Categories
alert

സ്‌കൂള്‍ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു…കേട്ടാൽ ഞെട്ടുന്ന അതിക്രമങ്ങൾ പുറത്ത്

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്‌തു. സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ഡോ: സുനില്‍ കുമാറിനെതിരെയാണ് നടപടി . കാലിക്കറ്റ് സര്‍വകലാശാല വിസി ആണ് സസ്‌പെൻഡ് ചെയ്തത് . വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സ‌ർവകലാശാല നടപടിയെടുത്തത്.

ഡോ. സുനില്‍ കുമാര്‍

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു.വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സുനില്‍കുമാറെത്തി.

thepoliticaleditor

ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാര്‍ഥിനി പറയുന്നു. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. അപമാനം നേരിട്ട പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലംപിടിച്ച് പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു.തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് അദ്ധ്യാപകനെതിരെ ശക്തമായ നടപടിയുണ്ടാകും വരെ സമരം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
വുമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെക്‌ഷ്വല്‍ ഹറാസ്‌മെന്റ്‌ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വിദ്യാര്‍ഥികള്‍ എഴുതിയ വിശദമായ കുറിപ്പിലാണ്‌ കേരളത്തിലെ പ്രശസ്‌ത കലാബിരുദ കലാലയത്തിലെ ഞെട്ടിക്കുന്ന ലൈംഗിക, മാനസിക പീഡന കഥകള്‍ ലോകം അറിഞ്ഞത്‌.

ഫേസ്‌ ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ രൂപം:

2021 നവംബർ 21 ന് സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ് എടുക്കാൻ എത്തിയ വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജ വാര്യർ ക്ലാസ്സിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയോട് വളരെ മോശമായി പെരുമാറുകയും ഫിസിക്കൽ അബ്യുസ് നടത്തുകയും ചെയ്തു.ക്ലാസ്സിന്റെ തുടക്കം മുതലേ ഇതേ വിദ്യാർത്ഥിനിയെ വ്യക്തിഹത്യ നടത്തുകയും “വലിയ കണ്ണട വച്ചാൽ മാത്രം പോരാ തലക്ക് അകത്തു വല്ലതും വേണം” എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.മാത്രമല്ല ക്ലാസ്സിലുള്ള മറ്റു കുട്ടികളോടും മോശമായി പെരുമാറുകയും, ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തു.തുടർന്ന് ക്ലാസ് നടക്കുന്നതിനിടയിൽ വളരെ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവും കൂടാതെ അതേ വിദ്യാർത്ഥിനിയെ അടിക്കുകയും,അതിന്റെ കാരണം അന്വേഷിച്ച വിദ്യാർത്ഥിനിയോട് ” പഞ്ചേന്ദ്രീയങ്ങളുടെ പ്രവർത്തനത്തെ, പഞ്ചേന്ദ്രീയങ്ങളിൽ ഒന്നായ ത്വക്ക്, ഇപ്പോളത് മനസ്സിലായിക്കാണുമല്ലോ” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.ഉടനടിത്തന്നെ ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയോട് “ഞാനൊരു വഷളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കരുതികൊള്ളു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.ക്ലാസിനവസാനം നന്ദി പറഞ്ഞ ഇതേ വിദ്യാർത്ഥിനിയോട് കയർത്തു സംസാരിക്കുകയും,പരിഹസിക്കുകയും,മറ്റു വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് അപമാനിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹം ഉന്നയിച്ച വെല്ലുവിളി “മൂന്നാം വർഷം കഴിഞ്ഞതിനുശേഷം നീ എന്തെങ്കിലുമൊക്കെ ആയിത്തീർന്നതിനു ശേഷം നീ ഇതുതന്നെ പറയുകയാണെങ്കിൽ ഞാനെന്റെ ജോലി തന്നെ രാജി വച്ചുകൊള്ളാം”എന്നായിരുന്നു.ഇത്തരത്തിലുള്ള ഒരു ദുരനുഭവത്തിലൂടെ ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ ആ കുട്ടിക്ക് കടുത്ത അപമാനവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നു.
വിദ്യാർത്ഥിനി ഈ വിഷയം അധ്യാപകർ പലരോടുമായി സംസാരിച്ചിരുന്നെങ്കിലും അവർ ഇതിനെ കാര്യമായി പരിഗണിക്കുകയോ ഇതിൽ ഇടപെടുകയോ ചെയ്തില്ല.ആ നിലയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ സ്ഥിര അധ്യാപകനായ എസ് സുനിൽകുമാറിനോടും വിദ്യാർത്ഥിനി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.അപ്പോഴും ശേഷവും വിശ്വാസത്തോടുകൂടി സുനിൽകുമാർ എന്ന അധ്യാപകനോട് ഇടപെട്ട വിദ്യാർത്ഥിനിയെ അയാൾ ചൂഷണം ചെയ്യുന്ന വിധം വലിയ വിഷയങ്ങൾ ആയിരുന്നു പിന്നീട് ഞെട്ടിപ്പിക്കും വിധം സംഭവിച്ചത്.
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് തൃശ്ശൂരിലെ അദ്ധ്യാപകനായ എസ് . സുനിൽ കുമാർ (46) ൽ നിന്നും ഇതേ വിദ്യാർത്ഥിനിക്ക് കുറച്ചു മാസങ്ങളായി ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കോളേജിലെ അദ്ധ്യാപക – വിദ്യാർത്ഥി എന്ന ബന്ധത്തിനുപരിയായി ഉണ്ടായിരുന്ന സൗഹൃദബന്ധത്തെ ദുരുപയോഗപെടുത്തികൊണ്ട് അധികാര ദുർവിനിയോഗം ചെയ്യുകയാണുണ്ടായത്. രാത്രികാലങ്ങളിലും മറ്റും മദ്യപിച്ചും ചിലപ്പോൾ അല്ലാതെയും നിരന്തരം ഫോൺ ചെയ്യുകയും, തുടർന്ന് പല കാര്യങ്ങളുണ്ടാക്കി വിമർശിക്കുകയും, പിന്നീട് അതിനെല്ലാം മാപ്പപേക്ഷിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.
കലയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾക്കിടയിൽ ഇദ്ദേഹം വിദ്യാർത്ഥിയോട് “ഒരു കോളേജ് പ്രൊഫസറും, അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിനിയുമായുണ്ടാകുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന വിഷയങ്ങളും ആസ്പദമാക്കിയ “irrational man” എന്ന സിനിമ കാണാൻ ആവശ്യപ്പെടുകയുണ്ടായി “. ഇദ്ദേഹം പിന്നീട് ഇത്തരത്തിലുള്ള സംസാരത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ചുകൊണ്ടിരുന്നു. നിരന്തരമായ ഈ സമീപനം വിദ്യാർത്ഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. എന്തു ചെയ്യണമെന്ന ആശങ്കയിലും anxiety യും അലട്ടികൊണ്ടിരുന്നതിനാൽ ആരോടും തുറന്നുപറയാൻ സാധിക്കാത്ത ഒരു സാഹചര്യത്തിലായി. കോളേജിൽ ഇത്തരത്തിലുള്ള ഒരു ദുരനുഭവം മുൻപ് ചൂണ്ടിക്കാട്ടിയ ഈ വിദ്യാർത്ഥിനിയോട് അദ്ധ്യാപകർ സ്വീകരിച്ച മനോഭാവവും വിദ്യാർത്ഥിനിക്ക് തുറന്നുപറയാൻ തടസ്സമായി. വീണ്ടും അദ്ദേഹം ശാരീരികമായി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ തടയാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകന് ego hurt ആയി എന്നതിന്റെ പേരിൽ വളരെ കഠിനമായ ഭാഷയിൽ സംസാരിക്കുകയും ആക്രമിക്കുകയുമാണുണ്ടായത്. വളരെ വേദനിപ്പിക്കുന്ന രീതിയിൽ penetrate sex ചെയ്തുകൊണ്ടിരുന്ന ഇദ്ദേഹത്തോട് നിർത്താനാവശ്യപ്പെട്ടപ്പോൾ ബലം പ്രയോഗിച്ചു തുടർന്നുകൊണ്ടേയിരുന്നു. ഇതിനുശേഷം അദ്ദേഹം പറഞ്ഞത് ” ഇതെല്ലാം എന്റെ ഒരുപാട് കാലത്തെ ഫാന്റസി ആയിരുന്നു” എന്നാണ്. ഇതിനെതിരെ പിന്നീട് ചോദ്യം ചെയ്ത സംസാരിച്ച വിദ്യാർത്ഥിനിയോട് “എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്തുചെയ്തതാണിതെല്ലാം” എന്ന് ന്യായീകരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹവുമായുള്ള യാതൊരു വഴിവിട്ട ബന്ധത്തിനും വിദ്യാർത്ഥിനി തയ്യാറായിരുന്നില്ല.
ഇദ്ദേഹത്തിന്റെ തുടർച്ചയായ ഫോൺകോളുകളൂം, മെസ്സേജുകളും, കോളേജിലെ ഇദ്ദേഹത്തിന്റെ സാമിപ്യവും വിദ്യാർത്ഥിനിയെ വല്ലാതെ മാനസികസമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 13ന് വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലാക്കിയ വിദ്യാർത്ഥിനിയെ ഈ അദ്ധ്യാപകൻ അവിടെ ചെന്നും നിരന്തരമായി മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നു. പുറത്തുപറഞ്ഞാൽ അദ്ദേഹം കാറോടിച്ചു കടലിലേക്ക് ഇറക്കി ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും,വിദ്യാർത്ഥിനിയുടെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് ‘അവൾക്ക് മാനസിക പ്രശ്നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും ‘ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ് ഉണ്ടായത്.ഇക്കാരണങ്ങളാൽ വിദ്യാർത്ഥിനി ഈ സംഭവങ്ങൾ പുറത്തു പറയാൻ മടിക്കുകയും,എന്നാൽ നിരന്തരമായ അദ്ദേഹത്തിന്റെ ശല്യം സഹിക്കാതാവുകയും,മറ്റു അധ്യാപകർ ഒരു മുന്നറിയിപ്പുമില്ലാതെ പെൺകുട്ടികളെ വിളിച്ചുവരുത്തി,വളരെ മോശമായി സംസാരിച്ചതുകൊണ്ട് നടത്തിയ മീറ്റിങ്ങിലാണ് ഈ വിദ്യാർത്ഥിനി എസ് സുനിൽകുമാർ എന്ന അധ്യാപകനെതിരെയും കോളേജിൽ ക്ലാസ് എടുക്കാൻ വന്ന രാജാ വാര്യർ എന്ന മറ്റൊരു അധ്യാപകനെതിരെയുമുള്ള പരാതി തുറന്നു പറഞ്ഞത്.
ഈ വിഷയത്തിൽ പോലീസിന്റെ സമീപനം വളരെ മോശമായിരുന്നു.ആദ്യം എടുത്ത മൊഴിയുടെയും പരാതിയുടെയും ഭാഗമായി പോലീസ് തയ്യാറാക്കിയ FIR തീരെ ബലം കുറഞ്ഞതും രാജാ വാര്യർ ഒന്നാം പ്രതിയായതും ആയ FIR ആണ്.ഇതിൽ എസ് സുനിൽകുമാർ ചെയ്ത കുറ്റകൃത്യങ്ങളെ ചൂണ്ടികാണിക്കുകയോ അയാൾക്കെതിരെ ആവശ്യമായ FIR ഇടുകയോ ചെയ്തിട്ടില്ല.അതുപ്രകാരം കാര്യങ്ങൾ കൃത്യമായി വിശദീകരിച്ച പുതിയ പരാതിയുമായി വീണ്ടും ചെന്നിട്ടും അത് സ്വീകരിക്കികൻ പോലീസ് തയ്യാറായിരുന്നില്ല. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബൈജു കെ സി പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ കൂടെ വന്ന വിദ്യാർത്ഥികളോട് പോലും വളരെ മോശമായിട്ടാണ് പെരുമാറിയത്, കൂടാതെ പരാതിക്കാരിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും കരയിപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ നിർബന്ധത്തിനു വഴങ്ങി പരാതി സ്വീകരിച്ചെങ്കിലും ഈ നേരമായിട്ടും അനുകൂലമായ FIR സമയബന്ധിതമായി ഇടുകയോ നിയമപരമായി സഹായം വിദ്യാർത്ഥികൾക്ക് ഉറപ്പു വരുത്തുകയോ ചെയ്തിട്ടില്ല.മെഡിക്കൽ ചെക്കപ്പിനായി പോവാനൊരുങ്ങിയ പരാതിക്കാരിയായ വിദ്യാർത്ഥിനിയെ ഒറ്റക്ക് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവാനും മാനസികമായി ഉപദ്രവിക്കുകയുമാണ് പോലീസ് ചെയ്തത്.ശേഷം ലീഗൽ അഡ്‌വൈസറുടെ സഹായത്തോടേ സ്വന്തം വാഹനത്തിൽ വിദ്യാർത്ഥിനി ചെക്കപ്പിന് പോവുകയാണ് ഉണ്ടായത്.ഏറ്റവും വലിയ മനുഷ്യത്വ രഹിത രീതിയിലാണ് പോലീസ് ഇടപെടുന്നത്.ആരുടെയൊക്കെയോ സ്വാധീനത്തിൽ പോലീസ് നടത്തുന്ന ഈ ക്രൂര നാടകത്തിലൂടെ അവർ പ്രതിയുടെ പക്ഷമാണെന്ന് പകൽ പോലെ വ്യക്തമാണ്.പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ അലംഭാവം ഞങ്ങൾക്ക് നീതി നിഷേധിക്കുന്നതിനും കുറ്റക്കാരന് രക്ഷപെടാനുള്ള രീതിയിൽ സാവകാശം സൃഷ്ടിക്കുന്നതുമാണ്.സ്കൂൾ ഓഫ് ഡ്രാമയിലെ മുഴുവൻ വിദ്യാർത്ഥികളും ഒറ്റക്കെട്ടായിനിന്നുകൊണ്ട് നീതിക്കുവേണ്ടി പോരാട്ടം തുടരുകയാണ്. ഈ വിഷയത്തിലേക്ക് ഉന്നത അധികാരികളുടെ ശ്രദ്ധയും സംരക്ഷണവും ഞങ്ങൾക്ക് ആവശ്യമാണ്.

Spread the love
English Summary: lecturer suspended from school of drama fro sexual assault

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick