Categories
kerala

കരിങ്കൊടിയും മാസ്‌കും : തിരുത്തലുമായി മുഹമ്മദ്‌ റിയാസ്‌….ഇടതു മുന്നണി കണ്‍വീനറെ സി.പി.എം. തിരുത്തണമെന്ന്‌ ഹരീഷ്‌ വാസുദേവന്‍

കരിങ്കൊടി കാണിക്കലും കറുത്ത മാസ്‌ക്‌ ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ലെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. കോഴിക്കോട്ട്‌്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു റിയാസ്‌. കരിങ്കൊടി പ്രതിഷേധം ഇല്ലാതാക്കാനായി പൊലീസ്‌ ദിവസങ്ങളായി സകല പെടാപ്പാടും പെട്ട്‌ ഒടുവില്‍ ജനം പൊറുതി മുട്ടി സര്‍ക്കാരിനെതിരായ വികാരം ഉണ്ടായ സാഹചര്യത്തില്‍ സി.ിപി.എം. സംസ്ഥാന നേതാവു കൂടിയായ റിയാസിന്റെ അഭിപ്രായ പ്രകടനം പാര്‍ടിയില്‍ ഇന്നു മുതല്‍ വന്ന ശരിയായ ചിന്തയുടെ സൂചന നല്‍കുന്നു. അതേസമയം കറുത്ത വസ്‌ത്രം തന്നെ ധരിക്കണമെന്ന്‌ ഇത്ര നിര്‍ബന്ധം എന്തിനാ എന്ന ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം വലിയ വിമര്‍ശനമാണ്‌ സി.പി.എമ്മിനെതിരെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. വസ്‌ത്രം ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്‌തവരുടെ പിന്‍തലമുറ തന്നെ വേണം ഇങ്ങനൊക്കെ പറയാന്‍ എന്ന്‌ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ബീഫ്‌ കഴിക്കുന്നതെന്തിനാണെന്ന്‌ വിലക്കാന്‍ ശ്രമിച്ച സംഘപരിവാറിനെതിരെ ബീഫ്‌ ഫെസ്റ്റ്‌ നടത്തിയ ഇടതു പക്ഷം ഇപ്പോള്‍ പറയുന്നത്‌ മറ്റൊരു രീതിയില്‍ സംഘപരിവാറിന്റെ മാനസികാവസ്ഥയിലുള്ള കാര്യമാണെന്ന്‌ സാമൂഹിക നിരീക്ഷകന്‍ ഹരീഷ്‌ വാസുദേവന്‍ വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും വിധം കലാപത്തിന്‌ ഒരുങ്ങിയാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന്‌ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. അടിക്കാൻ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ല. കരിങ്കൊടി കാണിക്കുന്നതും കറുത്ത മാസ്ക് ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ല. പക്ഷേ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാം എന്നു വിചാരിച്ചാൽ കയ്യും കെട്ടി പോകാനാകില്ല–റിയാസ് പറഞ്ഞു.

thepoliticaleditor
ഹരീഷ്‌ വാസുദേവന്‍

ഇടതു മുന്നണി കണ്‍വീനറെ സി.പി.എം. തിരുത്തണമെന്ന്‌ ഹരീഷ്‌ വാസുദേവന്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ്‌ ശക്തമായ വിമര്‍ശനമുള്ളത്‌.

കുറിപ്പിന്റെ പൂര്‍ണ രൂപം:

“കറുത്ത മാസ്ക് ഇടണമെന്ന് എന്താ നിർബന്ധം?” ചോദിക്കുന്നത് LDF കണ്വീനറാണ്. അതിനു മറുപടി പറയേണ്ടത് CPIM നേതാക്കളിട്ട കറുത്ത ഉടുപ്പിന്റെയോ മാസ്കിന്റെയോ പടമിട്ടല്ല.
‘ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിര്ബന്ധമെന്താ’ എന്ന് RSS ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും. അളവിൽ വ്യത്യാസമുണ്ടെന്ന് മാത്രം. അത് ആ കൺവീനർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. നേരത്തോട് നേരം കഴിഞ്ഞിട്ടും കൺവീനറെ മുന്നണി തിരുത്തുന്നില്ലെങ്കിൽ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നു.
നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തിൽ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്. ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലിൽ പങ്കെടുത്താണ്. (ചുംബനം സംഘികൾ വിലക്കിയപ്പോഴാണ് അതൊരു സമരമായത്.) അതിനു EP ജയരാജന്റെയോ കേരളാ പോലീസിന്റെയോ പിന്തുണ ആവശ്യമില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ല.
“ഈ രാജ്യം അവന്റെ ത$യുടെ വകയല്ല” എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളിൽ നിന്ന് EP ജയരാജൻ അർഹിക്കുന്നതെങ്കിൽ, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തിൽ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവിൽ നല്ലതാണു.
LDF കൺവീനറെ മുന്നണി തിരുത്തണം..

Spread the love
English Summary: MINISTER MUHAMMAD RIYAS RESPONSE TO PROTECT CHIEF MINISTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick