Categories
latest news

നാട് വിട്ടോടിയത് 10 ലക്ഷത്തിലധികം ഉക്രെയിനുകാർ : അവർ എങ്ങോട്ട് പോയി ???

റഷ്യൻ ആക്രമണം മൂലം ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
നാല്പത് ലക്ഷം സാധാരണക്കാർ വരെ ഉക്രെയിനിൽ നിന്ന് പലായനം ചെയ്യാൻ സാധ്യത ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്.

ഉക്രെയിന്റെ പടിഞ്ഞാറൻ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, സ്ലൊവാക്യ, ഹംഗറി, മോൾഡോവ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം അഭയാർഥികളും പലായനം ചെയ്യുന്നത്. ചെറിയൊരു വിഭാഗം റഷ്യയിലേക്കും ബലാറസിലേക്കും പോകുന്നുണ്ട്.

thepoliticaleditor

ഏറ്റവും കൂടുതൽ പലായനം ഉണ്ടായിരിക്കുന്നത് പോളണ്ടിലേക്കാണ്. പോളണ്ട് ഇത് വരെ 5,05,582 അഭയാർഥികളെ സ്വീകരിച്ചതായാണ് റിപ്പോർട്ട്‌. അഭയാർഥികളെ സ്വീകരിച്ച് സംരക്ഷിക്കുന്ന പോളണ്ടിന് ഫ്രാൻസിസ് മാർപാപ്പ തന്റെ നന്ദി അറിയിച്ചിരുന്നു.

ഹംഗറി-1,39,686
മോൾഡോവ-97,827
സ്ലൊവാക്യ- 72,200
റൊമാനിയ-51,261
റഷ്യ- 47,800
ബെലാറസ് – 357
എന്നിങ്ങനെയാണ് ഇത് വരെയുള്ള അഭയാർഥികളുടെ കണക്ക്.

പോളണ്ടിലും, ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും അഭയാർത്ഥികൾക്ക് താമസിക്കാൻ സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത അഭയാർഥികൾക്ക് ഇവിടങ്ങളിൽ താമസിക്കാം. അവർക്ക് വേണ്ട ഭക്ഷണവും വൈദ്യസഹായവും ഈ രാജ്യങ്ങൾ നൽകുന്നുണ്ട്.

പരിക്കേറ്റ ഉക്രെയിൻകാരെ കൊണ്ടുപോകാൻ പോളണ്ട് മെഡിക്കൽ ട്രെയിനും തയാറാക്കുന്നുണ്ട്.

ഹംഗറിയും റൊമാനിയയും അഭയാഥികൾക്ക് വേണ്ട സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഭക്ഷണത്തിനും വസ്ത്രത്തിനും ക്യാഷ് അലവൻസുകൾ ഇരുരാജ്യങ്ങളും നൽകുന്നു. കുട്ടികൾക്കായി പ്രാദേശിക സ്‌കൂളുകളും വിട്ടുനൽകി.

അഭയാർഥികൾക്ക് തങ്ങളുടെ രാജ്യത്ത് തുടരുന്നതിനായി പ്രത്യേക വിസ അനുവദിക്കുമെന്ന് ചെക്ക് റിപ്പബ്ലികും അറിയിച്ചിട്ടുണ്ട്.

2 ലക്ഷം ഉക്രേനിയൻ അഭയാർഥികളെ ഇംഗ്ലണ്ട് ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രഖ്യാപിച്ചു.

പോളണ്ടും സ്ലൊവാക്യയും യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത് പ്രകാരം ഗ്രീസും ജർമ്മനിയും സ്ലോവാക്യയിലേക്ക് ടെൻറ്റുകളും പുതപ്പുകളും മാസ്കുകളും അയച്ചുനൽകുന്നുണ്ട്. ഫ്രാൻസ്, പോളണ്ടിലേക്ക് മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും അയച്ചു നൽകി.

അഭയാർഥികൾക്ക് യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളിലുടനീളം മൂന്ന് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശത്തിന് നടപടി ഉണ്ടാക്കുമെന്നും യൂറോപ്യൻ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.

കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസവും വൈദ്യചികിത്സ, സാമൂഹിക ക്ഷേമം പാർപ്പിടം എന്നിവയും ഉറപ്പ് വരുത്തും.

കനത്ത മഞ്ഞുവീഴ്ച ഉള്ള കാലാവസ്ഥയിൽ 60 മണിക്കൂറോളം കാത്തിരുന്നാണ് അഭയാർഥികൾ പോളണ്ടിലേക്കും റൊമാനിയയിലേക്കുമെല്ലാം പ്രവേശിക്കുന്നത്. തിരക്ക് മൂലം പലർക്കും ഉക്രേനിയൻ നഗരങ്ങളിൽ നിന്ന് ട്രെയിനുകളിൽ കയറാനും സാധിക്കാറില്ല.

പാസ്‌പോർട്ട് , കൂടെ യാത്ര ചെയ്യുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ഡോക്യുമെന്റേഷൻ എന്നിവയാണ് അഭയാർത്ഥികൾക്ക് രാജ്യം കടക്കാൻ വേണ്ട രേഖകൾ.
ഉക്രെയിൻ പൗരന്മാരെയും വിദേശ വിദ്യാർത്ഥികളെപ്പോലെ ഉക്രെയ്നിൽ നിയമപരമായി താമസിക്കുന്നവരെയുമാണ് അഭയാർഥികളായി പരിഗണിക്കുക.

യുദ്ധം മൂലം പാർപ്പിടം നഷ്ടപ്പെട്ടവരും സ്വന്തം രാജ്യത്ത് നിന്ന് കുടിയിറക്കപ്പെട്ടവരുമായി 1,60,000 ഉക്രെയിനുകാർ വരുമെന്നാണ് യുഎൻ പുറത്ത്വിട്ട കണക്കുകൾ പറയുന്നത്. 18 ദശലക്ഷം ഉക്രെയിൻ ജനതയെ യുദ്ധം ബാധിക്കുമെന്നാണ് വിലയിരുത്തൽ

Spread the love
English Summary: one million ukraine people fleed due to war expects more says UN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick