Categories
kerala

ആണും പെണ്ണുമായി പരസ്പരം മാറിയവർ പറഞ്ഞ കഥകൾ..അനുഭവിച്ച അപമാനങ്ങൾ ..കേട്ട് തരിച്ചിരുന്ന് ആന്തൂരിന്റെ സദസ്സ്

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന്
ആന്തൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍
സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ദിനാചരണത്തില്‍ അതിഥികളായെത്തിയത് ട്രാന്‍സ് വുമണായ സന്ധ്യയും ട്രാന്‍സ്‌മെന്‍ ബിനോയിയുമാണ്. ഇരുവരുടെയും കഥ സദസ്സിനെ ഞെട്ടിക്കുന്നതായിരുന്നു.

“കേരളത്തിന് പുറത്ത് കുട്ടികൾ പരീക്ഷ എഴുതുന്നതിന് മുൻപ് ഞങ്ങളെ തൊട്ട് വന്ദിച്ച് പ്രാർത്ഥിച്ചിട്ട് പോകും. കേരളത്തിലാണെങ്കിലോ?? പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പെങ്ങാൻ ഞങ്ങളെ കണ്ട്പോയാൽ തല്ലി ഓടിക്കും..അതാണ് വ്യത്യാസം”-സന്ധ്യ പറയുന്നു.

thepoliticaleditor
ട്രാന്‍സ് വുമണ്‍ സന്ധ്യ സംസാരിക്കുന്നു

ട്രാന്‍സ് വുമണ്‍ സന്ധ്യ ആണായി ജനിക്കുകയും മനസ്സ് കൊണ്ട് പെണ്ണാവുകയും ചെയ്ത വ്യക്തിയാണ്. അഞ്ച് വയസ്സുമുതല്‍ അവരനുഭവിക്കുന്ന കടുത്ത വിവേചനത്തിന്റെ കഥയാണ് അവര്‍ വിവരിച്ചത്. പെണ്‍കുട്ടികളോടൊത്ത് നടക്കാനും കളിക്കാനുമുള്ള സന്ധ്യയുടെ താല്‍പര്യത്തെ മാനസിക പ്രശ്‌നമായാണ് അധ്യാപകരടക്കം കണക്കാക്കിയിരുന്നത്.സന്ധ്യ പോലും അതിനെ ഒരു രോഗമായാണ് കരുതിയിരുന്നത്. ഇതിന്റെ പേരില്‍ നിരവധി പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു.’പെൺകോന്തൻ’, ‘പെണ്ണാച്ചി’ തുടങ്ങിയ നാട്ടുകാരുടെയും കൂട്ടുകാരുടെയും വിളികൾ അസഹനീയമാണെന്നും അവർ ഓർത്തെടുത്തു.

ഡിഗ്രി കോളേജില്‍ പഠിക്കുന്ന സമയത്താണ് സന്ധ്യ ആദ്യമായി തന്നെ പോലൊരാളെ കാണുന്നത്. അവിടെ നിന്നാണ് താന്‍ ഒരു രോഗി അല്ലെന്നും തനിക്കുള്ളത് രോഗമല്ലെന്നും സന്ധ്യ മനസ്സിലാക്കുന്നത്.പിന്നീട് ബോംബെയിലെത്തിയപ്പോഴാണ് സന്ധ്യ തന്നേത്തന്നെ കൂടുതല്‍ മനസ്സിലാക്കിയത്.

സര്‍ജറിക്ക് പകരം തീയില്‍ പഴുപ്പിച്ച കത്തി കൊണ്ട് ലിംഗം അറുത്തു മാറ്റുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ഇടയിലുളള രീതി സന്ധ്യ വിശദീകരിച്ചപ്പോള്‍ നടുക്കത്തോടെയാണ് സദസ്സ് കേട്ടിരുന്നത്.

2014 ലെ സുപ്രീം കോടതി വിധിക്ക് ശേഷമാണ് ബോംബെയില്‍ നിന്നും കേരളത്തിലേക്ക് തിരികെ വന്നതെന്നും സന്ധ്യ പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും അവര്‍ പറഞ്ഞുവെക്കുന്നു.

‘മറ്റേത് സ്ത്രീയെക്കാളും സ്ത്രീത്വം ഉള്ളിലുള്ള എന്നെ വനിതാ ദിനത്തില്‍ അതിഥിയായി ക്ഷണിച്ചതിന് നന്ദി പറയുന്നു’-സന്ധ്യ പറഞ്ഞു.

ട്രാന്‍സ് മെന്‍ ആയ ബിനോയിയുടെ അവസ്ഥയും വ്യത്യസ്തമല്ല. പെണ്ണായി ജനിച്ച് ആണിന്റെ മനസ്സുമായി ജീവിച്ച ബിനോയിയേയും മാനസിക രോഗിയായി കാണാനേ അജ്ഞരായ സമൂഹത്തിനും കുടുംബത്തിനും കഴിഞ്ഞുള്ളൂ. മാതാവ്
മാനസീകാസ്വസ്ഥ്യം ഉള്ള ആളായതിനാല്‍ ബിനോയിയെയും അങ്ങനെ തന്നെ മുദ്രകുത്തി.

ട്രാന്‍സ് മെന്‍ ബിനോയി

പൂര്‍ണമായും ആണിന്റെ മനസ്സുള്ള ബിനോയിയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു പുരുഷനുമായി ഒത്തുപോകാന്‍ ബിനോയിയുടെ മനസ്സ് തയാറായിരുന്നില്ല. ഒരാഴ്ച മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന്റെ കഥ തമാശ രൂപേണ ബിനോയി പറഞ്ഞെങ്കിലും അതിലും ട്രാന്‍സ് കമ്യൂണിറ്റിയെ മനസ്സിലാക്കാന്‍ കഴിയാതെ പോയ സമൂഹം ചെയ്ത് കൂട്ടുന്ന ക്രൂരതകളാണ് പ്രതിഭലിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ട്രാന്‍സ് വനിതയെ ഉള്‍പ്പെടുത്തി അനുഭവം പങ്കുവെപ്പിച്ച ആന്തൂര്‍ നഗരസഭയുടെ ഉദ്യമം അഭിനന്ദനാര്‍ഹമാണ്. പരിപാടിയില്‍ ഏറിയ പങ്കും മുതിര്‍ന്ന സ്ത്രീകളായത് കൊണ്ടും ഇത്തരം ഒരു തുറന്ന്പറച്ചില്‍ അവര്‍ക്ക് പുത്തന്‍ അനുഭവമായത് കൊണ്ടും ഈ വനിതാ ദിനം അവര്‍ക്ക് പുതിയ തിരിച്ചറിവുകള്‍ നല്‍കുമെന്നത് തീര്‍ച്ചയാണ്.

സിഗ്‌നേച്ചര്‍ ക്യാമ്പയ്ന്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍
പി. മുകുന്ദനും വനിതാ ദിനാഘോഷ ഉദ്ഘാടനം നഗരസഭ വൈസ്.ചെയര്‍ പേഴ്‌സന്‍ പി.സതീദേവിയുമാണ് നിര്‍വഹിച്ചത്.
പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി ഡോകടര്‍ ജിതോയ് പി.കെ മാനസികാരോഗ്യ ക്ലാസ്സെടുത്തു.

വനിത സബ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജിത.ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ആമിന ടീച്ചര്‍, ആമിന ടീച്ചര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍
എം എം അനിത, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.പി ശ്യാമള, കില സ്റ്റേറ്റ് ഫാക്കൽറ്റി ടി.സുരേഷ്ബാബു, സിഡിഎസ് കമ്മിറ്റി അംഗം സ്വപ്ന മഹേഷ്. എന്നിവര്‍ സംസാരിച്ചു.

Spread the love
English Summary: anthoor mincipality women's day celebration

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick