്കര്‍ ശ്രമിച്ചപ്പോഴാണ്‌ അച്യുതാനന്ദന്‍ ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന വിശേഷിപ്പിച്ചത്‌. അതിന്‌ പിണറായി നല്‍കിയ മറുപടി കൈരളി ടി.വി.യില്‍ ജോണ്‍ ബ്രിട്ടാസിനെ കൊണ്ട്‌ ഫാരിസ്‌ അബൂബക്കറുമായി അഭിമുഖം നടത്തിച്ച്‌ ഫാരിസിനെ കൊണ്ട്‌ വി.എസിനെ അയാള്‍ എന്ന്‌ അധിക്ഷേപസ്വരത്തില്‍ വിളിക്കാന്‍ അവസരം സൃഷ്ടിച്ചുകൊണ്ടായിരുന്നു.

വിവാദത്തില്‍ ഉദിച്ചുയര്‍ന്ന ഫാരിസ്‌ പിന്നീട്‌ ആരുടെയും ഓര്‍മയില്‍ ഇല്ലാതായി. എന്നാല്‍ ഇപ്പോള്‍ പി.സി.ജോര്‍ജ്ജ്‌ ഫാരിസിനെ വീണ്ടും സിപിഎം രാഷ്ട്രീയ ചര്‍ച്ചയിലേക്ക്‌ തിരിച്ചെത്തിച്ചിരിക്കുന്നു.
പി.സി.ജോര്‍ജ്ജ്‌ ഇപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇതാണ്‌ :
“കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ഡോണ്‍ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ഇതിന് മുന്‍കൈ എടുക്കണം.

thepoliticaleditor

ഒറാക്കിള്‍ കമ്പനിയില്‍ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ല്‍ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി. 2014ല്‍ ആ പദവിയില്‍ നിന്ന് എക്‌സലോജിക് എന്ന കമ്പനി രൂപീകരിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എക്‌സലോജിക്കില്‍ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു”…ഇതാണ് ജോർജ് പറഞ്ഞത്.

വി.എസ്‌. അച്യുതാനന്ദന്‍ വിമര്‍ശിച്ചതോടെയാണ്‌ ചെന്നൈ ആസ്ഥാനമാക്കി റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടം നടത്തുന്ന പുത്തന്‍ പണക്കാരന്‍ ഫാരിസ്‌ അബൂബക്കര്‍ മലയാളിയുടെ വെള്ളിവെളിച്ചത്തില്‍ വരുന്നത്‌. ദീപിക പത്രത്തിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ പണച്ചാക്ക്‌ എന്ന നിലയില്‍ കടന്നു കൂടിയ ഫാരിസ്‌ പതുക്കെ ദീപികയെ വിഴുങ്ങി. ഫാരിസ് ദീപികയുടെ ഷെയറുകള്‍ വാങ്ങുന്നു. താന്‍ ആക്ഷരം വായിച്ചു പഠിച്ചത്, ഉമ്മ തന്നെ കൊണ്ട് വായിച്ചു പഠിപ്പിച്ച പത്രം ദീപികയായിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ അഞ്ചുകോടി രൂപ സക്കാത് നല്‍കിയതെന്നും വളരെ വൈകാരികമായിട്ടാണ് ദീപികയിലേക്കുള്ള തന്റെ വരവിനെ ഫാരിസ്അവതരിപ്പിച്ചത്. അഞ്ചു കോടി രൂപയ്ക്ക് മൊത്തം ഷെയറും സ്വന്തമാക്കിയ ഫാരിസ് അങ്ങനെ ദീപികയുടെ ചെയര്‍മാന്‍ ആകുന്നു. തിരക്കഥാ കൃത്തും നടനുമായി രഞ്‌ജി പണിക്കരും ഒപ്പം ഉണ്ടായിരുന്നു. തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ അയാള്‍ അവിടെ ശക്തനായി. ദീപിക പത്രവും അതിന്റെ ആസ്‌തികളുമെല്ലാം ഫാരിസിന്‌ സ്വന്തമായി.

ഈ കാലയളവിലാണ് ദീപികയ്ക്ക് അതിന്റെ പ്രധാനപ്പെട്ട പല സ്വത്തു വകകളും നഷ്ടപ്പെടുന്നത്. പാലാരിവട്ടത്തുള്ള ദീപികയുടെ ഓഫിസ് ബില്‍ഡിംഗിന് എട്ടുകോടിയോലം രൂപ മതിപ്പ് വില പറഞ്ഞിരുന്നതാണ്. എന്നാല്‍ ഈ ബില്‍ഡിംഗ് ഫാരിസ് അബുബക്കറിന്റെ അളിയന്‍ വാങ്ങുന്നത് വെറും രണ്ടുകോടി നാല്‍പ്പത് ലക്ഷം രൂപയ്ക്ക്. ആലുവ പാതാളത്തുള്ള ദീപിക പ്രസ് ആയിരുന്നു അടുത്തതായി നഷ്ടപ്പെടുന്നത്. അറുപത് സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ, രണ്ടരക്കോടി രൂപ വില വരുന്നതായിരുന്നു ആ പ്രസ്. ദീപികയ്ക്ക് വളരെയേറ വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന സ്ഥാപനം. അതും ഫാരിസിന്റെ അളിയന്‍ വാങ്ങി. ഡയറക്ട് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഈ വില്‍പ്പന നടന്നത്. ഇതും കേസ് ആയി. പക്ഷേ, പാതിവഴിയില്‍ കേസ് അവസാനിച്ചു.

ദീപിക പത്രത്തില്‍ വി.എസിനെ കഠിനമായി വിമര്‍ശിച്ചു കൊണ്ട്‌ നിരന്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെയാണ്‌ വി.എസ്‌. ഫാരിസിനെ ലക്ഷ്യമിട്ടത്‌. പിണറായി പക്ഷത്തു നിന്നുള്ള കഠിനമായ വിമര്‍ശനമായിരുന്നു ദീപിക വി.എസിനെതിരെ നടത്തിയത്‌. ഫാരിസായിരുന്നു ഇതിന്റെ പിന്നിലെന്ന്‌ വി.എസ്‌. സംശയിച്ചു. അങ്ങിനെയാണ്‌ പിണറായിയുടെ പിന്തുണക്കാരനായി ഒരു വെറുക്കപ്പെട്ടവന്‍ ഉണ്ട്‌ എന്ന പ്രയോഗം വി.എസ്‌.നടത്തിയത്‌.

ദീപികയുടെ പതനം വൈകിയാണ്‌ ആ പത്രത്തിന്റെ യഥാര്‍ഥ ശക്തികളായ ക്രൈസ്‌തവ സഭാ പിതാക്കന്‍മാര്‍ തിരിച്ചറിഞ്ഞത്‌. എന്നാല്‍ ഫാരിസിന്‌ ഒപ്പം നിന്ന ബിഷപ്പുമാരു ഉണ്ടായിരുന്നു. അവരും എല്ലാ അനീതിക്കും കൂട്ടു നിന്നു. പത്രത്തില്‍ നിന്നും നൂറിലേറെ പത്രപ്രവര്‍ത്തകരെയുള്‍പ്പെടെ പിരിച്ചവിട്ടു. ഫാരിസും രാഷ്ട്രദീപിക ചെയര്‍മാനായ ബിഷപ്പും തമ്മിലുള്ള ബന്ധം സംശയകരമെന്ന്‌ ക്രൈസ്‌തവ പ്രസിദ്ധീകരണങ്ങള്‍ പോലും തുറന്നെഴുതി. ഒടുവില്‍ ഫാരിസ്‌ എന്ന ബാധയെ ഒഴിപ്പിച്ച്‌ സഭാധികാരികള്‍ ഒടുവില്‍ ദീപിക പത്രം തിരിച്ചു പിടിക്കേണ്ടി വന്നു. സഭയുടെ കാര്യം പറയാന്‍ പത്രം ഇനി കാണില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ പത്രം തിരിച്ചു പിടിക്കണമെന്ന ആവശ്യം സഭയില്‍ ശക്തമായത്‌. മലങ്കര സഭയിലെ ക്ലിമ്മിസ് പിതാവാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. അദ്ദേഹം മൂന്നു കോടി രൂപ മുതല്‍മുടക്കാന്‍ തയ്യാറായി. ചങ്ങനാശ്ശേരി രൂപത രണ്ടു കോടിയും നൽകി. എറണാകുളം രൂപത ഒരു കോടിയും. ആകെ 16 കോടി രൂപ സ്വരൂപിച്ച് ഫാരിസിന് നല്‍കി ദീപികയുടെ ഉടമസ്ഥത തിരിച്ചു വാങ്ങി. അതായത് അഞ്ചു കോടിക്ക് വാങ്ങിയ പത്രം തിരികെ നൽകിയപ്പോൾ ഫാരിസിന് കിട്ടിയത് 16 കോടി രൂപ.!!

ഫാരിസ്‌ പ്രതികാരം ചെയ്യാന്‍ മെട്രോ വാര്‍ത്ത എന്ന പത്രം തുടങ്ങി. വലിയ അവകാശവാദവുമായി തുടങ്ങിയ ആ മാധ്യമം പക്ഷേ എവിടെയും എത്തിയതുമില്ല.

ഫാരിസ്‌ അബൂബക്കറിനെപ്പോലുള്ള കച്ചവടക്കാരുടെ പേരുകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നേതാക്കളുമായി ചേര്‍ത്ത്‌ പറയപ്പെടുന്നത്‌ തന്നെയാണ്‌ വലിയ വൈരുദ്ധ്യം. സിംഗപ്പൂരിലെ കിഡ്‌നി കടത്തുകേസില്‍ കുടുങ്ങിയതും 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന്‌ അവിടുത്തെ കിഡ്‌നി ഫൗണ്ടേഷന്‍ കേസ്‌ കൊടുത്തതുമെല്ലാം ഫാരിസ്‌ എന്ന ബിസിനസ്സുകാരന്റെ ഇടപാടുകള്‍ മലയാളിക്കു മുന്നില്‍ സംശയത്തിനിടയാക്കിയതില്‍ അത്ഭുതമില്ല. ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും പിണറായി വിജയന്റെ പേരുമായി ചേര്‍ത്ത്‌ ഫാരിസ്‌ അബൂബക്കറിന്റെ പേര്‌ ഉയരുന്നത്‌ തീര്‍ച്ചയായും പഴയ വി.എസ്‌.-പിണറായി പോരു കാലത്തെ ചര്‍ച്ചകളിലേക്കും രാഷ്ട്രീയകേരളത്തെ നയിക്കും.

പി.സി.ജോര്‍ജ്ജ്‌ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന്‌ ചിന്തിക്കുന്നതിനു മുന്‍പെ ഒരു ചോദ്യം ഉയരുന്നുണ്ട്‌–തന്നെ പിണറായി ഉന്നമിടുന്നു എന്ന്‌ തോന്നുമ്പോള്‍ ഇപ്പോള്‍ മാത്രം ഈ ആരോപണമൊക്കെ ഉയര്‍ത്തുന്നതിലെ വിശ്വാസ്യത എത്രമാത്രമാണ്‌. പറഞ്ഞതെല്ലാം കാമ്പുള്ളതെങ്കില്‍ പി.സി. ഇതൊന്നും ഇതുവരെ പറഞ്ഞതു കണ്ടില്ലല്ലോ.

Spread the love
English Summary: faris aboobacker- the real estate bussiness man

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick