Categories
latest news

റഷ്യ ഉക്രെയിൻ യുദ്ധം തീർക്കാൻ രണ്ടാം ഘട്ട ചർച്ച ഇന്ന് …ബോംബിങ് നിർത്താതെ ചർച്ച കൊണ്ട് കാര്യമില്ലെന്ന് ഉക്രെയിൻ : കീവിലെ ടി.വി ടവറിന് നേരെ റഷ്യൻ ആക്രമണം

ഉക്രെയിനിൽ റഷ്യൻ അധിനിവേശം തുടരുമ്പോൾ റഷ്യ-ഉക്രെയിൻ രണ്ടാം ഘട്ട ചർച്ച ഇന്ന് നടക്കും.പോളണ്ട്- ബലാറസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും ചർച്ച നടക്കുക. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും കീവിനെ കീഴ്പ്പെടുത്താനുള്ള ശ്രമം റഷ്യ തുടരുകയാണ്.കീവിലെ ടി.വി. ടവറിനുനേരെ റഷ്യൻസേന നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

കീവിനടുത്തേക്ക് കൂടുതൽ കവചിതവാഹനങ്ങളും പടക്കോപ്പുകളും റഷ്യ എത്തിച്ചു. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ കവചിതവാഹനങ്ങൾ കീവിനടുത്ത് നിരന്നുകിടക്കുകയാണെന്നാണ് റിപ്പോർട്ട്.

thepoliticaleditor

യുക്രൈനിലെ രണ്ടാം വലിയ നഗരമായ ഖർകിവിൽ സർക്കാർ മന്ദിരത്തിനുനേരെ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം 18 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുക്കുകയായിരുന്നു.

ഖർകിവിനു വടക്കുള്ള സുമിയിൽ 70 ഉക്രെയിൻ പട്ടാളക്കാർ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഉക്രെയിൻ പട്ടാളം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തെക്കൻ യുക്രൈനിലെ വിവിധ പട്ടണങ്ങളിൽ ബോംബാക്രമണങ്ങളുണ്ടായി. ഹെർസോൻ പട്ടണത്തിലേക്കു കടക്കുന്ന സ്ഥലങ്ങളിൽ റഷ്യൻസേന ചെക്പോയന്റുകൾ സ്ഥാപിച്ചു. റഷ്യൻസേനയുടെ ആക്രമണത്തെത്തുടർന്ന് തെക്കുകിഴക്കൻ തുറമുഖനഗരമായ മരിയോപോളിൽ വൈദ്യുതി മുടങ്ങി. മരിയോപോളിലേക്കും തൊട്ടടുത്തുള്ള വൊൾനോവാഹയിലേക്കും റഷ്യൻസേന അടുത്തുകൊണ്ടിരിക്കുകയാണ്.

തങ്ങളുടെ ലക്ഷ്യം നേടുംവരെ ഉക്രെയിനിലെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷോയിഗു ചൊവ്വാഴ്ച പറഞ്ഞു. ഉക്രെയിനെ നിരായുധീകരിക്കുക, അവിടത്തെ നാസികളെ പുറത്താക്കുക, പാശ്ചാത്യരാജ്യങ്ങൾ സൃഷ്ടിച്ച സൈനിക ഭീഷണിയിൽനിന്ന് റഷ്യയെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
English Summary: russia attacks tv tower in kyiv

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick