Categories
kerala

ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ; ഹർത്താലിനിടെ വൻസംഘർഷം

കോഴിക്കോട് ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമിതി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് ഉണ്ടായി.പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. പ്രദേശത്തെ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുന്ന പ്രദേശമാണിത്.

മൂന്നു വാർഡുകളിൽ ഇന്ന് സമരസമിതിയുടെ ഹർത്താലാണ്. പൊലീസുമായി സംഘർഷമുണ്ടായതോടെ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു. പൊലീസിനു കല്ലെറിഞ്ഞതോടെയാണ് നാട്ടുകാർക്കെതിരെ ലാത്തിവീശിയതെന്നാണ് പൊലീസ് വിശദീകരണം.എന്നാൽ,കല്ലെറിഞ്ഞത് പ്രദേശവാസികളല്ലെന്നും മനപ്പൂർവം പ്രശ്നം സൃഷ്ടിക്കാൻ പുറത്തുനിന്നെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

thepoliticaleditor

പ്ലാന്റ് നിർമിക്കുമെന്ന കാര്യത്തിൽ ഇനി ചർച്ച ഇല്ലെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശത്ത് മുൻപു രണ്ടുതവണ സർവേ നടത്താൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടർന്ന് കനത്ത പൊലീസ് സന്നാഹത്തോടെ ഒരാഴ്ച മുൻപ് സർവേ തുടങ്ങി. ഇതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഘർഷമുണ്ടാവുന്നത് കണക്കിലെടുത്ത് രണ്ടാഴ്ചയോളമായി കനത്ത പൊലീസ് സന്നാഹം പ്രദേശത്തുണ്ട്. ഒരു കിലോമീറ്റർ അകലെ കോർപറേഷൻ ഉടമസ്ഥതയിലുള്ള ഹാളിൽ എംഎസ്പി ക്യാംപിൽനിന്നുള്ള പൊലീസുകാർ ഒരാഴ്ചയായി തമ്പടിക്കുകയാണ്.

കഴിഞ്ഞ ദിവസം സമരസമിതി ദേശീയപാത ഉപരോധിക്കാൻപോയ സമയത്ത് പദ്ധതിപ്രദേശത്ത് കാവൽ നിന്നിരുന്ന പൊലീസുകാർക്കെതിരെ ബൈക്കിലെത്തിയ രണ്ടുപേർ ശുചിമുറി മാലിന്യം കവറിലാക്കി എറിഞ്ഞിരുന്നു. ഇതും പുറത്തുനിന്നെത്തിയ ചിലർ പ്രദേശവാസികളെ പ്രതിരോധത്തിലാക്കാൻ മനപ്പൂർവം ചെയ്തതാണെന്ന ആരോപണം ഉയർന്നിരുന്നു.

ഇന്ന് രാവിലെ പൊലീസ് ലാത്തിവീശിയെങ്കിലും പ്രദേശവാസികൾ സംഘടിച്ചുനിൽക്കുകയാണ്. ഇതോടെ സംഘർഷഭരിതമായ അന്തരീക്ഷമാണ് പ്രദേശത്തുള്ളത്.

Spread the love
English Summary: clashes in avikkalthod protest

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick