Categories
kerala

മാധ്യമങ്ങള്‍ക്ക്‌ തെളിവ്‌ ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ മാത്രം…എവിടെ ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ജേര്‍ണലിസം?

മുഖ്യമന്ത്രി വീണ്ടും ഒരു ഭൂതത്തെ കുടം തുറന്നു വിട്ടിരിക്കുന്നു. സ്വര്‍ണക്കടത്ത്‌ കേസ്‌ സംബന്ധിച്ച അടിയന്തിരപ്രമേയം അനുവദിക്കാനും ചര്‍ച്ച നടത്താനുമുള്ള തീരുമാനം ഭരണപക്ഷം എടുത്ത ഏറ്റവും വലിയ ബുദ്ധിയായിട്ടായിരുന്നു വ്യാഖ്യാനിക്കപ്പെട്ടത്‌. സഭയില്‍ എല്ലാം ചര്‍ച്ച ചെയ്‌ത്‌ പ്രതിപക്ഷത്തിന്റെ വാദത്തിന്റെ മുനയൊടിക്കുക എന്നതായിരുന്നു ലക്ഷ്യം. ചര്‍ച്ച കഴിഞ്ഞപ്പോള്‍ അത്‌ പാളിയതായാണ്‌ അനുഭവം. വീണ വിജയന്റെ കമ്പനിയും, പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പേര്‍സും സ്‌പ്രിങ്ക്‌ളറുമെല്ലാം വീണ്ടും കല്ലറകളില്‍ നിന്നും ഉണര്‍ന്നു വരാന്‍ ആ ചര്‍ച്ചയാണിപ്പോള്‍ ഇടയാക്കിയിരിക്കുന്നത്‌.
എന്നാല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളും ആരോപണങ്ങളും സംബന്ധിച്ച പല മാധ്യമറിപ്പോര്‍ട്ടുകളും സംശയമുനയില്‍ സര്‍ക്കാരിനെ നിര്‍ത്തുന്നതാണെങ്കിലും അതിന്‌ തെളിവായി ഉദ്ധരിക്കുന്നത്‌ വെറും പ്രസംഗങ്ങള്‍ മാത്രമാണെന്ന വൈരുദ്ധ്യവും ഉണ്ട്‌. എവിടെയാണ്‌ മാധ്യമങ്ങള്‍ കണ്ടെത്തുന്ന തെളിവുകള്‍…അത്‌ അന്തരിച്ച പി.ടി.തോമസും ഇപ്പോള്‍ മാത്യു കുഴല്‍നാടനും ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാത്രമായാല്‍ മതിയോ എന്ന ചോദ്യം ഉയരുന്നുണ്ട്‌.

അത്‌ മാത്യു കുഴല്‍നാടന്‍ പറഞ്ഞുവന്നപ്പോള്‍ മെന്ററെ പോലെ എന്നത്‌ മെന്റര്‍ എന്നു തന്നെ ആയി. പി.ഡബ്ല്യു.സി.-യുടെ ഡയറക്ടര്‍ ആയ ജെയ്‌ക്‌ ബാലകുമാര്‍ വീണ വിജയന്റെ സോഫ്‌റ്റ്‌ വെയര്‍ സ്റ്റാര്‍ട്ടപ്പ്‌ ആയ എക്‌സാലോജിക്‌ സൊലൂഷന്‍സിന്റെ മെന്റര്‍ ആയിരുന്നു എന്ന തെളിവ്‌ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്‌ മാത്യു ഹാജരാക്കിയ ഒരു വെബ്‌സൈറ്റ്‌ ഇമേജുകള്‍ വെച്ചാണ്‌. ഇതിലപ്പുറം മാധ്യമങ്ങള്‍ക്ക്‌ സ്വന്തമായ തെളിവുകളൊന്നും ഇല്ലെന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

thepoliticaleditor

“എന്റെ മെ‍ന്ററെ പോലെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലകുമാർ എന്നാണു വീണ കമ്പനി വെബ്സൈറ്റിൽ കുറിച്ചത്.”-ഇതാണ് മാത്യു കുഴൽനാടൻ പറഞ്ഞത്. മാത്യുവിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ്‌ മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍ സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തലുമായി വന്നു. സ്‌പ്രിങ്ക്‌ളറും വീണ വിജയന്റെ കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നും വീണ വിജയനാണ്‌ സ്‌പ്രിങ്ക്‌ളറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു. ഇതിനപ്പുറവും ആര്‍ക്കും ഇപ്പോള്‍ ഒരു തെളിവും ഇല്ല. പക്ഷേ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ആധികാരികതയുടെ നിറം ചാര്‍ത്തിയുള്ള വിവരണങ്ങളാണ്‌. സ്‌പ്രിങ്ക്‌ളറും വീണ വിജയന്റെ കമ്പനിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ ആര്‍ക്കും അറിയില്ല. എന്നാല്‍ അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി.തോമസ്‌ ഈ ആരോപണം ഉയര്‍ത്തിയിരുന്നു.

“സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ, വീണ ഡയറക്ടറായ കമ്പനിയുടെ വെബ് അക്കൗണ്ട് സസ്പെൻഡ് ചെയ്ത നിലയിലാണ്. 2014 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. വിവാദം ഉയർന്നതോടെ അക്കൗണ്ട് പെട്ടന്ന് സസ്പെൻഡ് ചെയ്തത് ദുരൂഹത വർധിപ്പിക്കുന്നു. 2020 വരെയുള്ള ജിഎസ്ടി പോലും എക്സാലോജിക് അടച്ചിട്ടുണ്ട്. എല്ലാ അക്കൗണ്ടുകളും സമർപ്പിക്കപ്പെട്ടതായാണു രേഖകൾ. ഇത്രയും പ്രധാന കമ്പനിയുടെ വെബ് അക്കൗണ്ട് പെട്ടന്ന് സസ്പെൻഡ് ചെയ്യുക സാധാരണ സാധ്യമല്ല. ‘സ്പ്രിൻക്ലർ ഇന്ത്യ’യുടെ വിവര‍ങ്ങളും മറച്ചു വച്ചിരിക്കുന്നു. സ്പ്രിൻക്ലറും എക്സാലോജിക്കും തമ്മിൽ ബന്ധമുണ്ടോയന്നു മുഖ്യമന്ത്രി വ്യക്താക്കണം”–ഇതായിരുന്നു പി ടി തോമസ് ഉയർത്തിയ ആരോപണം.

ഈ ആരോപണം ഇപ്പോള്‍ വീണ്ടും മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എന്നാല്‍ പി.ടി.തോമസ്‌ പ്രസംഗത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്കപ്പുറം ഒന്നും മാധ്യമങ്ങളുടെ കയ്യിലില്ല. പക്ഷേ എല്ലാം വസ്‌തുതാപരമെന്ന ധ്വനി ഉണ്ടാക്കും വിധം മാത്യു കുഴല്‍നാടന്റെ വാദവും പി.ടി.തോമസിന്റെ വാദവുമെല്ലാം ഒരുമിച്ചു ചേര്‍ത്തുള്ള സ്‌റ്റോറികള്‍ മാത്രമാണ്‌ മാധ്യമങ്ങള്‍ക്കുള്ളത്‌. ഇതിലപ്പുറം സ്‌പ്രിങ്ക്‌ളര്‍, പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപ്പേഴ്‌സ്‌, എക്‌സാലോജിക്‌ ഇവയുടെ യാഥാര്‍ഥ്യം, ഇവയുടെ ഇടപാടുകള്‍ ഒന്നും സ്വന്തം നിലയില്‍ അന്വേഷിക്കാനുള്ള സോഴ്‌സ്‌ മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടല്ല “വെളിപ്പെടുത്തലുകള്‍” നടത്തുന്നത്‌. ഏറ്റവും കുറഞ്ഞത്‌ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്‌ ഏതേത്‌ തെളിവുകളാണ്‌ നിരത്താനുള്ളത്‌ എന്ന കാര്യം പോലും മാധ്യമങ്ങള്‍ ആരായുന്നില്ല. സ്വപ്‌ന സുരേഷ്‌ പറയുന്നത്‌ വേദവാക്യം പോലെ ഉദ്ധരിച്ച്‌ അതില്‍ തന്നെ തൃപ്‌തിയടയുന്ന സ്വഭാവമാണ്‌ ചില മാധ്യമങ്ങള്‍ കാണിക്കുന്നത്‌. ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസം എന്നത്‌ വലിയൊരു സാധ്യതയാണ്‌. അതിനുള്ള സോഴ്‌സുകള്‍, വിഭവങ്ങള്‍, സാഹസികത ഇല്ലാതായിക്കൊണ്ടിരിക്കുന്നതാവാം മലയാള മാധ്യമങ്ങള്‍ ഇത്തരം പ്രസ്‌താവനാ,ആരോപണ, പ്രതികരണങ്ങളെ “തെളിവുകള്‍” പോലെ അവതരിപ്പിച്ച്‌ അവരുടെ റിപ്പോര്‍ട്ടുകളിലെ ശൂന്യത നികത്തുന്നത്‌. വലിയ ധനശേഷിയുള്ള മാധ്യമങ്ങള്‍ക്കെങ്കിലും ഇതില്‍ നിന്നും മുന്നോട്ടു പോയി വേണമെങ്കില്‍ വിദേശത്തു നിന്നുള്ള സോഴ്‌സുകള്‍ ഉപയോഗിച്ചു പോലും സത്യവും വസ്‌തുതയും കണ്ടെത്താന്‍ ശ്രമിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന്‌ മുഖ്യധാരാ മാധ്യമങ്ങള്‍ കരുതുന്നുണ്ടോ എന്ന സംശയം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്‌ ഉണ്ടായാല്‍ കുറ്റപ്പെടുത്താനാവില്ല. ഡിബേറ്റ്‌ ഷോകളില്‍ വാദപ്രതിവാദങ്ങളില്‍ പല തരം അഭിപ്രായങ്ങള്‍ ഉയരാം. എന്നാല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അതു മാത്രം പോരാ…വസ്‌തുതകള്‍ തന്നെയായിരിക്കണം.

Spread the love
English Summary: facts behind allegations against pinarayi vijayan and family

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick