Categories
kerala

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്.

മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന് കാരണമായതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നു വ്യക്തമാക്കിയ കോടതി വിമാനം ലാൻഡ് ചെയ്ത ശേഷമാണ് ഇവർ പ്രതിഷേധിച്ചതെന്ന് പറഞ്ഞു.
എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീടു നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

thepoliticaleditor

മുഖ്യമന്ത്രിയുടെ പി.എയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റെന്നായിരുന്നു പ്രതികൾ കോടതിയെ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെറിയ വിമാനമായതിനാൽ സിസിടിവി ഇല്ലെന്നായിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്.

ഫർസീൻ മജീദ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റാണ്. നവീൻകുമാർ ജില്ലാ സെക്രട്ടറിയും, സുജിത്ത് നാരായണൻ മട്ടന്നൂർ മണ്ഡലം സെക്രട്ടറിയുമാണ്.

കഴിഞ്ഞ ജൂൺ 13 ന് ആണ് സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ തള്ളിമാറ്റുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. പുറത്തിറങ്ങിയതോടെ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ ഇവർക്ക് പുറത്തിറങ്ങാനാകും.

Spread the love
English Summary: bail granted for protesters in aeroplane

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick