Categories
kerala

ആ സീറ്റ്‌ ചെറിയാന്‍ ഫിലിപ്പിന്‌ കൊടുക്കുമോ ?

രാജ്യസഭയിലേക്ക്‌ ഇനി താനില്ലെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി പറഞ്ഞതോടെ കേരളത്തിലെ നേതാക്കള്‍ രാജ്യസഭാ സീറ്റിനായി ക്യൂ നില്‍ക്കാനും സ്വയം മാര്‍ക്കറ്റ്‌ ചെയ്യാനും ആരംഭിച്ചു കഴിഞ്ഞു. തനിക്ക്‌ ആഗ്രഹമുണ്ടെന്നും അനുഭവസമ്പത്തുള്ള നേതാവാണ്‌ താനെന്നും പാര്‍ടി തീരുമാനിക്കണമെന്നും മുതിര്‍ന്ന മറ്റൊരു നേതാവ്‌ കെ.വി.തോമസ്‌ പറഞ്ഞു കഴിഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍ എന്നിവരും രംഗത്തുണ്ട്‌. മാര്‍ച്ച്‌ 31-ന്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഒരാളെ ജയിപ്പിക്കാനാവും. ഇതു കണ്ടാണ്‌ കസേരയ്‌ക്കായുള്ള കളി.

thepoliticaleditor

എന്നാല്‍ ഇവരെക്കാളെല്ലാം ഉപരി ഏറ്റവും അര്‍ഹനായ ഒരാളും കോണ്‍ഗ്രസില്‍ ഉണ്ട്‌-പഴയ മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ ചെറിയാന്‍ ഫിലിപ്പ്‌. എ.കെ.ആന്റണിയുടെ അരുമ ശിഷ്യനായി ദശാബ്ദങ്ങള്‍ നടന്ന ആള്‍. ആന്റണി പോലും ഒരു നിയമസഭാ സീറ്റ്‌ പോലും നല്‍കാതെ കബളിപ്പിച്ച ആള്‍. ഒടുവില്‍ മനം മടുത്ത്‌ വിട പറഞ്ഞ്‌ ഇടതു സഹയാത്രികനായി പിണറായി വിജയന്റെ സ്‌നേഹത്തിനു പാത്രമായി കെ.ടി.ഡി.സി. ചെയര്‍മാന്‍, കേരളമിഷന്‍ പദ്ധതി കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്‌തികകളില്‍ നിയമിതനായ വ്യക്തി. എന്നാല്‍ കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌ കിട്ടുമെന്ന്‌ ന്യായമായും മോഹിച്ചിട്ടും ജോണ്‍ ബ്രിട്ടാസിനു വരെ നല്‍കിയത്‌ കണ്ട്‌ ഇനി ഇങ്ങനെയെന്തിന്‌ ഇടതുപക്ഷത്തിന്‌ വെള്ളം കോരുന്നു എന്ന്‌ ചിന്തിച്ച അപ്പോഴും ഉള്ളില്‍ ഉണര്‍ന്നു തന്നെ നിന്ന കോണ്‍ഗ്രസുകാരന്‍.

20 വര്‍ഷം ഉറച്ചു നിന്ന്‌ സി.പി.എമ്മിനെ പിന്താങ്ങിയിട്ടും വീണ്ടും ഭരണം കിട്ടിയപ്പോള്‍ ഖാദിബോര്‍ഡിന്റെ വൈസ ചെയര്‍മാനാക്കാം എന്ന വാഗ്‌ദാനം കേട്ട്‌ കരഞ്ഞുപോയ ആള്‍. മറ്റ്‌ പാര്‍ടികളില്‍ നിന്നും വരുന്നവര്‍ക്ക്‌ സി.പി.എം.നീട്ടുന്ന പദവികള്‍ മാത്രമാണ്‌ തനിക്ക്‌ അര്‍ഹതയുള്ളൂ എന്ന്‌ ധ്വനി വീണ്ടും അലയടിച്ചപ്പോള്‍ ഇനി വേണ്ടെന്നു പറഞ്ഞ്‌ തന്റെ യഥാര്‍ഥ കോണ്‍ഗ്രസ്‌ വഴിയിലേക്കു തന്നെ സധൈര്യം നടന്നുവന്ന ആള്‍.

ഇടതുപക്ഷത്തിന്‌ തുടര്‍ഭരണം കിട്ടിയപ്പോള്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ തൊട്ട്‌ വയനാട്‌ ഡി.സി.സി. ഭാരവാഹി തൊട്ട്‌ കെ.സി.റോസക്കുട്ടി ടീച്ചര്‍ വരെ കോണ്‍ഗ്രസിനെ വിട്ട്‌ ഇടതിലേക്ക്‌ ചേക്കേറിയപ്പോള്‍ കോണ്‍ഗ്രസ്‌ ആകെ വിളര്‍ത്ത്‌ നാണംകെട്ട്‌ തലകുനിഞ്ഞു നിന്നപ്പോള്‍, ആ പാര്‍ടിക്ക്‌ വലിയൊരു കുളിര്‍വര്‍ഷം പോലെയായി ചെറിയാന്‍ ഫിലിപ്പ്‌. എല്ലാവരും കോണ്‍ഗ്രസ്‌ വിട്ടു പോകുമ്പോള്‍ ഇങ്ങോട്ടു വന്നിട്ട്‌ ഒരു കാര്യവുമില്ലാത്ത കടുംകാലത്ത്‌ , അതും ഭരണകക്ഷിയായ സി.പി.എമ്മിനെ വിട്ട്‌ ചെറിയാന്‍ വന്നപ്പോള്‍ അത്‌ കോണ്‍ഗ്രസിന്‌ പൊരിവെയിലില്‍ മുന്നിലെത്തിയ കുളിര്‍മഴയായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ്‌.

ആ ചെറിയാനല്ലാതെ മറ്റാര്‍ക്കാണ്‌ അര്‍ഹത ഇപ്പോള്‍ ഈ രാജ്യസഭാ സീറ്റിന്‌.!! എ.കെ. ആന്റണി ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‌ മനസ്സുണ്ടെങ്കില്‍ വൈകിയാലും ഒരു തെറ്റു തിരുത്താം. ആന്റണി മനസ്സു കൊണ്ട്‌ നേരത്തെ തന്നെ ഖേദിച്ചതിന്‌ അര്‍ഹമായ പ്രായശ്ചിത്തം ചെയ്യാന്‍ ഒരു ശുപാര്‍ശയുടെ അകലമേയുള്ളൂ. ആന്റണി ശിഷ്യന്‌ രാജ്യസഭയിലേക്ക്‌ വഴി നല്‍കാം. ഒരു പക്ഷേ ചെറിയാന്‌ തന്റെ ക്രോണിക്ക്‌ ബാച്ചിലര്‍ രാഷ്ട്രീയ ജീവിതത്തില്‍ ആകെ നേടിയേക്കാവുന്ന ഒന്ന്‌ ഇപ്പോള്‍ കോണ്‍ഗ്രസിനും ആന്റണിക്കും നല്‍കാനാവും. സോണിയയോട്‌ ഒരു വാക്ക്‌ പറഞ്ഞാല്‍ മതി.ആന്റണി പറഞ്ഞാല്‍ സോണിയ ചെയ്യും. വേണമെങ്കില്‍ നടക്കും…ഒരു വാക്ക്‌ മതി.

Spread the love
English Summary: candidates in congress for rajya sabha seat

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick