Categories
exclusive

നെതര്‍ലാന്‍ഡില്‍ പോയി പഠിച്ച്‌ വന്നിട്ട്‌ എന്തുണ്ടായി എന്ന്‌ ആര്‍ക്കും അറിയില്ല…മുഖ്യമന്ത്രിയെ കുത്തി ചെറിയാന്‍ ഫിലിപ്പ്‌….”വിരുന്നുകാര്‍” പാര്‍ടിക്ക്‌ നല്‍കുന്ന പാഠമെന്ന്‌ സി.പി.എം.നേതാവ്‌

സെക്രട്ടറിയറ്റിന്റെ നോര്‍ത്ത്‌ ബ്ലോക്കില്‍ നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ കിടിലന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ മുന്‍ കോണ്‍ഗ്രസുകാരനായ, ഇരുപത്‌ വര്‍ഷമായി ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്‌ അനുഭവിച്ചിരുന്ന പിണറായി രക്ഷാകര്‍ത്തൃത്വ സുഖം ഇനി വേണ്ടെന്നു വെക്കുകയാണ്‌–പിണറായി വിജയനെ കടുത്തരീതിയില്‍ വിമര്‍ശിച്ച്‌ ചെറിയാന്‍ എഴുതിയ സമൂഹമാധ്യമക്കുറിപ്പോടെ സി.പി.എം.ബന്ധം അദ്ദേഹം വിടുകയാണെന്ന സൂചന ശക്തമായി. നേരത്തെ ഖാദിബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം നിരസിച്ചപ്പോള്‍ തന്നെ അകല്‍ച്ചയുടെ സൂചനയായി പലരും അതിനെ കണ്ടിരുന്നു.

ഫെയ്‌സ്‌ ബുക്കില്‍ ചെറിയാന്‍ ഇട്ട പോസ്‌റ്റ്‌ സര്‍ക്കാരിന്‍രെ ദുരന്ത നിവാരണ നടപടികളെയും സമീപനത്തെയും കഠിനമായി പരിഹസിക്കുന്നതാണ്‌. ഇത്‌ കോണ്‍ഗ്രസിന്‌ വലിയ ഊര്‍ജ്ജമായി മാറുന്ന ഒന്നായിത്തീരുമെന്ന്‌ ഉറപ്പാണ്‌. അടുത്ത കാലത്ത്‌ ഒരുഡസനോളം ഉയര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളെ സി.പി.എം. സ്വീകരിച്ച്‌ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ തിരിച്ച്‌ ഇതു വരെ സി.പി.എം. സഹയാത്രികനായ, വിശ്വസ്‌തനെന്ന്‌ വിലയിരുത്തപ്പെട്ട ചെറിയാന്‍ ഫിലിപ്പ്‌ സര്‍ക്കാരിനെയും പിണറായിയുടെ നയത്തെയും പരിഹസിച്ച്‌ പ്രതിപക്ഷ നേതാവിന്റെ അതേ സ്വരത്തില്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസിന്‌ വലിയ ആശ്വാസം നല്‍കിയേക്കും.

thepoliticaleditor

സിപിഎമ്മിൽ ഇപ്പോൾ ഒരു ചോദ്യം ഉയരുന്നു

ഇപ്പോള്‍ ഇടതു പക്ഷത്ത്‌ ഉയരുന്ന വേറൊരു ചോദ്യമുണ്ട്‌–കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മിലേക്ക്‌ സ്വീകരിച്ചിരുത്തി സ്ഥാനമാനങ്ങളും സര്‍ക്കാരില്‍ പദവികളും നല്‍കുന്ന നേതാക്കള്‍ നാളെ ചെറിയാനെപ്പോലെ തന്നെ അവസരം കുറയുമ്പോള്‍ തള്ളിപ്പറയുകയല്ലേ ചെയ്യുക എന്നതാണത്‌.

പതിനായിരക്കണക്കിന്‌ നല്ല നേതാക്കള്‍ സി.പി.എമ്മില്‍ ഉള്ളപ്പോള്‍ വിരുന്നു വന്നവര്‍ക്കായി സ്ഥാനമാനങ്ങള്‍ നല്‍കുന്ന പതിവില്‍ പൊതുവെ സഖാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസമുണ്ട്‌. എന്നാല്‍ അച്ചടക്കത്തിന്റെ മറയുള്ളതുകാരണവും, ഒപ്പം സ്ഥാനമോഹം എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുന്നതിനാലും,സര്‍വ്വോപരി പിണറായി വിജയന്റെ അപ്രിയത്തിന്‌ പാത്രമാകും എന്നതിനാലും എല്ലാവരും ഈ വിരുന്നുകാരായ കോണ്‍ഗ്രസ്‌ നേതാക്കളെ അംഗീകരിക്കുകയാണ്‌ ചെയ്‌തു വരുന്നത്‌. അവര്‍ക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ്‌ ചെറിയാന്‍ ഫിലിപ്പ്‌. കോണ്‍ഗ്രസ്‌ ഇത്‌ ചൂണ്ടിക്കാട്ടി സി.പി.എമ്മിലേക്ക്‌ പോകുന്ന നേതാക്കളോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കാനും സാധ്യതയുണ്ട്‌. കോണ്‍ഗ്രസിന്‌ ഭരണം തുടര്‍ച്ചയായി കിട്ടാത്ത സാഹചര്യത്തിലാണ്‌ പല കോണ്‍ഗ്രസ്‌ നേതാക്കളും സി.പി.എമ്മിലെത്തുന്നത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. പദവിയും അംഗീകാരവുമാണ്‌ അവരുടെ ജീവവായു. ഇത്‌ ഇല്ലാതാവുമ്പോള്‍ അവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയായി മാറാന്‍ മികച്ച സാധ്യതയുണ്ട്‌ എന്നതിന്‌ ചെറിയാന്‍ ഉദാഹരണമല്ലേ എന്നാണ്‌ സി.പി.എമ്മിലെ ഒരു വിഭാഗം ഇപ്പോള്‍ ചോദ്യമുയര്‍ത്തിയിരിക്കുന്നത്‌. പാര്‍ടിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍ മാറി നിന്ന്‌ ഇത്തരം വരത്തരെ അമിതമായി പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്ന്‌ പാര്‍ടിയെ ഓര്‍മിപ്പിക്കുന്ന, കണ്ണു തുറപ്പിക്കേണ്ട സംഗതിയാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ തരുന്ന പാഠം എന്ന്‌ ഒരു സി.പി.എം. നേതാവ്‌ രഹസ്യമായി പ്രതികരിച്ചു.

” അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം ഡാമുകള്‍ കൂടി തുറന്നു വിടുമ്പോള്‍ പല ജില്ലകളും വെള്ളത്തിലാകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.”–ഇതാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ എഴുതിയ കുറിപ്പിലെ സര്‍ക്കാരിനെ കണക്കറ്റ്‌ കുത്തുന്ന ഭാഗം. ദുരന്ത നിവാരണപ്രവര്‍ത്തനം നടത്താതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ണീര്‍ പ്രളയം നടത്തുന്നതിനെയും ചെറിയാന്‍ പരിഹസിച്ചു. നെതര്‍ലാന്‍ഡ്‌ മാതൃക പഠിക്കാന്‍ പോയി വന്നിട്ട്‌ എന്തായെന്ന്‌ ആര്‍ക്കുമറിയില്ല എന്ന്‌ തന്റെ രക്ഷാകര്‍ത്താവായി ചെറിയാന്‍ നേരത്തെ കണ്ടിരുന്ന പിണറായിക്കും ഇട്ടു കൊടുത്തു നല്ല കുത്ത്‌.

കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും, ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും എ-ഗ്രൂപ്പിന്റെ അച്ചടക്കമുള്ള അനുയായി ആയിട്ടും തന്നെ തീര്‍ത്തും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ ഇടതു സഹയാത്രികനായത്‌. എന്നാല്‍ ചെറിയാനെ സി.പി.എമ്മും അവഗണിച്ചതായി അദ്ദേഹത്തിന്‌ മനസ്സിലായി. ഒരു നിയമസഭാ ടിക്കറ്റ്‌ കൊടുക്കാമായിരുന്നിട്ടും കൊടുത്തതേയില്ല.

ഏറ്റവുമൊടുവില്‍ രാജ്യസഭാ സീറ്റ്‌ കിട്ടുമെന്ന്‌ മോഹിച്ചു. സി.പി.എം. സംസ്ഥാന നേതൃത്വം അത്‌ തീരുമാനിച്ചിരുന്നു എന്ന്‌ പറയുന്നു. എന്നാല്‍ കേന്ദ്രം ഇടപെട്ട്‌ അത്‌ എളമരം കരീമിനാണ്‌ നല്‍കിയത്‌. പക്ഷേ പിന്നീട്‌ വീണ്ടും ഒഴിവു വന്നു. ചെറിയാന്‌ നല്‍കാനുദ്ദേശിച്ചിരുന്നെങ്കില്‍ അപ്പോള്‍ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ സീറ്റ്‌ പോയത്‌ ജോണ്‍ ബ്രിട്ടാസിനായിരുന്നു. അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ചെറിയാന്‌ ഒന്നും നല്‍കിയില്ല. ഇതോടെയാണ്‌ സി.പി.എം.ബന്ധം അവസാനിപ്പിച്ച്‌ താന്‍ ഇനി രാഷ്ട്രീയ ബൃഹദ്‌ചരിത്രം എഴുതാന്‍ തുടങ്ങുകയാണെന്ന്‌ ചെറിയാന്‍ പ്രഖ്യാപിച്ചത്‌. ഖാദിബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം എന്ന എല്ലിന്‍കഷണം സി.പി.എം. ചെറിയാനെതിരെ നീട്ടിയപ്പോള്‍ അത്‌ നിരസിച്ചുകൊണ്ടായിരുന്നു ചെറിയാന്‍ രാഷ്ട്രീയ ചരിത്രരചനയെക്കുറിച്ച്‌ പറഞ്ഞത്‌. ഇപ്പോള്‍ പിണറായിയെ തന്നെ കടുത്ത രീതിയില്‍ പരിഹസിച്ചുകൊണ്ട്‌ തന്റെ നിലപാട്‌ കുറച്ചു കൂടി വ്യക്തമാക്കിയിരിക്കുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇത്രയും വിമര്‍ശിക്കാന്‍ ആ പക്ഷത്ത്‌ ഇനിയും നില്‍ക്കാനാഗ്രഹിക്കുന്ന ഒരാളും തയ്യാറാകില്ല എന്ന്‌ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തിനിടെ ചെറിയാന്‍ നടത്തുന്ന ആദ്യത്തെ ഇടതു വിമര്‍ശനവുമാണിത്‌ എന്നതു കൂടി ചേര്‍ത്തു വെച്ചാല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്കു തന്നെ ചായുകയാണോ എന്ന്‌ സംശയിക്കാനും വകയുണ്ട്‌.

Spread the love
English Summary: cheriyan philip makes a sharp cut on govts attitude in handling flood situation, redicules pinarayi vijayan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick