Categories
alert

മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്ത്തുന്ന ഉത്തര്‍പ്രദേശ് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് !!! 5 വര്‍ഷത്തെ കണക്കുകള്‍ പറയുന്ന കഥകള്‍…

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ മാധ്യമ സ്വാതന്ത്ര്യം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കണക്കുകള്‍ പറയുന്നു.
2017-ല്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ 2022വരെ യുപി യില്‍ കൊല്ലപ്പെട്ടത് 12 മാധ്യമപ്രവര്‍ത്തകരാണ്. 48 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, 66 പേരെ അറസ്റ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്വേഷിക്കുന്ന സാമൂഹ്യപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട സ്വതന്ത്ര സമിതിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

thepoliticaleditor

2017 മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ യുപി യില്‍ 138 കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 78 ശതമാനവും കോവിഡ് കാലത്ത് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. 2021-21 കാലയളവിലാണ് മിക്ക സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ല്‍ 52 കേസുകളും 2021 ല്‍ 57 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് 2020ല്‍ ആണ്. 7 മാധ്യമപ്രവര്‍ത്തകര്‍ 2020ല്‍ മാത്രം കൊല്ലപ്പെട്ടു.

2017 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അല്‍പനാളുകള്‍ക്ക് ശേഷമാണ് ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ ലേഖകന്‍ നവീന്‍ ഗുപ്ത വെടിയേറ്റ് മരിക്കുന്നത്. ‘ദൈനിക് ജാഗരണ്‍’ പത്രത്തിന്റെ ലേഖകന്‍ രാജേഷ് മിശ്രയും വെടിയേറ്റ് മരിക്കുകയായിരുന്നു.

2018 -19 കാലയാളവില്‍ കൊലപാതങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍
2020 യുപിയിലെ മാധ്യമ സ്വതന്ത്ര്യത്തിന്റെ ഇരുണ്ട കാലമായി മാറി. രാകേഷ് സിംഗ്, സൂരജ് പാണ്ഡെ, ഉദയ് പസ്വാന്‍, രത്തന്‍ സിംഗ്, വിക്രം ജോഷി, ഫറാസ് അസ്ലം, ശുഭം മണി തൃപാഠി തുടങ്ങിയ 7 മാധ്യമപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തത്.

പ്രാദേശിക ലേഖകന്‍ ആയിരുന്ന രാകേഷ് സിംഗ് അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൊലചെയ്യപ്പെട്ടത്. അക്രമികള്‍ അദ്ദേഹത്തിന്റെ വീട് തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

മണല്‍ മാഫിയയെ പറ്റി തുറന്നെഴുതിയ ശുഭം മണി തൃപാഠി, ഭീഷണിയെതുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം ലഭിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം വെടിയേറ്റു മരിച്ചു.

പട്ടാപ്പകലാണ് വിക്രം ജോഷിയെ ഗാസിയബാദില്‍ വെടിവെച്ചിടുന്നത്. ടിവി ജേണലിസ്റ്റ് ആയ രത്തന്‍ സിങ്ങും വെടിയേറ്റാണ് മരിച്ചത്. ഉദയ് പസ്വാനെയും ഭാര്യയെയും ഒരു സംഘം അക്രമികള്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സൂരജ് പാണ്ഡെ എന്ന മാധ്യമപ്രവര്‍ത്തകനെ റെയില്‍വേ പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. പോലീസ്, ആത്മഹത്യ എന്ന് പ്രസ്താവിച്ചെങ്കിലും കുടുംബക്കാര്‍ നിഷേധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും അറസ്റ്റിലായി.
പോലീസിന് വിവരങ്ങള്‍ കൈമാറുന്ന ആളായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ഫറാസ് അസ്ലം. ഇതിന്റെ പേരിലാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.

2021 ലെ 2 കൊലപാതങ്ങളും രാജ്യ വ്യാകമായി ചര്‍ച്ച ചെയ്തവയാണ്.
പ്രധാപ്ഘട്ടിലെ പ്രാദേശിക മദ്യ മാഫിയയെപ്പറ്റി എഴുതിയിരുന്ന ‘സുലഭ് ശ്രീവാസ്തവ’ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ല.പരാതി നല്‍കി രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം കൊല്ലപ്പെട്ടു. സുലഭ് ശ്രീവാസ്തവയുടെ കൊലപാതകം അപകട മരണമാണെന്നാണ് പോലീസ് ഭാഷ്യം. യുപി പോലീസിന്റെ അനാസ്ഥയെ ചോദ്യം ചെയ്ത് ‘എഡിറ്റേഴ്‌സ് ഗിള്‍ഡ് ഓഫ് ഇന്ത്യ’ അന്ന് രംഗത്ത് വന്നിരുന്നു.

ലഖിംപൂര്‍ ഖേരിയില്‍ വെച്ച് കൊല്ലപ്പെട്ട രാമന്‍ കശ്യപ് ആണ് 2021 ലെ അവസാനത്തെ ഇര. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് തന്റെ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ആശിഷ് മിശ്രക്ക് കഴിഞ്ഞ ദിവസം ജാമ്യവും ലഭിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് സുധീര്‍ സൈനി എന്ന മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ തല്ലിക്കൊന്നത്.

നടന്ന കൊലപാതകങ്ങളെല്ലാം ആസൂത്രിതമായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

യുപി യില്‍ ദേഹോപദ്രവം ഏല്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണവും കുറവല്ല. ലഖ്നൗവിൽ വനിതാ മാധ്യമപ്രവര്‍ത്തകയെ കുത്തിപ്പരിക്കേല്‍പ്പിച്ച സാഹചര്യവും ശഹരന്‍പൂരില്‍ ബിജെപി നേതാവടക്കം മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ചികിത്സ തേടി.
2021 ലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിരിക്കുന്നതെന്ന് ‘കമ്മിറ്റി എഗനിസ്റ്റ് അസ്സോള്‍ട്ട് ഓണ്‍ ജേണലിസ്റ്റി’ന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. .

മിക്ക കേസുകളിലും പോലീസ് നിഷ്‌ക്രിയമായതായാണ് തെളിയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ പതിവാകുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
മാത്രമല്ല, സാമൂഹ്യ പ്രശ്‌നങ്ങള്‍ തുറന്ന് കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ് യുപി സര്‍ക്കാര്‍ ചെയ്തത്.

ഉച്ച ഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും കഴിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ വാര്‍ത്ത പുറത്ത് കൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതും, കോവിഡ് കാലത്തെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടി കാണിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതും ഇതിന് രണ്ടുദാഹരണങ്ങള്‍ മാത്രമാണ്.

വിവിധ നിയമ നടപടി ഉന്നയിച്ചുകൊണ്ട് പല പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കും നിരവധി നോട്ടീസുകളാണ് യുപി സര്‍ക്കാര്‍ അയച്ചിട്ടുള്ളത്. സിദ്ധാര്‍ഥ് വരദരാജന്‍, റാണ അയ്യൂബ് പോലുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി വേട്ടയാടപ്പെടുകയാണ്.

യുപി യില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

(everything is politics….read and share: thepoliticaleditor.com)

Spread the love
English Summary: commitee against assault on journalist revealed the number of journalists killed and assaulted in up during yogi's tenure

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick