വക്കീൽ ഓഫീസിലെ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ബി ആർ എം ഷഫീറിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
അഡ്വക്കറ്റ് ക്ലാർക്കായി 10 വർഷത്തോളമായി ജോലി ചെയ്യുന്ന സജിത കുമാരിയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. ഓഫീസിൽ വച്ച് ചീത്തവിളിക്കുകയും ദേഹത്ത് പിടിച്ച് തള്ളിയതായും സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
അതേസമയം, പരാതിയിൽ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീർപ്പാക്കിയതാണെന്നും ഷെഫീർ പ്രതികരിച്ചു. തന്റെ ഓഫീസിൽനിന്ന് ചില പ്രമാണങ്ങൾ കാണാതായ സംഭവത്തിൽ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
താൻ 18 കൊല്ലമായി നെടുമങ്ങാട് കോടതിയിൽ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗൽ അഡ്വൈസറുമാണ്.
ബാങ്കിൽനിന്ന് വായ്പ ലഭിക്കാൻ നൽകിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയൽ അടുത്തിടെ ഓഫീസിൽനിന്ന് കാണാതായി. ഈ സംഭവത്തിൽ രണ്ടാം തീയതി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ജീവനക്കാരെ അടക്കം പോലീസ് ചോദ്യം ചെയ്തു. പരാതി നൽകിയ ദമ്പതിമാരും തന്റെ ഓഫീസിൽ എട്ടുകൊല്ലമായി ജോലി ചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സി.ഐ.യും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാരായ ക്ലാർക്കുമാർ റൂറൽ എസ്.പി.ക്ക് മുമ്പാകെ പരാതി നൽകി. പിന്നീട് ബാർ അസോസിയേഷൻ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീർപ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിൻവലിക്കാമെന്നുമായിരുന്നു ധാരണ. അതിനാൽ ഇതെല്ലാം ഒത്തുതീർപ്പാക്കിയതാണെന്നും ബി.ആർ.എം. ഷെഫീർ പറഞ്ഞു.