Categories
latest news

ഇത്‌ പറയാന്‍ മനോരമയ്‌ക്ക്‌ തന്നെ അര്‍ഹത… എം.സ്വരാജ്‌ പത്രത്തെ സമ്മതിക്കുന്നു, ഒരു കഥ വിശദീകരിക്കുന്നു

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിനെക്കുറിച്ച്‌ മലയാള മനോരമ എഴുതിയ വാര്‍ത്താ പരമ്പരയെക്കുറിച്ച്‌ സി.പി.എം. നേതാവ്‌ എം.സ്വരാജ്‌ പറയുന്നത്‌ ആ പരമ്പര എഴുതാന്‍ ഏറ്റവും അര്‍ഹതയുള്ള മാധ്യമം മലയാള മനോരമയാണ്‌ എന്നാണ്‌. പരമ്പരയുടെ ഉള്ളടക്കം വിലയിരുത്തുന്ന സ്വരാജിന്റെ വിമര്‍ശന ബുദ്ധി പഴയൊരു കഥയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മലയാള മനോരമയുടെ ഭാഗമായി ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ട ഒരു കഥയെ ചേര്‍ത്തു നിര്‍ത്തിയാണ്‌ സി.പി.എം.നേതാവ്‌ ആ പത്രസ്ഥാപനത്തിനാണ്‌ കേരളത്തില്‍ ബാങ്ക്‌ തട്ടിപ്പിനെക്കുറിച്ച്‌ പറയാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌ എന്ന വിമര്‍ശനം നടത്തുന്നത്‌.
സ്വരാജിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ വിശദമായി ഇവിടെ വായിക്കാം…

മനോരമയുടെ ബാങ്ക് തട്ടിപ്പ് പരമ്പരയെ കുറിച്ച് തന്നെയാണ്.
ആ പരമ്പരയിലുടനീളം തട്ടിപ്പിനോടുള്ള വിമർശനമോ എതിർപ്പോ അല്ല മുഴച്ചു നിന്നത്. സി പി ഐ എമ്മിനോടുള്ള വിരോധം തന്നെയായിരിന്നു. ആ ലേഖന പരമ്പരയിൽ എടുത്ത് ചേർത്തിട്ടുള്ളത് ഒരു അടയാളം ചെങ്കൊടിയാണ്. ചെങ്കൊടിയെയും പാർട്ടിയെയും എല്ലാം പരിഹസിക്കുക, അധിക്ഷേപിക്കുക, തട്ടിപ്പിന് കൊടിമറ എന്നാണ് പത്രം പറയുന്നത്.

thepoliticaleditor

തട്ടിപ്പിനെക്കുറിച്ച് പറയാൻ മനോരമ യോളം യോഗ്യത ഒരർത്ഥത്തിൽ മറ്റാർക്കും ഉണ്ടാവില്ല.
ഒരുപക്ഷേ കേരളത്തിൽ തന്നെ ആദ്യത്തെ ബാങ്ക് തട്ടിപ്പിന്റെ നേരവകാശികൾ മലയാള മനോരമയാണ്.
മലയാള മനോരമയുടെ പത്രാധിപരായിരുന്ന കെ സി മാമൻ മാപ്ലയാണ് 1912 ൽ ട്രാവൻകൂർ നാഷണൽ ബാങ്ക് ആരംഭിച്ചത്.

ശ്രീ സി പി മാത്തൻ ക്വയിലോൺ ബാങ്കും ആരംഭിച്ചു. ഈ രണ്ട് ബാങ്കുകളും ലയിച്ച് 1937 ൽ
ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.

വലിയ വാഗ്ദാനം കൊടുത്തു ജനങ്ങളിൽ നിന്നും വൻതുകകൾ നിക്ഷേപമായി സ്വീകരിച്ചു. തിരുവിതാംകൂറിന്റെ സ്റ്റേറ്റ് കോൺഗ്രസിൻറെ ജനറൽ സെക്രട്ടറിയെതന്നെ ബാങ്ക് നിയമ ഉപദേശകരുമായി. 12 ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു വാഗ്ദാനം.

ആളുകൾ പണം നിക്ഷേപിച്ചു.
എന്നാൽ വാഗ്ദാനം പാലിക്കാതെ പിന്നീട് പലിശ നാല് ശതമാനമായി വെട്ടിച്ചുരുക്കി. സ്വന്തക്കാർക്കും ബന്ധുക്കൾക്കും കോൺഗ്രസ് നേതാക്കന്മാർക്കും വാരിക്കോരി ലോൺ കൊടുത്തു. എല്ലാവരും, വന്ന പണം വീതിച്ചു എടുക്കുകയാണ് ചെയ്തത്.തുടർന്ന് അനിവാര്യമായ പ്രതിസന്ധി വന്നു,ബാങ്ക് പൊളിഞ്ഞു.

1938 ൽ സി പി മാമൻ മാത്തനും മറ്റുള്ളവരും അറസ്റ്റുചെയ്യപ്പെട്ടു. കോടതിയുടെ പരിശോധനകൾക്ക് ശേഷം എട്ടു കൊല്ലത്തെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. ജയിലിലടക്കപ്പെട്ടു, ജയിലിൽ കിടന്ന് ശ്രീ. കെ സി ഈപ്പൻ മരിച്ചു. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞതിനെ തുടർന്ന് കെ സി മാമൻ മാപ്പിള ജയിൽമോചിതനായി.
സി പി മാത്തൻ നേരിട്ട് മാപ്പ് പറയാതെ ഭാര്യയെക്കൊണ്ട് മാപ്പപേക്ഷ കൊടുത്ത് അദ്ദേഹവും പുറത്തുവന്നു.

ഇതുമാത്രമല്ല,

തട്ടിപ്പിന് നേതൃത്വം കൊടുത്തവരുടെ ബിസിനസുകളും സ്വത്തുക്കളും സർക്കാർ കണ്ടുകെട്ടി. അങ്ങനെ മലയാള മനോരമയും കണ്ടുകെട്ടി.ഇത് ചരിത്രത്തിൻറെ ഭാഗമാണ്.ബാങ്ക് തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ച ജയിലിലടക്കപ്പെട്ട കെ സി മാമൻ മാപ്ല, അതിന്റെ പേരിൽ പത്രം കണ്ടു കെട്ടിയ അനുഭവം.

പക്ഷേ,പിന്നീട് ഏറ്റവും കൗതുകകരമായ വസ്തുത, കൗതകരമായ വാർത്ത, ഇത് രണ്ടും തട്ടിപ്പിന്റെ തുടർനടപടികൾ ആണ് എന്നത് ഭംഗിയായി മറച്ചുവെച്ച് ധീരോദാത്തമായ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുത്തതിൻറെ പേരിൽ ജയിലിലടക്കപ്പെട്ടുവെന്നും, സ്വാതന്ത്ര്യ ദാഹമടക്കി നിർത്താനാവാതെ വാർത്ത എഴുതിയതിന്റെ പേരിൽ പത്രം പൂട്ടേണ്ടി വന്നുവെന്നും പ്രചരിപ്പിച്ചു. ആ പ്രചാരവേല ഇന്നും പലരും വിശ്വസിക്കുന്നുണ്ട്എന്നതാണ് കൗതുകം.

തട്ടിപ്പിന് ശിക്ഷിച്ച ജയിലിൽ പോവുകയും, തുടർന്ന് പത്രം പൂട്ടേണ്ടി വരികയും ചെയ്യേണ്ടി വന്നിട്ടും അതെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് എന്നു മേനിനടിക്കുന്ന ആളുകളിൽനിന്നും ഇത്തരം പരമ്പരകൾ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നതിൽ നമുക്ക് അത്ഭുതപ്പെടാനില്ല.

അവിടെയും തട്ടിപ്പ് അവസാനിക്കുന്നില്ല.

2005ലാണ് ഇന്റാഗ്രെറ്റഡ് ഫിനാൻസ് കമ്പനിയുടെ തട്ടിപ്പ് വലിയ വാർത്തയായി വരുന്നത്.
മലയാള മനോരമ മുൻകൈയെടുത്ത് ആറ് സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ടതാണ് ഇന്റാഗ്രെറ്റഡ് ഫിനാൻസ് കമ്പനി എന്ന ബ്ലേഡ് കമ്പനി.

അവിടെയും നിക്ഷേപകരുടെ പണം അടിച്ചു മാറ്റുകയാണ് ചെയ്തത്.

ആറ് സ്ഥാപനങ്ങളിൽ നാലും മനോരമ കുടുംബത്തിൽ തന്നെയുള്ള സ്ഥാപനങ്ങളുമാണ്. ക്വയിലോൺ ബാങ്ക് തട്ടിപ്പുകൾ മുതൽ ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് തട്ടിപ്പ് മുതൽ ഇന്റഗ്രട്ടെഡ് ഫിനാൻസ് കമ്പനി തട്ടിപ്പ് വരെ നടത്തി ജനങ്ങളെ കൊള്ളയടിച്ച, തട്ടിപ്പിന് ജയിലിൽ കിടക്കേണ്ടി വന്ന, ആ കേസിനെതുടർന്ന് സ്വത്തുക്കൾ കണ്ടു കെട്ടിയപ്പോൾ അച്ചടി നിർത്തേണ്ടി വന്ന മനോരമയ്ക്ക് സിപിഐഎമ്മിനെതിരെ ഇങ്ങനെ ഒരു പരമ്പര എഴുതാനുള്ള ധാർമിക അവകാശം ആരും ചോദ്യം ചെയ്യാൻ പാടില്ല.

Spread the love
English Summary: cpm leader m swaraj criticises malayala manorama

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick