വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതിപ്പട്ടികയിലുള്ള കെ.ആർ.അവിഷിത്ത് തന്റെ സ്റ്റാഫംഗം അല്ല എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം പൊളിഞ്ഞു.
ആവിഷിത്തിനെ സേവനത്തിൽ നിന്ന് മാറ്റിക്കൊണ്ട് ഇന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ഈ മാസം 15 മുതൽ മുൻകാല പ്രാബല്യത്തൊടെയാണ് നീക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അവിഷിത്തിന് പങ്കുണ്ടെന്ന്
ആരോപണം ഉയരുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ
ഈ മാസം ആദ്യം തന്നെ വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായി എന്ന് മന്ത്രി വീണ ജോർജ് വിശദീകരിച്ചിരുന്നു.
അതേ സമയം ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽനിന്ന് മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെയുള്ള നാലു പ്രവർത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
അടൂരിലെ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലുമണിയോടെ മന്ത്രി വീട്ടിൽനിന്ന് യാത്രതിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലുപേർ മന്ത്രിയുടെ വീടിന് സമീപമെത്തിയത്.
പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്.
ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ടയിൽ മന്ത്രിക്ക് നേരേ പ്രതിഷേധം അരങ്ങേറിയത്.