Categories
kerala

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്, സർക്കാരിനെതിരെയുള്ളത് വ്യാജപ്രചരണം: മുഖ്യമന്ത്രി

കേരളത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കറുത്ത ഷർട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്കും പാടില്ല എന്ന് സർക്കാർ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളുടെ കൂടെ ഇതും കൂടി ചേർത്തു പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

“കേരളത്തെ ഇന്നു കാണുന്ന പ്രത്യേകതകൾ നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു എന്ന് ആരും സമ്മതിക്കുന്നതാണ്.ആ എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല”- മുഖ്യമന്ത്രി പറഞ്ഞു

thepoliticaleditor

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

‘ ഇപ്പോൾ കുറച്ചു ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചാരണം, നമ്മുടെ സമൂഹത്തെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്നുവന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാൻ പറ്റില്ലെന്നാണ്. ഇപ്പോൾ എല്ലാവരും മാസ്ക് ധരിക്കുന്ന കാലമാണ്. അപ്പോൾ മാസ്ക് കറുത്ത നിറത്തിലുള്ളതു പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളതു പറ്റില്ല. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നാം നേടിയെടുത്തത്. നേരത്തേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്നവർ, മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്നവർ. അതിനെല്ലാം എതിരെ വലിയ പോരാട്ടം നടന്നു. അതിന്റെ ഭാഗമായാണ് നാട് മാറിവന്നത്.

ഇവിടെ ഏതെങ്കിലും തരത്തിൽ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്ത താൽപര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നു നാം മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷർട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്കും പാടില്ല എന്ന് കേരളത്തിലെ സർക്കാർ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചാരണം വന്നിരിക്കുന്നത്. നാം ശ്രദ്ധിക്കേണ്ടത്, കേരളത്തിൽ എൽഡിഎഫ് സർക്കാരാണുള്ളത്. കേരളത്തെ ഇന്നു കാണുന്ന പ്രത്യേകതകൾ നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു എന്ന് ആരും സമ്മതിക്കുന്നതാണ്.

ആ എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തിൽ ഇതും കൂടി ചേർത്തു പ്രചരിപ്പിക്കുകയാണെന്നു നാം തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ആ കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരെ നീങ്ങുന്ന ശക്തികൾക്ക് തടയിടാൻ സർക്കാർ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കും’.

https://fb.watch/dCSXQaLMLo/

Spread the love
English Summary: no bar for black color,all fake propoganda says CM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick