ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളെ നിരാകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്‍ഡിഗോ വിമാനത്തിന്റെ തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയിരിക്കുന്നത് എന്ന ആരോപണം ഉയരുന്നു. റിപ്പോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ പേര് സൂചിപ്പിക്കുന്നേയില്ല എന്നത് ആ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്ലായ്‌മയ്‌ക്ക് പ്രധാന തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിഷേധക്കാരില്‍ മൂന്നാമനായ ഇപ്പോള്‍ ഒളിവിലുള്ള സുനിത് നാരായണന്‍ പകര്‍ത്തിയതെന്നു കരുതുന്ന വീഡിയോയില്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളി താഴെയിടുന്നത് വ്യക്തമായി കാണിക്കുന്നുണ്ട്. ഇത് റിപ്പോര്‍ട്ടില്‍ മറച്ചു വെച്ചിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. ഇൻഡിഗോ സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മുഖ്യമന്ത്രി പിന്‍വാതിലിലൂടെ ഇറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്‌ണനും നല്‍കിയിരുന്ന ആദ്യ പ്രതികരണത്തിലുണ്ടായിരുന്നത്. പുതിയ തിരക്കഥ പിന്നീട് ഉണ്ടാക്കിയതാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. കണ്ണൂർ സ്വദേശി ആയ എയർപോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങിയെന്നും അതിനാൽ അദ്ദേഹം തയാറാക്കിയ റിപ്പോർട്ട് തള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇൻഡിഗോ മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയാറാക്കി. ഇ പിയുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം നടന്നതെന്ന് കോടിയേരിയും ഇ പിയും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി- സതീശൻ ആരോപിക്കുന്നു .
