Categories
kerala

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ച മധ്യവയസ്‌കൻ മരിച്ചു

ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച മധ്യവയസ്കൻ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രൻ (50 ) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ചിലർ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തത്. ഇവർ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈ രണ്ടും കൂട്ടിക്കെട്ടിയിരിക്കുന്ന ചന്ദ്രന്റെയും പോലീസുകാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

thepoliticaleditor

മർദ്ദനമേറ്റതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോഴേക്കും ചന്ദ്രൻ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പരാതിക്കാർ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടർന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയിൽ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രൻ പോയത്.

അവിടെ വെച്ച് കലശലായ ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ എത്രയും വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിർദ്ദേശം. എന്നാൽ മരുന്നുമായി ചന്ദ്രൻ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചു.

തുടർന്ന് നടത്തിയ സ്കാനിങ്ങിൽ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ചന്ദ്രൻ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മർദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കാൻ കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Spread the love
English Summary: man died after mob lynch

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick