Categories
kerala

വീണ്ടും ആവര്‍ത്തിക്കുകയാണ്‌,വയനാട്‌ എം.പി.ക്ക്‌ സന്ദര്‍ശനത്തിന്‌ വരാനുളള സ്ഥലമല്ല അയാളുടെ മണ്ഡലം-എസ്‌.എഫ്‌.ഐ.നേതാവ്‌ അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്‌…പൊലീസിനെതിരെയും രോഷം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ ആക്രമിച്ച സംഭവത്തിലെ പ്രതികളിലൊരായിത്തീര്‍ന്നിരിക്കുന്ന എസ്‌.എഫ്‌.ഐ. നേതാവ്‌ കെ.ആര്‍.അവിഷിത്തിന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌ വന്‍ ചര്‍ച്ചയായി. മന്ത്രി വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗമായ അവിഷിത്തിനെ അക്രമസംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന്‌ മുന്‍കാല പ്രാബല്യത്തോടെ മന്ത്രിയുടെ സ്‌റ്റാഫില്‍ നിന്നും ഒഴിവാക്കി വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. ശ്രമിച്ചതിനൊപ്പം തന്നെയാണ്‌ എസ്‌.എഫ്‌.ഐ.നേതാവിന്റെ കുറിപ്പ്‌ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായത്‌. വയനാട്‌ എം.പി.ക്കെതിരായ രോഷം കത്തിനില്‍ക്കുന്ന കുറിപ്പില്‍ കേരളപൊലീസ്‌ “കോണ്‍ഗ്രസ്‌ കളിക്കുന്നു” എന്ന ആരോപണവും ഉയര്‍ത്തുന്നു.

മണ്ഡലം “സന്ദര്‍ശിക്കാന്‍” വരേണ്ട ആളല്ല വയനാട്‌ എം.പി. എന്ന കടുത്ത രോഷം അവിഷിത്ത്‌ പ്രകടിപ്പിക്കുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ എന്താ എസ്‌.എഫ്‌.ഐ.ക്ക്‌ പ്രതികരിക്കാന്‍ പാടില്ലേ എന്നും ന്യായീകരിക്കുന്നു. എസ്‌.എഫ്‌.ഐ.ക്ക്‌ ഇതില്‍ കാര്യമില്ലെന്ന്‌ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇന്നലെ പ്രതികരിച്ചതാണ്‌ അവിഷിത്തിന്റെ പ്രതികരണവുമായി ജനം ചേര്‍ത്തു വായിക്കുന്നത്‌. എസ്‌.എഫ്‌.ഐ.ക്ക്‌ ഇതില്‍ ഇടപെടാന്‍ എന്ത്‌ ആവശ്യമാണുള്ളതെന്ന്‌ ചോദിക്കുന്നവരോട്‌- ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന ഏത്‌ വിഷയവും എസ്‌.എഫ്‌.ഐ.യുടെ കൂടെ വിഷയമാണ്‌ എന്ന്‌ അവിഷിത്ത്‌ പ്രഖ്യാപിക്കുന്നു. എസ്‌.എഫ്‌.ഐ. സംഘടനയ്‌ക്കകത്തുള്ളവരുടെ അഭിപ്രായത്തിന്റെ പ്രതിഫലനമായാണ്‌ അവിഷിത്തിന്റെ പ്രതികരണം വീക്ഷിക്കപ്പെടുന്നത്‌. പരോക്ഷമായി സി.പി.എമ്മിന്റെ നേതാക്കളുടെ കുറ്റപ്പെടുത്തലിനുള്ള മറുപടി കൂടിയാണത്‌.

കേരളത്തിലെ പൊലീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പണിയാണ്‌ എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക്‌ പ്രതിരോധം തീര്‍ക്കേണ്ടി വരും എന്നും അവിഷിത്ത്‌ പറയുന്നു. പൊലീസ്‌ എടുത്ത കേസില്‍ വിദ്യാര്‍ഥി സംഘടനയ്‌ക്കകത്ത്‌ നിലനില്‍ക്കുന്ന അമര്‍ഷം അവിഷിത്തിന്റെ പ്രതികരണത്തിലുണ്ട്‌. ഇത്‌ ചെന്നു കൊള്ളുന്നതാവട്ടെ ആഭ്യന്തര വകുപ്പിനുമാണ്‌.

എസ്‌.എഫ്‌.ഐ. നടത്തിയ അക്രമത്തിനെ സി.പി.എം. തള്ളിപ്പറയുകയും ദേശീയ, സംസ്ഥാന പ്രസിഡണ്ടുമാരെ ഇന്ന്‌ എ.കെ.ജി.സെന്ററിലേക്ക്‌ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുകയും നടപടി വരുമെന്ന രീതിയില്‍ പാര്‍ടി കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ ഇന്നലെ രാത്രി തന്നെ പുറത്തു വരികയും ചെയ്‌ത പശ്ചാത്തലത്തില്‍ അവിഷിത്തിന്റെ കുറിപ്പ്‌ ശക്തമായ അമര്‍ഷത്തിന്റെ സൂചനകള്‍ ഉള്ളതാണ്‌.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എസ്എഫ്ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം എസ്എഫ്ഐക്ക് അതിൽ ഇടപെടാൻ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട്. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്. സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.

ഇപ്പോൾ വയനാട് എംപി വീണ്ടും മൂന്നു ദിവസത്തെ സന്ദർശനത്തിനു വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാമെന്നു കരുതിയിട്ടുണ്ടെങ്കിൽ, കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും.

Spread the love
English Summary: facebook post of sfi leader express strong defence on last days incidents

Leave a Reply

Your email address will not be published.

Social Connect

Editors' Pick