Categories
kerala

‘മാതൃഭൂമി’ വാര്‍ത്ത അടിസ്ഥാനരഹിതം…കേരളഹൗസില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് വി.ഐ.പി. സേവനങ്ങളെന്ന് വിശദീകരണം

ഉക്രെയിനില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ച 30 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ സഞ്ചരിക്കാനെത്തിച്ചത് വെറും രണ്ട് കാറുകള്‍ മാത്രമാണെന്ന മാധ്യമ വാര്‍ത്ത നിഷേധിച്ച് കേരള ഹൗസ് റസിഡണ്ട് കമ്മീഷണര്‍ പുനീത്കുമാര്‍ വിശദീകരണം നല്‍കി. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നതു പോലുള്ള സംഭവങ്ങള്‍ അല്ല ഉണ്ടായതെന്നാണ് വിശദീകരണത്തില്‍ പുനീത്കുമാര്‍ സമര്‍ഥിക്കുന്നത്.

പുനീത്കുമാര്‍

മുപ്പത് പേരില്‍ എല്ലാവരെയും കേരള ഹൗസിലേക്ക് കൊണ്ടുവരികയല്ല ചെയ്തതെന്നും നേരിട്ട് വിമാനത്താവളത്തില്‍ നിന്നു തന്നെ കേരളത്തിലേക്കുള്ള വിമാനത്തില്‍ യാത്ര ഏര്‍പ്പാടാക്കി കൂടുതല്‍ വേഗത്തില്‍ നാട്ടിലെത്താന്‍ സഹായിക്കുകയാണ് ചെയ്തതെന്നും വിശദീകരിക്കുന്നു. 16 പേരെ ഈ രീതിയില്‍ യാത്രയാക്കിയെന്ന് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുമുണ്ട്.

thepoliticaleditor

ബാക്കി 14 പേരില്‍ 12 പേരെ രണ്ടുകാറുകളിലായി വളരെയധികം ലഗ്ഗേജുകളുമായി കുത്തിനിറച്ച രീതിയില്‍ ആണ് കേരള ഹൗസിലേക്ക് കൊണ്ടുപോയതെന്നും ബാക്കി രണ്ടു പേരെ ആദ്യ ട്രിപ്പ് പോയ കാര്‍ തിരിച്ചു വന്ന ശേഷമാണ് കൊണ്ടുപോയതെന്നും ഒരു മണിക്കൂറിലേറെ ഇതിനായി കാത്തുനിന്നു എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇതെല്ലാം തെറ്റായിരുന്നു എന്നാണ് റസിഡന്റ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്.

വിശദീകരണത്തിലെ പ്രസക്തമായ വിവരങ്ങള്‍:

വകുപ്പു സെക്രട്ടറിമാര്‍ക്കു നല്‍കുന്ന 4 ഷിയാസ് കാറുകളും രണ്ട് എര്‍ട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട് കാറുകളാണ് ആദ്യ ഫ്‌ളൈററിലെത്തിയ കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്നത്. ഏഴു പേര്‍ സഞ്ചരിക്കുന്ന കാറുകളില്‍ അഞ്ചു പേര്‍ മാത്രമാണ് സഞ്ചരിച്ചത്. മറ്റ് കാറുകളില്‍ നാലു പേരും. അവസാനത്തെ കാറില്‍ സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ട് പാസ്സുള്ള കേരള ഹൗസ് കണ്‍ട്രോളര്‍ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ വെളുപ്പിന് ഒന്നര മുതല്‍ എയര്‍പോര്‍ട്ടിനകത്ത് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉണ്ടായിരുന്നു. താത്കാലിക പാസ്സുമായി മറ്റ് ഉദ്യോഗസ്ഥര്‍ രണ്ട് മണി മുതലും എയര്‍പോട്ടില്‍ ഉണ്ടായിരുന്നു.

പല സംസ്ഥാനങ്ങളും അഞ്ചാം നമ്പര്‍ ഗേറ്റിലൂടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചപ്പോള്‍ തിരക്ക് ഒഴിവാക്കി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്ന വിഐപി പാര്‍ക്കിംഗ് ഏരിയയിലൂടെ വിദ്യാര്‍ത്ഥികളെ പുറത്തുകൊണ്ടു വരുകയാണ് കേരള ഹൗസ് ചെയ്തത്. മുമ്പും ഇവാക്വേഷന്‍ പ്രക്രിയയില്‍ പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നരായ ഷോഫര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും വിഐപി പാര്‍ക്കിംഗ് ഉപയോഗപ്പെടുത്തുന്നതിനുമാണ് വിഐപികള്‍ക്കു നല്‍കുന്ന കാറുകള്‍ ഉപയോഗിക്കുന്നത്. ഡല്‍ഹിയിലെത്തിയ ആദ്യവിമാനത്തില്‍ 17 മലയാളി വിദ്യാര്‍ത്ഥികളുടെ പട്ടികയാണ് വിദേശ മന്ത്രാലയം നല്‍കിയിരുന്നത്.

ലഭിച്ച നമ്പരുകള്‍ ഉപയോഗിച്ച് വാട്ടസ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി 25 വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്രമീകരണം കേരള ഹൗസില്‍ ചെയ്തിരുന്നു. ഡല്‍ഹിയിലെ മലയാളിയടക്കം 31 വിദ്യാര്‍ത്ഥികള്‍ ആദ്യഫ്‌ളൈറ്റില്‍ എത്തിയിരുന്നു. കഴിയുന്നിടത്തോളം വിദ്യാര്‍ത്ഥികളെ എയര്‍പോട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. 16 വിദ്യാര്‍ത്ഥികളെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇവരുടെ ഫ്‌ളൈറ്റ് രാവിലെ 8.20 നും 8.45നും ആയിരുന്നു. മറ്റ് 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റുകള്‍ ക്രമീകരിച്ചു നല്‍കിയ ഒഡെപെക്കിന്റെ പ്രതിനിധി വരെ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

കേരള ഹൗസില്‍ ഡോര്‍മട്രി സംവിധാനവും അഡിഷണല്‍ ബ്ലോക്കുമാണ് ആദ്യം ക്രമീകരിച്ചത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും കെയറും നല്‍കുന്നതിന് മെയിന്‍ ബ്ലോക്കിലെ വിഐപി റൂമുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. അവധി ദിവസമായിരുന്നിട്ടും റസിഡന്റ് കമ്മീഷണറും ഒഎസ്ഡിയും നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ കാണുകയും സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ സന്തോഷം അറിയിക്കുകയും ചെയ്തു. കേരള ഹൗസില്‍ എത്തിയ എല്ലാ കുട്ടികളും സന്തോഷത്തോടെയാണ് മടങ്ങിയത്.

തലേദിവസം (26/02) രാവിലെ മുതല്‍ തുടര്‍ച്ചയായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിറ്റേ ദിവസം (27/02) ഞായറാഴ്ച മൂന്നാമത്തെ ഫ്‌ളൈറ്റും എത്തിയതിനു ശേഷമാണ് ഡ്യൂട്ടി അവസാനിപ്പിച്ചത്. ഓരോ സംസ്ഥാനവും അവരുടെ കുട്ടികളെ നാട്ടിലെത്തിക്കാന്‍ വിവിധ സ്വഭാവത്തിലുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. ഡല്‍ഹിയുടെ പല അയല്‍സംസ്ഥാനങ്ങളും ലക്ഷ്വറി ബസില്‍ കുട്ടികളെ നേരിട്ട് അവരുടെ സംസ്ഥാനത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന് ഇത് പ്രായോഗികമല്ല. വിദ്യാര്‍ത്ഥികളെ കഴിവതും എയര്‍പോട്ടില്‍ നിന്നു തന്നെ ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കുകയും അവശേഷിക്കുന്നവരെ മാത്രം കേരള ഹൗസിലെത്തിച്ച് അടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കുകയുമാണ് കേരളത്തിന് പ്രായോഗികമായത്. യാത്രയും താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.

Spread the love
English Summary: NEWS REGARDING KERALA HOUSE OFFICIALS BASELESS SAYS RESIDENT COMMISSIONER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick