ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചപ്പോള്‍ മൂന്നാമന്‍ എങ്ങോട്ടു രക്ഷപ്പെട്ടു എന്നതിന് ഇപ്പോള്‍ ഇന്‍ഡിഗോ അധികൃതര്‍ക്കോ പോലീസിനോ വിമാനത്താവള സുരക്ഷാ അധികാരികള്‍ക്കോ മറുപടിയില്ല. മൂന്നാം പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്.
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് അപ്രത്യക്ഷനായിരിക്കുന്നത്. ഇയാള്‍ എങ്ങിനെ ഏതുവഴിക്ക് രക്ഷപ്പെട്ടു എന്നതിന് ഒരു റിപ്പോര്‍ട്ടിലും ഉത്തരമില്ല. രണ്ടു പേര്‍ പ്രതിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ പകര്‍ത്തിയത് മൂന്നമനായ സുനിത് ആണ്. എന്നാല്‍ എന്തുകൊണ്ട് ഇയാളെ തടഞ്ഞുവെച്ചില്ല, പിടിച്ചില്ല എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്. ഉത്തരം അജ്ഞാതമായിരിക്കയാണ്. സുനിത് രക്ഷപ്പെട്ടു എന്നു മാത്രമാണ് പറയുന്നത്. അതീവ സുരക്ഷയും നിയന്ത്രണങ്ങളും അനേകം ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാമുള്ള വിമാനത്താവളത്തില്‍ നിന്നും എങ്ങിനെയാണ് സുനിതിന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. അദാനി ഏറ്റെടുത്ത ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒട്ടേറെ ക്രമീകരണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം സുനിതിന് രക്ഷപ്പെട്ട് പുറത്തു കടക്കാന്‍ സാധിച്ചത് എങ്ങിനെ.
വിമാനമിറങ്ങിയാല്‍ ഒരാള്‍ക്ക് ഒരിക്കലും ആരും കാണാതെ ഓടിപ്പോകാനൊന്നും കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യാത്രക്കാര്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പുറത്തേക്ക് പ്രത്യേക വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യുക. റണ്‍വേ ഉള്‍പ്പെടെ താണ്ടി യാത്രക്കാരുടെ ലോഞ്ചിലേക്ക് എത്തി, ടെര്‍മിനലില്‍ നിന്നും പുറത്തു കടക്കാന്‍ ആരുടെയും കണ്ണില്‍ പെടാതെ സാധിക്കില്ല എന്നതും പരിഗണിക്കേണ്ട സംഗതിയാണ്.